Friday, March 25, 2011

ബോംബ് വീണ് മുറിവേറ്റ നാദാപുരത്തിന്റെ മനസ്സിന്...



          'നിങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവൃത്തിച്ചാലും ഇല്ലെങ്കിലും പൊട്ടാറായൊരു ബോംബ് നിഴലുപോലെന്നും നിങ്ങളെ പിന്തുടരുന്നുണ്ട്'!  ശുദ്ധരാഷ്ട്രീയത്തിന്റെ നല്ല കാലങ്ങള്‍ മറന്ന നമുക്ക് നാദാപുരത്തു നിന്നും വായിച്ചെടുക്കാനാവുന്നത് ഇങ്ങനെയാണ്.  സുരക്ഷിതമായ കുടുംബജീവിതത്തിന് ഒരു വീട്ടില്‍ ഒരു ബോംബെങ്കിലും വേണമെന്നായിരിക്കുന്നു നാദാപുരത്തിന്റെ ഇന്നത്തെ ചുറ്റുപാടുകള്‍.  ഉത്സവങ്ങള്‍ക്ക് മേനി കൂട്ടാന്‍ അമിട്ട് പൊട്ടിക്കുന്നതുപോലെ സമാധാനക്കമ്മറ്റികളുടെ എണ്ണം കൂട്ടാന്‍ ബോംബുകള്‍ നിര്‍ത്താതെ പൊട്ടുന്നു.  തൊട്ടതിനും പിടിച്ചതിനുമെല്ലാം കമ്മറ്റികള്‍ കൂടിക്കൂടി 'സമാധാനം' എന്ന വാക്കിനു തന്നെ സമാധാനം ഇല്ലാതായിരിക്കുന്നു.  വെറുതെ പാവം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നേതാക്കള്‍ ഒത്തു കൂടി അതിന് 'സമാധാനക്കമ്മിറ്റി' എന്നു പേരും കൊടുത്ത് ചായയും ബിസ്‌കറ്റും കഴിച്ച് സമാധാനത്തോടെ പിരിഞ്ഞുപോകുന്നു.  അപ്പോഴും 'സമാധാനം' എന്ന വാക്ക്  പുറംലോകം കാണാനാകാതെ നിഘണ്ടുവില്‍ കിടന്ന് വീര്‍പ്പുമുട്ടുന്നു.  അന്നു രാത്രി വഴിപാടുപോലെ വീണ്ടും പൊട്ടുന്നു ബോംബ്. 
               ഇതിന് ഒരു മാറ്റം വേണമെങ്കില്‍ നാദാപുരത്തിന്റെ മനസ്സു മാറണം.  പ്രശ്‌നങ്ങളുടെ തുടക്കത്തില്‍ ഒരു പോസ്റ്റര്‍ കീറുന്നത് 'മാര്‍കിസ്റ്റ് - ലീഗ്' എന്ന പേരിലാണെങ്കില്‍, രാത്രി ഇരുട്ടില്‍ ബോംബ് പൊട്ടുമ്പോഴേക്കും അത് 'ഓലും - ഞമ്മളും' ആയി മാറുന്നു.  നേതാക്കന്‍മാര്‍ക്ക് അത് രാഷ്ട്രീയമാണെങ്കില്‍ അണികള്‍ക്ക് വര്‍ഗ്ഗീയമാണ്.  പക്ഷേ അന്വേഷിച്ചാല്‍ അറിയാം സത്യം!  കലാപത്തിന്റെ അണിയറയില്‍ അണികള്‍ക്കു മാത്രമല്ല നേതാക്കള്‍ക്കും വര്‍ഗ്ഗീയ മനസ്സാണെന്ന്.  അതുകൊണ്ടായിരിക്കാം എത്രയെത്ര കമ്മറ്റികള്‍ കൂടിയിട്ടും 'സമാധാനം' എന്ന വാക്ക് പ്രവൃത്തിയിലെത്തുമ്പോള്‍ 'അസമാധാനം' എന്നാവുന്നത്...ബോംബുകള്‍ വീടുകള്‍ക്കുമേല്‍ വീണ്ടും വീണ്ടും വീണു പൊട്ടുന്നത്....
