Showing posts with label കുറിപ്പ്‌. Show all posts
Showing posts with label കുറിപ്പ്‌. Show all posts

Saturday, March 19, 2016

നന്മ മണം




ഖത്തറീന്ന് കൊണ്ടോന്ന
അത്തറായാലും
ഓണത്തിനു
കളം നിറഞ്ഞുനിൽക്കുന്ന
പൂക്കളായാലും ശരി
അതിന്റെയൊക്കെ മണം
കാറ്റിനനുകൂലമായേ
പരക്കൂ..
എന്നാൽ
ചില നല്ല മനുഷ്യരുണ്ട്‌
അവരുടെ സുഗന്ധം
കാറ്റിനെതിരെയും
പരക്കും...
ജീവിതയാത്രയിൽ
വഴിവക്കിൽ വെച്ച്‌
വല്ലപ്പോഴും മാത്രമേ
അത്തരം ആൾക്കാരെ
കാണാനൊക്കൂ...
അങ്ങനെയുള്ളവരെ
കാണുമ്പോൾ
അവരെ, അവരിലെ നന്മയെ, അനുഗരിക്കാൻ ശ്രമിക്കണം.

ഭക്തി


നമസ്കാരത്തിനു വേണ്ടി
അംഗശുദ്ധി വരുത്തുമ്പോൾ
മനസ്സറിഞ്ഞു ചെയ്താൽ
ഏകദേശം എല്ലാ പാപങ്ങളും
ഒഴുകിപ്പോകും...
മനസ്സിന്റെ ടെൻഷനുകൾ
തണുത്തില്ലാതാവും..
പിന്നീട്‌ നിസ്കാരത്തിലും
ഉള്ളറിഞ്ഞു നിന്നാൽ
മിഴിനീരിൽ മുങ്ങിനിവർന്ന
തുളസിക്കതിർ പോലെ നമ്മൾ
ശുദ്ധരാവുകയും ചെയ്യും...
-റബ്ബുൽ ആൽമീൻ
അനുഗ്രഹിക്കട്ടെ!

Thursday, March 17, 2016

'മരുന്ന്'






കുഞ്ഞുനാളില്‍
ഇതായിരുന്നില്ലേ
'മരുന്നും'
'ഭക്ഷണവും'....
ആരും കാണാതെ
മധുരം നുണഞ്ഞും
ഉമ്മയോ ഇക്കാക്കയോ
പല്ലുതേച്ചു തരുമ്പോള്‍
തുപ്പാന്‍ പറഞ്ഞാല്‍
ചിരിച്ചോണ്ട് അകത്താക്കി
'ഫൂ' എന്നൊരു ശബ്ദം മാത്രം ഉണ്ടാക്കി
നൊണ്ണ് കാട്ടിച്ചിരിച്ച
ആ ഇളം കാലം കഴിഞ്ഞ്
ഒരുപാട് വളര്‍ന്നപ്പോളല്ലേ...
പല്ല് തേക്കുന്ന 'മരുന്ന്'
വെറും ടൂത്ത്പേസ്റ്റ് മാത്രമായി
ഒതിങ്ങിപ്പോയത്........
..............................

...
എന്തൊക്കെയോ
മധുരിക്കുന്നുണ്ടിപ്പൊഴും
എന്തൊക്കെയോ കൈക്കുന്നുമുണ്ട്......

തിരുവനന്തപുരത്തുള്ളോരെന്താണ് റബ്ബേ ഇങ്ങനെ..?!



