Thursday, December 13, 2012

തെറി മലയാളം





ദൈവത്തിന്റെ സ്വന്തം നാടെന്നും നാട്ടുകാരെന്നും പറഞ്ഞുനടക്കുന്ന മലയാളികളുടെ സാംസ്‌കാരികമൂല്യം പരിതാപകരമായി തകര്‍ന്നുകൊണ്ടിരിക്കുന്ന നടപ്പുകാലത്തില്‍  മലയാളത്തിന്റെ 'സാംസ്‌കാരികസമ്പന്നത'യുടെ ഒരു 'ട്രെയ്ന്‍' അടയാളത്തെ കുറിച്ചു പറയാനാണ് ഈ കുറിപ്പ്. കേരളത്തിലൂടെ ഓടുന്ന മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് ഏകദേശം ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലൂടെയും സഞ്ചരിക്കുന്നുണ്ട്.  ആ ട്രെയിനിലെ എ.സി കംപാര്‍ട്ടുമെന്റു മുതല്‍ ലോക്കല്‍ കംപാര്‍ട്ടുമെന്റു വരെയുള്ള എല്ലാ ടോയ്‌ലെറ്റുകളിലും ചുവരുകളില്‍ തെറിവാക്കുകള്‍ എഴുതിവെച്ചിട്ടുണ്ട് മലയാളത്തില്‍ ....! മലയാളമെന്ന
മഹത്തായ ഭാഷയുടെയും കേരളമെന്ന സുന്ദരനാടിന്റെയും സാംസ്‌കാരിക സമ്പന്നതയെക്കുറിച്ച്  ഇന്ത്യ മുഴുക്കെ അറിയുമല്ലോ....!!

Wednesday, December 12, 2012

മണ്ണിന്റെ ഉപ്പ്




പിറന്ന മണ്ണില്‍ നിന്നെത്ര ദൂരം
പിടിവിട്ടോടി മറഞ്ഞു നാം?
എങ്ങു നിന്നോ നിറകുടമേന്തി-
വന്നീ മണ്‍ചെരാതില്‍
കണ്ണെത്താ ദൂരത്തോളം
മനസ്സു പഴുത്തു കിടന്നു..?
കൗമാരം കണ്‍മിഴിച്ചപ്പോള്‍
നമ്മളോരോരുത്തരും
സ്വയം മറന്നെന്തൊക്കെയോ
ഊതി വീര്‍പ്പിച്ചതല്ലേ...
പുതിയാതായനേകം നോവുകളാല്‍
പുളയും നെഞ്ചില്‍
ഘോഷവും ഞരക്കവു-
മിഴചേര്‍ന്നു കിടക്കവെ,
ചിരിച്ചും ചിരിപ്പിച്ചും കഴിഞ്ഞവര്‍
തൂവെള്ളത്തുണിയില്‍
മിണ്ടാതുറങ്ങുന്നതെത്രയോ
കണ്ടതല്ലേ നാം..?
ആരറിയുന്നു...
ആയിരം കണ്ണുകള്‍
ഒരുമിച്ചു മിഴിച്ചാലും
കാട്ടുതീപോലെ
പൊട്ടിത്തെറിച്ചിട്ടീ നമ്മളു-
മൊരുനാളീ മണ്ണിലുപ്പായലിയും....

ശൈത്യം


കവിത
(കമലാദാസിന്റെ കവിതയുടെ -WINTER  എന്ന ആംഗലേയ കവിതയുടെ
-സ്വതന്ത്രമായ മൊഴിമാറ്റം)

ശൈത്യം

ഒരു പുതുമഴയുടെ ഗന്ധം...
ഒരിളം മുകുളമായ്
മണ്ണില്‍ ഒരു ചെടി പിറവിയെടുക്കുന്നു.
അതിന്റെ അഭിനിവേശം
ഒരു വേരിനായ്
ഇരുട്ടില്‍ തപ്പിത്തടയുന്ന
ഭൂമിയുടേതു കൂടിയാണ്.
എവിടെയെങ്കിലും വെച്ച്
ഒരുനാളെന്റെ ആത്മാവും
ഈ വേരുകള്‍ക്ക് ഭക്ഷണമാവും.