                     ഗ്രാമങ്ങളുടെ ഉള്‍പ്രദേശങ്ങളില്‍ സ്‌ഫോടനവും നിലവിളിയും ഉയരുമ്പോള്‍ സമാധാനം സമാധാനം എന്ന് ഒച്ച വെച്ച് നേതാക്കന്‍മാര്‍ ഒത്തുകൂടേണ്ടത് ടി.ബി.യിലും കലക്‌ട്രേറ്റ് ഓഫീസിലുമല്ല.  മറിച്ച് ഗ്രാമത്തിലേക്കിറങ്ങണം.  നാദാപുരത്ത് പ്രശ്‌നമുണ്ടാവുമ്പോള്‍ സമാധാനക്കമ്മറ്റിയില്‍ പങ്കെടുക്കേണ്ടത് ജില്ലാ നേതാവല്ല.  പകരം പ്രാദേശിക നേതാക്കളെ പങ്കെടുപ്പിക്കണം.  സമാധാന ദൂതുമായി പാര്‍ട്ടി മറന്ന്, കൊടി മറന്ന് വീടുകള്‍ കയറിയിറങ്ങണം.  ഗ്രാമങ്ങളുടെ ഹൃദയങ്ങളില്‍ സൗഹാര്‍ദ്ദാന്തരീക്ഷം ഉണ്ടാക്കണം.  പത്രങ്ങളില്‍ സമാധാനക്കമ്മറ്റിയെ കുറിച്ച് വലിയ അക്ഷരത്തില്‍ വാര്‍ത്ത വന്നതു കൊണ്ടു കാര്യമായില്ല, കലാപങ്ങള്‍ കൊണ്ട് മുറിവേറ്റ സാധാരണ മനുഷ്യരുടെ മനസ്സുകളില്‍ വേണം സമാധാനത്തിന്റെ വിത്തുകള്‍ പാകാന്‍....സമാധാനത്തിനുള്ള ശ്രമങ്ങള്‍ സ്വന്തം വീട്ടില്‍ നിന്നു തുടങ്ങണം.  പാര്‍ട്ടി ഓഫീസുകളില്‍- നമ്മളൊക്കെ മനുഷ്യരാണെന്നും, എവിടെ നിന്നായാലും ഉയരുന്നത് മനുഷ്യന്റെ സങ്കടങ്ങളാണെന്നും, നിലവിളികള്‍ക്ക് എപ്പൊഴും ഒരേ സ്വരമാണെന്നും ഉള്ള തിരിച്ചറിവ് നല്‍കുന്ന പ്രസംഗങ്ങള്‍ ഉണ്ടാവണം.  അണികളെ തിരുത്താന്‍ നേതാക്കള്‍ ആത്മാര്‍ത്ഥത കാണിക്കണം.  നേതാക്കളുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ അണികള്‍ക്ക് ധൈര്യം പകരണം.  എത്ര വലിയ രാഷ്ട്രീയ പ്രതിയോഗിയാണെങ്കിലും അപരന്റെ കണ്ണീരില്‍ ആഹ്ലാദപ്രകടനങ്ങള്‍ നടത്തുകയെന്ന അത്യന്തം നീജവും മനുഷ്യത്വ രഹിതവുമായ പ്രവണതകള്‍ പാടേ തുടച്ചു നീക്കണം.  പാര്‍ട്ടി സ്‌നേഹവും സമുദായ സ്‌നേഹവും തമ്മില്‍ കൂട്ടിക്കുഴക്കാതെ ആരോഗ്യകരമായൊരു രാഷ്ട്രീയാന്തരീക്ഷം വീണ്ടെടുത്ത് തിരിച്ചറിവിലൂടെയും തിരുത്തിലൂടെയും, കലാപ കലുഷിതമായ നാദാപുരത്തിന്റെ ആകാശം നമുക്ക് വീണ്ടെടുക്കണം.  ദൈവം അനുഗ്രഹിക്കട്ടെ.

