Sunday, September 21, 2014

അകാലത്തില്‍ പൊലിഞ്ഞുപോയ നാട്ടുകാരനായ നേതാവിന്റെ സ്മരണയില്‍..



ജനനം മുതല്‍
താങ്കളോടൊപ്പമുണ്ടായിരുന്നു
നാടിനുവേണ്ടി
സമുദായത്തിനുവേണ്ടി
സ്വന്തം കുടുംബത്തിനുവേണ്ടി
ഇടനെഞ്ചിലൊരു
കരുതല്‍..

സ്വന്തം കൈവെള്ളയിലെ
രേഖകള്‍
സ്വന്തം നാടിന്റെ വേരുകളാക്കി
നന്മയുടെ പ്രവര്‍ത്തനങ്ങളാക്കി
മൗനത്തിന്റെ അറകള്‍ ഭേദിച്ച്
അധികാര ധിക്കാരക്കെട്ടുകള്‍
പൊട്ടിച്ച്
അന്യായത്തിനെതിരെ
ഉച്ചത്തില്‍ ശബ്ദിച്ചു നീ..

തെരുവിന്റെ ഇടനാഴിയില്‍
ഉച്ചത്തില്‍ മുഴങ്ങുത്
ഇും നിന്റെ ശബ്ദമാണ്.
കാലത്തിന്റെ ചുമരിലെ
ഓരോ ചിത്രങ്ങളും
'പച്ച'യില്‍ പൊതിഞ്ഞ്
ഊര്‍ജ്ജസ്വലതയുടെ,
ഉറച്ച പ്രതീക്ഷകളുടെ
പൂക്കള്‍ നിറച്ച്
പൊതുപ്രവര്‍ത്തനത്തിന്റെ
ഊക്കന്‍ മാതൃകകള്‍ കാണിച്ച
നീയിന്നും നാടിന്റെ മനസ്സകങ്ങളില്‍
ജ്വലിച്ചു നില്‍ക്കുന്നു...

ഒടുവില്‍
നിനയ്ക്കാത്ത നേരത്തൊരു
വ്യാധി വ്
ജഗിയന്ഥാവിലേക്ക്
കൂട്ടിക്കൊണ്ടുപോയപ്പോള്‍
തേങ്ങിയതൊരു
നാടിന്റെ ഉള്ളാണ്...
പിടഞ്ഞതൊരു
വീടിന്റെ നെഞ്ചാണ്...
കരഞ്ഞുകലങ്ങിയത്
പിഞ്ചുകണ്ണുകളാണ്...

പിന്നിലൊരായിരമോര്‍മ്മകള്‍
ബാക്കിവെച്ച്
എന്നന്നേക്കുമായ് നീ
പടിയിറങ്ങിപ്പോയപ്പോള്‍
ഞങ്ങളില്‍ ബാക്കിയായത്
കരളു നൊന്ത
പ്രാര്‍ത്ഥനകളാണ്...