ശൈത്യകാല സായന്തനങ്ങളില്‍
തണുത്ത കാറ്റില്‍
അടക്കിപ്പിടിച്ച് ചിരിക്കുന്ന
വെളുത്ത ജനല്‍ച്ചില്ലുകള്‍ക്കു പിന്നിലും
ഒരു നാണക്കേടുമില്ലാതെ
ഞാനവന്റെ ശരീരത്തെ പ്രണയിച്ചു.

ചോക്ക്‌പൊടി/ ഒമ്പതാം ക്ലാസ്സിലെ രമ്യ


ചോക്ക്‌പൊടി

ഒമ്പതാം ക്ലാസ്സിലെ രമ്യ

2007ല്‍ അധ്യാപക പരിശീലനം കഴിഞ്ഞ് സര്‍ട്ടിഫിക്കേറ്റ് കിട്ടുന്നതിനും മുമ്പേ ഞാന്‍ ഒരു എയ്ഡഡ് ഹൈസ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്നു.  മറ്റൊരധ്യാപകന്റെ ലീവിലേക്ക് ദിവസക്കൂലിക്കായിരുന്നു ഞാന്‍ അവിടെ ഇംഗ്ലീഷ് അധ്യാപകനായി എത്തിയത്.  ഒരെട്ടു മാസത്തോളം ഞാനവിടെ അധ്യാപകനായി തുടര്‍ന്നു.  'ഡെയ്‌ലി വെയ്ജസ്' ആണെങ്കിലും മാസം തികയുമ്പോള്‍ ട്രഷറി വഴി കിട്ടുന്ന സര്‍ക്കാര്‍ ശമ്പളത്തിന്റെ ഒരു സുഖം ജീവിതത്തില്‍ ആദ്യാനുഭവമായിരുന്നു.  എട്ട് മാസം എന്നത് വളരെ കുറഞ്ഞ കാലമാണെന്നറിയാം.  എങ്കിലും ആ ചുരുങ്ങിയ കാലത്തിനിടയില്‍ ഒരു ഹൈസ്‌കൂള്‍ അധ്യാപകനുണ്ടാവാനിടയുള്ള സ്‌കൂള്‍ അനുഭവങ്ങള്‍ എന്നെ ത്രസിപ്പിച്ചിട്ടുണ്ട്.  ജോലി തുടങ്ങി മൂന്നാം ദിവസം തന്നെ ഹെഡ്മാഷ് എനിക്ക്  ഒമ്പത് ഐ-യുടെ ക്ലാസ്സ് ചാര്‍ജും തന്നു.  അങ്ങനെ നാല്പതോളം അംഗങ്ങളുള്ള ഒരു ക്ലാസിന്റെ രക്ഷാധികാരി ഞാനായി.  ബി.എഡ്. കോഴ്‌സിന്റെ ഭാഗമായ 40 ദിവസത്തെ ടീച്ചിംഗ് പ്രാക്ടീസിനിടയില്‍ വീണുകിട്ടിയ അനുഭവങ്ങള്‍ മാത്രമുള്ള ഒരാളായിട്ടും ക്ലാസ്സധ്യാപകന്റെ റോള്‍ മാക്‌സിമം പ്രൊഫഷണലാക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്.
സ്‌കൂളില്‍ കൊല്ലപ്പരീക്ഷയുടെ സമയമായി.  പരീക്ഷ കഴിഞ്ഞ് ഉത്തരക്കടലാസുകള്‍ മൂല്യ നിര്‍ണ്ണയം നടത്തി മാര്‍ക് ലിസ്റ്റുകള്‍ ക്ലാസധ്യാപകരുടെ കൈകളിലെത്തി.  എന്റെ ക്ലാസ്സില്‍ മൊത്തം ആറ് കുട്ടികള്‍ തോറ്റിരിക്കുന്നു.  മൂന്ന് ആണ്‍കുട്ടികളും, മൂന്ന് പെണ്‍കുട്ടികളും.  വളരെ കുറഞ്ഞ മാര്‍ക്കിന് ഒരു വിഷയത്തില്‍ തോറ്റതിന്റെ പേരില്‍ മാത്രം ഒമ്പതാം ക്ലാസ്സ് കടമ്പ കടക്കാത്ത ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും എന്റെ മോഡറേഷനില്‍ ജയിച്ചു കയറി.  