എങ്ങോട്ട്...?

രാവിലെ
പുറപ്പെടാനൊരുങ്ങിയപ്പോള്‍
അമ്മ ചോദിച്ചു
നീയെങ്ങോട്ടാ..?
അത് അമ്മയുടെ
സ്‌നേഹമായിരുന്നു...
ഉച്ചയ്ക്ക്
ഊണു കഴിഞ്ഞ്
പുറത്തിറങ്ങമ്പോള്‍
ഭാര്യ മുരണ്ടു
നിങ്ങളെങ്ങോട്ടാ...?
ഒരു ഭാര്യയുടെ
അവകാശത്തിന്റെ മുരള്‍ച്ച...
വൈകുന്നേരം
പണിയൊക്കെ കഴിഞ്ഞ്
അങ്ങാടിയിലേക്കിറങ്ങുമ്പോള്‍
മകളാരാഞ്ഞു
അച്ഛനെങ്ങോട്ടാ...?
ഈ പ്രായത്തിന്
ഒരു കരുതല്‍...
ഒടുക്കം
ശ്വാസം നിലച്ച്
വെള്ള പുതച്ചെടുക്കുമ്പോള്‍
അടക്കിപ്പിടിച്ചൊരു ചോദ്യം
ഇയാളെങ്ങോട്ടാ...?
............

അഞ്ചു പാഠങ്ങള്‍

ജീവിതം
കണ്ണില്‍ തിളങ്ങുന്ന
തീക്കട്ടയും,
തലയില്‍ പൂക്കുടയുമായ്
അവന്‍...
ഒരു വേള
പെയ്തു തീരാത്തൊരു
തേങ്ങലായ്...
മറ്റൊരിക്കല്‍
മയില്‍പ്പീലികള്‍ കണക്കെ
ആയിരം വര്‍ണ്ണങ്ങള്‍ തീര്‍ത്ത്....

സ്വപ്നങ്ങള്‍
ജീവിതത്തീലേക്കിറങ്ങിപ്പോയ
ജീവനില്ലാത്ത വേരുകള്‍...
ശബ്ദഘോഷങ്ങള്‍ നിറഞ്ഞ
ഈ ലോകത്ത്
ഏറെ പണിപ്പെട്ട്
അമര്‍ത്തിപ്പിടിച്ച
ഒരു ഗദ്ഗദം പോലെ....

സ്‌നേഹം
വരുമെന്ന്
പലവട്ടം പറഞ്ഞിട്ടും
ഇനിയുമെത്തിച്ചേരാത്ത
അതിഥിയെപ്പോലെ.....,
വരണ്ടുണങ്ങിയ സ്വപ്നങ്ങളുടെ
അഴിയാക്കുരുക്കില്‍പെട്ട്
വിടരാന്‍ മടിക്കുന്ന
പുഞ്ചിരി....
അനുഭവങ്ങളുടെ
പൊള്ളുന്ന ചാട്ടവാറടിയില്‍
ഇനിയുമെത്ര.....?
''എപ്പോഴൊക്കെ സ്‌നേഹത്തെക്കുറിച്ച്
എഴുതാന്‍ ഞാന്‍ ശ്രമിച്ചുവോ,
അപ്പോഴൊക്കെ എന്റെ പേന
രണ്ടായിപ്പിളരുകയും
കടലാസ് കീറിപ്പോവുകയും ചെയ്തു'' #ജലാലുദ്ദീന്‍ റൂമി

അവള്‍
എന്റെ കരളിലുണ്ട്,
ഇരു മിഴികള്‍ക്കിടയില്‍...
കവിളില്‍...
ഇന്നും കിനാവുകള്‍ തുന്നി...
പാതി ഹൃദയത്തിലും
പാതി വാക്കിലും
മുറിഞ്ഞു കിടപ്പുണ്ട്...
കവിതയെഴുതുമ്പോള്‍
കടലാസിനും
തൂലികയ്ക്കും മദ്ധ്യേ
നിശബ്ദമായ് തേങ്ങുന്നുണ്ട്
അവളുടെ ഓര്‍മ്മകള്‍...
സിരകളില്‍, ലയിച്ചതും....
ലയിക്കാതെ പോയതും.....
എന്നും
ഓര്‍മ്മകളാണ് സുഖം!

മരണം
ജീവിതത്തിന്റെ
കിതപ്പുകള്‍ക്ക്
ഇനി വിശ്രമം...
പിന്നില്‍
ഇത്തിരിയെങ്കിലും
കണ്ണുനീര്‍ ബാക്കിയാക്കി
കാലങ്ങള്‍ക്കപ്പുറം
ഓര്‍മ്മയറ്റ്
മണ്ണിന്റെ സാന്ദ്രതയിലൂടെ
ഒരായിരമീണങ്ങളായ്....
ആണ്ടുകളുടെ
പകലറുതിയില്‍
മറ്റൊരു സൂര്യനായ്.......
ഓരോ കണ്ടുമുട്ടലുകളിലും
മരണത്തിന്റെ ഭാഷ
മുറിയാത്ത മൗനം....