ഹൃദയം കൊളുത്തിവലിച്ചൊരനുഭവം


കേള്‍ക്കാന്‍ തീരെ സുഖകരമല്ലാത്ത, കേട്ടപ്പോള്‍ എനിക്കു വേദന തോന്നിയൊരു അനുഭവം പറയാം. കൂടെ ജോലി ചെയ്യുന്ന എന്റെ കണ്ണൂര്‍ക്കാരനായൊരു സുഹൃത്താണ് വൈകുന്നേരം ഓഫീസില്‍ നിന്നിറങ്ങി സന്ധ്യാനമസ്‌കാരത്തിനായി പാളയം പള്ളിയിലേക്ക് പോകുന്ന വഴി മറ്റു കാര്യങ്ങള്‍ സംസാരിക്കുന്നതിനിടയില്‍ ഈ സംഭവം എന്നോടു പറഞ്ഞത്. ഞങ്ങളുടെ രണ്ടുപേരുടെയും മറ്റൊരു സുഹൃത്തുണ്ട്.  തിരുവനന്തപുരത്ത് ഹജൂര്‍ കച്ചേരിയില്‍ ജോലി ചെയ്യുന്ന അവന്‍ പത്തനംതിട്ടക്കാരനാണ്.
ഈ അടുത്ത കാലത്താണ് അവന്റെ കല്യാണം കഴിഞ്ഞത്.  (കല്യാണത്തിന് ഞങ്ങള്‍ക്ക് ക്ഷണമുണ്ടായിരുന്നു, പോകാന്‍ പറ്റിയില്ല) ഒരു വര്‍ഷം ആവുന്നതേയുള്ളൂ അവന്‍ മംഗല്യജീവിതം തുടങ്ങിയിട്ട്.  സുന്ദരിയും കുലീനയുമായ ഒരു പാവം നാട്ടുംപുറത്തുകാരിയായിരുന്നു അവന്റെ ജീവിതപങ്കാളി.  പറഞ്ഞുവരുന്നത് ഇതാണ്.   കല്യാണത്തിനു ശേഷം
ബി.എസ്.സി. നഴ്‌സിംഗ് ബിരുദക്കാരിയായ  തന്റെ ഭാര്യയെ ഈ സുഹൃത്ത് തലസ്ഥാനത്തേക്ക് കൊണ്ടുവന്നു.  ചെലവേറിയ ഈ സിറ്റിയില്‍ അവരിരുവരും അവന്റെ ചെറിയ വരുമാന പരിമിതിക്കുള്ളില്‍ നിന്നു കൊണ്ടുതന്നെ സന്തോഷപൂര്‍വ്വം ജീവിച്ചു.  അതിനിടയ്‌ക്കെപ്പൊഴോ അവളുടെ വയറ്റില്‍ ഒരു കുഞ്ഞു ജീവന്‍ മിടിച്ചു തുടങ്ങി.  നഗരത്തിലെ ചെലവ് താങ്ങാനാവാത്തത് കൊണ്ടാവാം നഴ്‌സായ തന്റെ ഭാര്യക്ക് അവന്‍
ഈ മഹാനഗരത്തില്‍ ഒരു ജോലി അന്വേഷിച്ചു. അങ്ങനെ ദൈവാനുഗ്രഹത്താല്‍ തലസ്ഥാനത്തെ ഒരു പ്രമുഖ ഹോസ്പിറ്റലില്‍ അവള്‍ക്ക് നഴ്‌സായി നിയമനം കിട്ടി.  ഇനിയാണ് സംഭവത്തിന്റെ പൊരുള്‍.  ജോലി കിട്ടിയ ഹോസ്പിറ്റലിലെ ചട്ടം പ്രകാരം അവിടെ ജോലിക്ക് കയറുന്ന നഴ്‌സുമാര്‍ക്ക് ഒരു പ്രതിരോധ കുത്തിവെപ്പുണ്ട്. രൂപ അയ്യായിരമാണ് ആ കുത്തിവെപ്പിന്റെ വില. രോഗികളുമായി ഇടപെടുന്നതല്ലേ ഒരു മുന്‍കരുതല്‍ നല്ലതാണ്.  പക്ഷേ ആ കുത്തിവെപ്പിന്റെ പേരില്‍ ദൈവം അവരിരുവര്‍ക്കും കനിഞ്ഞനുഗ്രഹിച്ച, അവളുടെ വയറ്റില്‍ മൊട്ടിട്ട ഒന്നര മാസം മാത്രം
പ്രായമായ  ആ കുഞ്ഞുജീവനെ അവര്‍ മൊട്ടിലേ നുള്ളിക്കളഞ്ഞു.  ആ കുത്തിവെപ്പു കാരണം പിറക്കുന്ന കുഞ്ഞിന് വല്ല പന്തികേടും ഉണ്ടാകും എന്ന കാരണം പറഞ്ഞാണ് ഈ കടും കൈ ചെയ്തത്.  ''അവര്‍ ആ കുഞ്ഞിനെ കലക്കിക്കളഞ്ഞു' എന്നാണ് സംഭവം പറഞ്ഞ എന്റെ സുഹൃത്ത് എന്നോട് പറഞ്ഞത്.  കേട്ടപ്പോള്‍ ഞെട്ടലോടെ ഞാന്‍ ചോദിച്ചത് ഇങ്ങനെയാണ്.  'ആ കുഞ്ഞിനു വേണ്ടി അവര്‍ക്ക് തല്‍ക്കാലം ആ ഹോസ്പിറ്റലിലെ ജോലി വേണ്ടെന്ന് വെച്ചൂടായിരുന്നോ' എന്നാണ്.  ഒരു കുഞ്ഞിക്കാലിനു വേണ്ടി ദൈവത്തിനു മുന്നില്‍ എന്നും കണ്ണീരോടെ പ്രാര്‍ത്ഥിക്കുന്ന, എന്നാല്‍ മനുഷ്യര്‍ക്കിടയില്‍ മൗനദു:ഖങ്ങള്‍ ഒരു ചിരികൊണ്ട് മറച്ചു നടക്കുന്ന ഒരുപാട് മുഖങ്ങളാണ് എനിക്കാ സമയം ഓര്‍മ്മ വന്നത്.  എന്തുചെയ്യാന്‍ അല്ലാഹു ആ ദമ്പതികള്‍ക്ക് പൊറുത്തുകൊടുക്കട്ടെ.  മക്കള്‍ സൗഭാഗ്യമില്ലാതെ കണ്ണീരില്‍ കഴിയുന്ന അനേകായിരം ദമ്പതികള്‍ക്ക് അല്ലാഹു മക്കളെ നല്‍കട്ടെ. 

GRAMAM...

thirike vilikkunnu gramam...