മറ്റ് നാലുപേരുടെ കാര്യത്തില്‍ ഒരഡ്ജസ്റ്റ്‌മെന്റും നടക്കില്ലായിരുന്നു.  അക്കൂട്ടത്തില്‍ ഒരാളായിരുന്നു രമ്യ.  പഠനത്തില്‍ അല്പം പിറകോട്ടാണെങ്കിലും ക്ലാസ്സില്‍ നല്ല അച്ചടക്കമുള്ള ഒരു പാവം കുട്ടി. ക്ലാസ്സിലായാലും പുറത്തായാലും എപ്പോഴും ചിരിച്ചു കൊണ്ടേ ഞാനവളെ കണ്ടിട്ടുള്ളൂ.
റിസള്‍ട്ട് വന്നപ്പോള്‍ വിജയികളുടെ കൂട്ടത്തില്‍ പേരു കാണാത്തതു കൊണ്ടാവാം.  രമ്യ എന്നെ ഫോണില്‍ വിളിച്ചു.  'സാര്‍, ലിസ്റ്റില്‍ എന്റെ പേരില്ല'.  'കുട്ടീ നീ തോറ്റിരിക്കുന്നു' എന്നെനിക്കു പറയാന്‍ കഴിയുമായിരുന്നില്ല.  സ്‌കൂളിലേക്കു വരാം എന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.  വിജയിക്കുമെന്ന് അത്രയ്ക്കവള്‍ക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നിരിക്കാം.  അതുകൊണ്ടായിരിക്കാം, ലിസ്റ്റില്‍ പേരു കാണാതായപ്പോള്‍ ആകാംക്ഷയോടെ അവളെന്നെ വിളിച്ചത്.  എന്ന് മനസ്സില്‍ കണക്കു കൂട്ടി രണ്ട് ദിവസം കഴിഞ്ഞ് ഞാന്‍ സ്‌കൂളിലേക്കു പോയി.  ഹെഡ്മാഷെ കണ്ട് റെക്കോര്‍ഡ് ബുക്ക് എടുത്ത് നോക്കിയപ്പോഴാണ് ഞാന്‍ സത്യമറിഞ്ഞത്.  ആ കുട്ടി കഴിഞ്ഞ വര്‍ഷവും അതേ ക്ലാസ്സില്‍ തോറ്റതായിരുന്നു.  എന്റെ മനസ്സ് വല്ലാതെ സങ്കടപ്പെട്ടു.  ഒന്നിച്ചിരുന്ന് ഫൈനല്‍ റിസല്‍ട്ട് ചാര്‍ട്ട് ചെയ്യുമ്പോള്‍ ഏതെങ്കിലും സഹാധ്യാപകന് പറഞ്ഞ് തരാമായിരുന്നു-അവള് ഒരു വര്‍ഷം തോറ്റതാണെന്ന്..എങ്ങനെയെങ്കിലും ജയിപ്പിച്ചേക്കെന്ന്......
മൂന്നാം വര്‍ഷവും ഒരേ ക്ലാസ്സില്‍ തന്നെ പഠിക്കാനിരിക്കേണ്ട ദുര്‍ഗതി വന്നപ്പോള്‍ ആ കുട്ടി ക്ലാസ്സ്മാഷെ ശപിച്ചിട്ടുണ്ടാവുമോ...?  എന്നെ വല്ലാതെ നിസ്സഹായനാക്കിയ ആ സംഭവം ഓര്‍ക്കുമ്പോള്‍ ഇപ്പോഴുമുണ്ട് മനസ്സിനുള്ളില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തൊരു നീറ്റല്‍...എന്നോട് ക്ഷമിക്കു കുട്ടീ...എനിക്കറിയില്ലായിരുന്നു....

GRAMAM...

thirike vilikkunnu gramam...