Friday, March 18, 2011

കോന്തലയ്ക്കല്‍ കെട്ടിയ പിന്നെയും പിന്നെയും മധുരിക്കുന്നൊരു നെല്ലിക്ക.

പാട്ടോര്‍മ്മ:

ഞാനും യേശുദാസും ഒരുമിച്ചു പാടിയിട്ടുണ്ട്! അതെങ്ങിനെയെന്നു ചോദിച്ചാല്‍, യേശുദാസ് റേഡിയോയില്‍ പാടുമ്പോള്‍ കേള്‍ക്കുന്ന ഞാന്‍ ഒപ്പം പാടും!! ഇത് പഴയൊരു തമാശ.  പക്ഷേ, ഏതൊരു തമാശയിലുമുണ്ടാവും ഇത്തിരിയെങ്കിലും കാര്യം എന്നതുപോലെ എന്നെ സംബന്ധിച്ചിടത്തോളം തമാശയ്ക്കപ്പുറം ഇത് വലിയൊരു കാര്യമാണ്.  ചുരുക്കിപ്പറഞ്ഞാല്‍  ഒരു പാട്ട് ആസ്വദിക്കണമെങ്കില്‍ എനിക്കത് കേള്‍ക്കുന്നതോടൊപ്പം പാടുകയും വേണം.
കോളേജില്‍ പഠിക്കുന്ന കാലത്ത് ഇംഗ്ലീഷ് കവികളില്‍ ഏറ്റവും ഇഷ്ടം പി.ബി. ഷെല്ലിയോടായിരുന്നു.  യാഥാസ്തികതക്കെതിരെ പോരാടിയ, ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അങ്ങേയറ്റം സ്‌നേഹിച്ച, വ്യവസ്ഥാപിത ചട്ടക്കൂടുകളുടെ മുള്ളുവേലികള്‍ പൊളിച്ചെറിഞ്ഞ അദ്ദേഹത്തിന്റെ പ്രശസ്ഥമായൊരു ഉദ്ധരണിയുണ്ട്. "Our sweetest songs are those, that tell of saddest thought". ശരിക്കും പറഞ്ഞാല്‍ ഇത് കൊണ്ട് കവി ഉദ്ധേശിച്ചത്; 'കേള്‍വിക്കാരന്റെ സങ്കടങ്ങള്‍ പാടുന്ന പാട്ടുകളാണ് കേള്‍ക്കാന്‍ മാധുര്യമുള്ളതാവുക' എന്നാണ്.  പക്ഷേ, കവിത എഴുതിക്കഴിഞ്ഞാല്‍ കവി മരിക്കുന്നു എന്നും ബാക്കിയാകുന്ന കവിത പിന്നെ വായനക്കാരന്റേതാണെന്നും പണ്ടേതോ ഒരു നിരൂപകന്‍ പറഞ്ഞതു പ്രകാരം ഞാനതിന് എന്റേതായൊരു വ്യാഖ്യാനം കൊടുത്തു.  'അവനവനു വേണ്ടി അവനവന്‍ പാടുന്ന പാട്ടകളാണ് ലോകത്തിലേറ്റവും സുന്ദരമായ പാട്ടുകള്‍' എന്ന്. അതുകൊണ്ടുതന്നെ നമുക്കിഷ്ടപ്പെട്ട പാട്ടുകള്‍ ഏറ്റവും നന്നായി ആസ്വദിക്കണമെങ്കില്‍ നമ്മളു തന്നെ മൂളണം.  ഒരു യേശുദാസ് പാടിയാലും അതത്രയ്ക്കങ്ങ് മധുരിക്കില്ല.  ദൈവാനുഗ്രഹം കൊണ്ട് (എനിക്ക് പാടാനുള്ള കഴിവില്ലെങ്കിലും) പാടുന്നത് മറ്റുള്ളവര്‍ക്ക് അലോസരമുണ്ടാവാത്ത രൂപത്തില്‍ പാടാനുള്ള മാധുര്യമൊക്കെ എന്റെ ശബ്ദത്തിനുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നൊരു പാമരനാം പാട്ടുകാരനാണു ഞാന്‍.  പക്ഷേ, സുഹൃത്തുക്കള്‍ പലവട്ടം നിര്‍ബന്ധിക്കുമ്പോഴും അറിയാതെയെങ്കിലും പാടിപ്പോവാതിരിക്കാന്‍  ഞാന്‍ പ്രത്യകം ശ്രദ്ധിക്കുമായിരുന്നു. 'പാടിയ പാട്ടുകളേക്കാള്‍ പാടാത്ത പാട്ടുകള്‍ക്കാണ് മധുരം' എന്ന കീറ്റ്‌സിന്റെ വരികള്‍ മനസ്സിലുള്ളതുകൊണ്ടു തന്നെ സുഹൃത്തുക്കളുടെ സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധിക്കലുകള്‍ ഞാന്‍ തന്ത്രപരമായി മറ്റൊരു സമയത്തേക്കു മാറ്റിവെക്കും.  