Monday, December 30, 2013

പാതകള്‍

പാതകള്‍

മനുഷ്യന്റെ പാദങ്ങള്‍
പതിഞ്ഞ് പതിഞ്ഞ്
മണ്ണില്‍
എത്രയെത്ര പാതകളാണ്
സ്വയം ഉണ്ടാകുന്നത്..

എത്രതന്നെ തെറ്റിയാലും
ഏറെദൂരം
കറങ്ങിത്തിരിഞ്ഞു ചെന്നാലും
അവിടെയുമുണ്ടാകും
കാത്തിരിപ്പുതെറ്റാതെ
ഒരു വരി കാല്‍നടപ്പാത..

ഇനിയുമെത്ര പാതകളാണ്
ഒരു കാല്‍പ്പെരുമാറ്റത്തിനുപോലും
ഇടം കൊടുക്കാതെ
മണ്ണിനടിയില്‍
ഒളിച്ചുനടക്കുന്നത്...

പരസ്പരം

പരസ്പരം

മൊഴിയാല്‍
പകരാന്‍ കഴിയാത്തത്
ഒരു ചിരികൊണ്ടെഴുതി
അവള്‍...
പിന്നെയെങ്ങിനെയോ
അവളറിയാതെ
അവനുമറിയാതെ
ആ ചിരി
മനസ്സകങ്ങളില്‍
വീണു ചിതറി.
അന്നുമുതലാണ്
കാണുന്നതിലെല്ലാം
കവിത പൂക്കാന്‍
തുടങ്ങിയത്.

GRAMAM...

thirike vilikkunnu gramam...