അറിയാതെയെങ്ങാന്‍ പാടിപ്പോയാല്‍ തീര്‍ന്നില്ലേ എല്ലാം.  'ഇവന്‍ പാടും' എന്ന വിശ്വാസം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴില്ലേ.!  പക്ഷേ, ബിരുദ പഠനത്തിന്റെ അവസാനവര്‍ഷംത്തിലെ അവസാന ദിവസം എനിക്കു പാടേണ്ടിവന്നു.  സത്യം പറഞ്ഞാല്‍, പാടാന്‍ വേണ്ടിയല്ല ഞാനന്നു പാടിയത്, പാടാതിരിക്കാന്‍ വയ്യാത്തതുകൊണ്ടാണ്.  മനസ്സിന്റെ എല്ലാ കണ്‍ട്രോളും താക്കോലും കൈവിട്ടുപോയ ആ വിടപറയല്‍ നേരത്ത് കല്ലാച്ചി ദ്രോണാചാര്യ കോളേജിന്റെ വളരെച്ചെറിയ ആ ക്ലാസ്മുറിയില്‍ ഇടറിയ സ്വരത്തില്‍ ഞാന്‍ പാടിയ ആ പാട്ട്, അതുവരെ ഒരു ക്രിത്രിമച്ചിരിക്കു പിന്നിലെവിടെയോ കണ്ണീരൊളിപ്പിച്ച് മിണ്ടാതിരുന്ന പലരിലും ഗദ്ഗദമുയര്‍ത്തിയെന്ന് ഞാനറിയുന്നുണ്ടായിരുന്നു. 
'യാത്രയാകുമീ ഹേമന്തം
നിലാവില്‍ മുങ്ങി നില്‍ക്കുമ്പോള്‍
ദേവദൂതരോ പാടുന്നു
വിലോല ലോല സംഗീതം....
........വെറുതെ വെറുതെ ഹൃദയം തഴുകി
ആരാരുമാറിയാത്തൊരനുരാഗമാം നൊമ്പരം....'
ആ പാട്ടുകേള്‍ക്കുമ്പോള്‍ അറിയാതെന്റെ മനസ്സ് ഇന്നും ആ ക്ലാസ്മുറിയിലേക്കോടിച്ചെല്ലും. 
പാട്ടോര്‍മ്മയില്‍ മറ്റൊരു പാട്ടുകൂടിയുണ്ട് എനിക്കു പങ്കുവെക്കാന്‍.  ആസ്വാദ്യമനസ്സില്‍ എന്നും
ഗൃഹാതുരത്വത്തിന്റെ നോവുകളുണര്‍ത്തിയ-
'ഓത്തുപള്ളീലന്നു നമ്മള്‍
പോയിരുന്ന കാലം
ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തു-
നില്‍ക്കയാണു നീലമേഘം....'
ഇന്നും പുതുമണം മാറാത്ത ഈയൊരു പാട്ടിന്റെ ഇഴപിരിച്ചുള്ള നിരൂപണമല്ല ഞാനിവിടെ ഉദ്ദേശിക്കുന്നത്.  എന്റെ പേരു തന്നെ ആ പാട്ടിനോട് ചേര്‍ത്തുവിളിക്കപ്പെട്ട കഥയെക്കുറിച്ചാണ്.  ഏതൊരു മലയാളിയേയും പോലെ ആ പാട്ട് എനിക്കും പെരുത്തിഷ്ടമായിരുന്നു.  പ്രത്യേകിച്ച് അതിലെ 'ഉപ്പുകൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്നു...' എന്ന വരി.  ഉപ്പിനും പച്ചമാങ്ങയ്ക്കുമിടിയില്‍ കുട്ടിക്കാലം പടര്‍ന്നുപന്തലിച്ച പഴയകാലത്തെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാത്ത പുതുതലമുറയുടെ തിരക്കുപിടിച്ച പാച്ചിലിനിടക്കും ഈ വരിയുടെ പച്ചപ്പ് വല്ലാത്തതാണ്.
ഡിഗ്രി കഴിഞ്ഞ് ബി.എഡിനു പഠിക്കുന്ന കാലം.  പാഠ്യേതര മേഖലയില്‍ എല്ലാവരും അവരവരുടേതായ എന്തെങ്കിലും 'നമ്പറുകള്‍' ഇറക്കേണ്ടത് കോഴ്‌സിന്റെ ഭാഗവും ഇന്റേണല്‍ മാര്‍ക്കിന് അത്യാവശ്യവുമായിരുന്നു. കോളേജിലെ ആര്‍ട്‌സ്‌ഫെസ്റ്റിന്റെ തലേദിവസം.  'എന്റെ വക എന്ത്'   എന്ന് ആലേചിച്ച് നടക്കുമ്പോഴാണ് 'ഓത്തുപള്ളി' യുടെ കരോക്കെ ഡിസ്‌ക് കിട്ടുന്നത്.  വി.ടി. മുരളി പാടി മനോഹരമാക്കിയ ആ പാട്ട് ഞാന്‍ കരോക്കെയുടെ സഹായത്താല്‍ പാടാന്‍ ശ്രമിച്ചു.  എത്ര ശ്രമിച്ചിട്ടും ഞാന്‍ പാടുന്നത് മ്യൂസിക്കിനൊപ്പമാവുന്നില്ല.  എന്റെ പാട്ടിനൊപ്പം മ്യൂസിക്കിന് എത്താനാവുന്നില്ല എന്നു പറയുന്നതാവും ശരി.  പക്ഷേ ഒരു വാശിപ്പുറത്ത് അന്നു രാത്രി ഞാന്‍ മ്യൂസിക്കിനൊപ്പം പാടിപ്പഠിച്ചു.
പിറ്റേറ്റ് വിറച്ചുകൊണ്ട് ഞാന്‍ സ്റ്റേജില്‍ കയറി.  പാടാനറിയുന്ന കിളികള്‍ മാത്രം പാടിയാല്‍ പോരല്ലോ; അങ്ങനെയായിരുന്നെങ്കില്‍ നമ്മുടെ കാടുകളൊക്കെ പണ്ടെന്നോ നിശബ്ദമായിപ്പോകുമായിരുന്നില്ലേ! എന്ന തോന്നല്‍ എനിക്ക് ധൈര്യം തന്നു.  ജീവിതത്തില്‍ ആദ്യമായിട്ടാണ് പാട്ടുപാടാനായി സ്റ്റേജില്‍ കയറുന്നത്.  മ്യൂസിക് വരുന്ന ഭാഗങ്ങളും, മ്യൂസികും പാട്ടും ഒരുമിച്ചു വരുന്ന ഭാഗങ്ങളും കൃത്യമായി എഴുതിയും വരച്ചും വെച്ച ഒരു കടലാസ് എന്റെ കയ്യിലുണ്ടായിരുന്നു.  ആസ്വാദനത്തിന്റെ പുതുഭാഷയില്‍ ഞാന്‍ കണ്ണുമടച്ച് മനം നിറഞ്ഞുപാടി.  പാടിക്കഴിഞ്ഞപ്പോള്‍ നിറഞ്ഞ കയ്യടി.  'പാട്ട് നന്നായി', എല്ലാവരും തോളില്‍തട്ടി പറഞ്ഞു.  എന്നിലുമുണ്ടായിരുന്നു ഉറങ്ങിക്കിടക്കുന്നൊരു പാട്ടുകാരന്‍ എന്ന് ഞാനും തെല്ലിട ആഹ്ലാദിക്കാതിരുന്നില്ല.  നടാടെ പാട്ടിയ ആ പാട്ട് നന്നായപ്പോള്‍ 'ഞമ്മളെ ഓത്തുപള്ളി' എന്ന് പലരും സ്‌നേഹത്തോടെ കളിയാക്കിത്തുടങ്ങി.  അങ്ങനെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇന്റേണല്‍ മാര്‍ക്കിലേക്ക് ഈ 'ഓത്തുപള്ളി' എനിക്കൊരു കൈത്താങ്ങായി.
മറ്റൊരു പാട്ടും ഞാന്‍ പാടിയാല്‍ നന്നാകില്ല എന്ന തോന്നലുകൊണ്ടോ, വേറൊന്ന് പാടാനുള്ള ധൈര്യമില്ലാത്തതുകൊണ്ടോ എന്താണെന്നറിയില്ല, പിന്നീട് കിട്ടിയ പല വേദികളിലും ഞാനെന്റെ 'ഓത്തുപള്ളി'യെ ഓര്‍ത്തുകൊണ്ടേയിരുന്നു. 
ഇപ്പോഴും, പാട്ടുകേള്‍ക്കുക എന്നതിനപ്പുറം പാട്ടുപാടുക എന്ന തോന്നലുണ്ടാവുമ്പോള്‍ എന്റെ മനസ്സില്‍ ഓടിയെത്തുക 'ഓത്തു പള്ളി'യിലെ മൊല്ലാക്കയും ചൂരലും നെല്ലിക്കയുമൊക്കെയാണ്.  ഇനിയുമൊരുപാട് പാട്ടുകള്‍ പാടിപ്പഠിച്ചാസ്വദിക്കണമെന്നുണ്ട്.  പക്ഷേ, പാടാനോര്‍ത്തരാ മധുരിത ഗാനങ്ങളൊന്നും പാടാനെനിക്കിതേവരെ ധൈര്യം മതിയായിട്ടില്ല.  നിറയെ പാട്ടുകള്‍ പൂത്തുലഞ്ഞ കാലമെങ്കിലും നിറയാത്തതാവുന്നു എന്റെ പാട്ടുപെട്ടി.
If winter comes can spring be far behind..?

ജീവിതം

(കവി എ. അയ്യപ്പന്...)

എത്ര ദൂരമെന്നില്ല
കിഴക്കില്ല പടിഞ്ഞാറില്ല.
പച്ച, ചുവപ്പ്, നീല
നിറങ്ങളേതുമില്ല.
രാവില്ല
പകലില്ല.
ഉടുപ്പില്ല
കിടപ്പില്ല.
കിണറില്ല
കടലില്ല.
വീടില്ല
തൊടിയില്ല.
കനവില്ല, നിനവില്ല.
ഓര്‍മ്മയില്‍ സ്‌നേഹമര്‍മ്മരമില്ല.
ഇടക്ക്, കവിത പൂക്കുന്ന കണ്ണീരുമാത്രം....

അയല്‍പക്കം


സമയം രാത്രി 2 മണി.  നാടുറങ്ങിയിട്ടും
കരീമിന്റെ വീട്ടില്‍ ഇതുവരെ ലൈറ്റണഞ്ഞിട്ടില്ല.  
പെട്ടന്നൊരു ശബ്ദം...ഒരു കൂട്ടക്കരച്ചില്‍....
കാതോര്‍ത്തപ്പോള്‍ അയല്‍വീട്ടില്‍ നിന്നാണ്.
കരീം ചാടിയെഴുന്നേറ്റ് ശബ്ദം കേട്ട 'ാഗത്തേക്ക്
ഓടാനൊരുങ്ങുകയാണ്. 
വാതില്‍ തുറക്കാനോങ്ങിയ അവന്റെ പിന്നില്‍ ഒരു പിടുത്തം. 
പതിഞ്ഞ സ്വരം: “എന്താന്നറിയാന്‍ ഇപ്പത്തന്നെ പോണംന്നില്ല. 
നേരം ബെള്ക്കട്ടെ, മാധ്യമത്തിലോ മനോരമേലോ ണ്ടാവും....'
ഒന്നു കുതറാന്‍ ശ്രമിച്ചെങ്കിലും കരീം അനുസരണയോടെ
കട്ടിലില്‍ ചേര്‍ന്നു കിടന്നു.
ഒരട്ടഹാസവും അവരുടെ രാത്രിയെ ശല്യപ്പെടുത്തിയില്ല.!

ഒരാമുഖക്കുറിപ്പ്


റബ്ബുല്‍ ആലമീനായ തമ്പുരാന്റെ അതിവിശാലമായ ഈ ഭൂമിയില്‍ എല്ലാ പടപ്പുകള്‍ക്കുമുണ്ട് അവനവന്റേതായ ഒരിടം.  അന്വേഷിച്ച് കണ്ടെത്തുന്നതുവരെ ആ ഒരിടം നമ്മുടെ കാഴ്ചയില്‍ നിന്നും അകന്നു തന്നെ നില്‍ക്കും.  അത്രയൊന്നും വിശാലത അവകാശപ്പെടാനില്ലാത്ത ഇത്തിരിപ്പോന്നൊരീ ജീവിതത്തില്‍ സാമൂഹ്യപരമായും പ്രകൃതിപരമായും 'തന്റേതായ ഒരിടം' കണ്ടെത്തുമ്പോഴാണ് ഒരാള്‍ ശരിക്കും തന്റേടിയാവുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു, മനസ്സിലാക്കുന്നു.  ഇടപെടലുകളുടെ സാഹിത്യത്തിലും ഭാഷയിലും എനിക്കുമുണ്ട് എന്റേതായ ഒരു അര സെന്റ്.  ഭാഷയും ആശയവും ആരോഗ്യവും ഫലപ്രദമായും സമയബന്ധിതമായും ഉപയോഗിക്കുമ്പോഴാണല്ലോ ഒരാള്‍ സാമൂഹ്യജീവിതത്തില്‍ ഇടപെടുന്നു എന്നു പറയാനാവുക.  കാഴ്ചയില്‍ നിന്നും ഒളിച്ചുകളിക്കുന്ന ആ ഒരിടത്തെ വ്യക്തമായ കാഴ്ചപ്പാടോടെ ജീവിതത്തോടു ചേര്‍ത്തുപിടിച്ച് നടന്നു തുടങ്ങുമ്പോള്‍ മടികൂടാതെ (നെഞ്ചുവിരിച്ച്) എനിക്കു പറയാം ഞാനും ലക്ഷണമൊത്തൊരു 'തന്റേടി'യാണെന്ന്.!   ആ 'ഒരിട'മാണ് ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ വരച്ചുവെക്കുന്നത്. 
തികച്ചും എന്റേതു മാത്രമായ ഈയൊരു ലോകത്ത്, ഈയൊരിടത്തില്‍ വളരെ സ്വകാര്യമായിത്തന്നെ ഞാന്‍ ഞാനാവാന്‍ ശ്രമിക്കും.  അതുകൊണ്ടുതന്നെ പോരായ്മകള്‍ ഏറെ കാണും.  ഇവിടെ വായിക്കപ്പെടുന്നത് എന്റെ മാത്രം തോന്നലുകളായിരിക്കും.  ആ തോന്നലുകള്‍ അക്ഷരക്കൂട്ടങ്ങളായൊരുങ്ങെ പലപ്പോഴും നിങ്ങളതില്‍ ജീവിതം കണ്ടേക്കാം....ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍...കാണാക്ഷതങ്ങള്‍...ഭാരങ്ങള്‍ പേറും ദേശാടനങ്ങള്‍...അടഞ്ഞുപോയ വാതായനങ്ങള്‍...അകന്നുപോയ തീരങ്ങള്‍..മോഹങ്ങള്‍ മോഹഭംഗങ്ങള്‍....പ്രതീക്ഷകള്‍ സ്വപ്നങ്ങള്‍....പ്രണയം സൗഹൃദം....പിന്നെയുമെന്തൊക്കെയോ....! ഒത്തിരിയൊന്നും ഇടമില്ലാത്ത ഈ 'ഒരിട'ത്തിലേക്ക് അക്ഷരങ്ങളെ സ്‌നേഹിക്കുന്ന, വളര്‍ച്ചയുടെ വഴികളില്‍ വാക്കുകൊണ്ടെങ്കിലും ഒരു കൈ സഹായിക്കാന്‍, സാഹിത്യപാതയിലെ ആര്‍ദ്രസുഗന്ധം തിരിച്ചറിയുന്നാരിളം കാറ്റുപോലെ പ്രിയ വായനക്കാരാ.......കാണാത്ത നോവിന്റെ ആഴങ്ങളിലേക്കൊരു കണ്ണായ് കൂടെ നിങ്ങളുമുണ്ടാവണം.

ഉടയതമ്പുരാന്‍ അനുഗ്രഹിക്കട്ടെ.

GRAMAM...

thirike vilikkunnu gramam...