നിരീക്ഷണം/സാദിഖ് പാതിരിപ്പറ്റ


ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് തലസ്ഥാനത്തെ പത്രങ്ങളില്‍ കണ്ട ഒരു അപകട മരണവാര്‍ത്ത എന്നിലുണ്ടാക്കിയ ഞെട്ടലില്‍ നിന്നാണ് ഞാനീ കുറിപ്പെഴുതുന്നത്.  പാളയത്ത് 'റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ച സ്ത്രീ ബസ് ഇടിച്ച് മരിച്ചു'.  എന്നതായിരുന്നു ആ വാര്‍ത്തയുടെ തലക്കെട്ട്.  ബസ് ഇടിച്ച് റോഡില്‍ വീണ ആ 75കാരിയുടെ കാലിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി.  കാല് അറ്റ് തൂങ്ങി.  ഉടനെ ആശുപത്രിയില്‍ എത്തിച്ചാല്‍ ജീവന്‍ രക്ഷപ്പെടുത്താവുന്ന പരിക്കു മാത്രമായിരുന്നു അത്.  പക്ഷേ ഓടിക്കൂടിയവര്‍ ആ സ്ത്രീയെ കിട്ടുന്ന വണ്ടിയില്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനു പകരം ആംബുലന്‍സ് വരട്ടെയെന്ന് പറഞ്ഞ് വെറുതേ നോക്കി നിന്നു. ആവശ്യത്തിന് ഫോട്ടോയും വീഡിയോയും വേണമെങ്കിൽ ചോരയൊലിക്കുന്ന സെല്‍ഫി വരെ എടുത്തിട്ടുണ്ടാവണം കൂട്ടത്തിലുള്ളവര്‍. ട്രെന്റ് അതാണല്ലോ.!
അര മണിക്കൂറോളം അറ്റുതൂങ്ങിയ കാലുമായി റോഡില്‍ കിടന്ന
ആ പാവം സ്ത്രീ വേദന തിന്ന് ചോര വാർന്നാണ് മരിച്ചത്.  പാളയത്ത് സ്റ്റേറ്റ് സെന്ട്രല്‍ ലൈബ്രറിക്ക് മുന്നിലാണ് ഈ സംഭവം നടന്നത്.  ഒരു മനുഷ്യസ്ത്രീ റോഡില്‍ കിടന്ന് അന്ത്യശ്വാസം വലിക്കുന്ന സമയത്തും അനേകം പേര്‍ ആ പുസ്തകശാലയില്‍ നിന്നും പുസ്തകങ്ങള്‍ എടുക്കുകയും വായിക്കുകയും ഒക്കെ ചെയ്തിട്ടുണ്ടാവണം.  ദൈവമേ ഇനിയുമെത്ര പുസ്തകങ്ങള്‍ വായിക്കണം ഇവര്‍ക്കൊന്നു മനുഷ്യരാവാന്‍.!
'ഓട്ടോ ഡ്രൈവര്‍മാരും വിദ്യാര്‍ത്ഥികളും രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയെങ്കിലും വാഹനം ലഭ്യമായില്ല' എന്നാണ് വാര്‍ത്തയില്‍ വായിക്കാനായത്.  അല്ല നാട്ടുകാരേ ഒന്ന് ചോദിച്ചോട്ടേ, ഓട്ടോ എന്നത് ഒരു വാഹനമല്ലേ..!  വിദ്യാര്‍ത്ഥികളേ മാനുഷികമായ പ്രശ്‌നങ്ങളില്‍, ഇടപെടുന്നതിനു പകരം, നോക്കി നില്‍ക്കാന്‍ സ്‌കൂളില്‍ ഏത് അധ്യാപകനാണ് നിങ്ങളെ പഠിപ്പിച്ചത്.?!
പ്രിയ തിരുവനന്തപുരത്തുകാരേ ഒരു വട്ടമെങ്കിലും നിങ്ങള്‍  കോഴിക്കോട്ടേക്ക് വരണം.  മാന്‍ഹോളില്‍ കുടുങ്ങിപ്പോയ രണ്ടപരിചിതരെ രക്ഷിക്കാനായി സ്വന്തം ജീവന്‍ പോലും നോക്കാതെ ഇറങ്ങിയ നൗഷാദിന്റെ നാട്, അങ്ങനെ ഒരുപാട് നൗഷാദുമാരുടെ നാട്.  (തിരു. സിറ്റിയിലെ ഓട്ടോക്കാരേ ഈ പറഞ്ഞ നൗഷാദും ഒരു ഓട്ടോ ഡ്രൈവറായിരുന്നു !) കോഴിക്കോടാണ് ഇങ്ങനെയൊരു അപകടം സംഭവിച്ചതെങ്കില്‍ ആംബുലന്‍സ് വരാന്‍ കാത്തു നില്‍ക്കുന്നതു പോയിട്ട് വിളിച്ചെന്ന് പോലും വരില്ല.  അതിനു മുമ്പേ കിട്ടുന്ന വണ്ടിയില്‍, അത് ബൈക്കിലാണെങ്കിലും, ആശുപത്രിയില്‍ എത്തിച്ചിരിക്കും.  (ജോലി തലസ്ഥാനത്താണെങ്കിലും ഞാനും ഒരു കോഴിക്കോട്ടുകാരനാണെന്ന് അഭിമാനത്തോടെ പറയട്ടെ)  എന്നാല്‍ ഇവിടെ, തലസ്ഥാനത്ത്, 101 ആംബുലന്‍സിനെ ഒരു 1001 തവണ വിളിച്ചാലും അപടകം സംഭവിച്ചിടത്ത് മരണമെത്തുന്നതിനു മുമ്പേ എത്തുമെന്ന് യാതൊരു ഉറപ്പും ഇല്ല.
തലസ്ഥാനത്ത് സമാന സംഭവം ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. രണ്ട് തവണ.  ഒന്ന് ഭരണ സിരാ കേന്ദ്രമായ സെക്രട്ടറിയറ്റിന്റെ മുന്നില്‍.  ബൈക്കില്‍ പോകുകയായിരുന്നു അച്ഛനും മകളും.  നട്ടുച്ച നേരം, പിന്നില്‍ നിന്ന് ഒരു വണ്ടിയിടിച്ച് അവരുടെ ബൈക്ക് മറിഞ്ഞു.  അച്ഛന് നിസാര പരിക്ക്.  മകള്‍ ഡിവൈഡറില്‍ തലയിടിച്ചാണ് വീണത്.  എളുപ്പം ആശുപത്രിയില്‍ എത്തിച്ചാല്‍ രക്ഷപ്പെടുത്താവുന്ന പരിക്ക് മാത്രം.  എം.ജി റോഡിലെ ചുട്ടുപൊള്ളുന്ന വെയിലില്‍ ചുറ്റും കൂടി നിന്നവരോട് ആ അച്ഛന്‍ മകളുടെ ജീവന്‍ മടിയില്‍ വെച്ച് സഹായത്തിനായി കരഞ്ഞു. ആംബുലന്‍സിന് വിളിച്ചിട്ടുണ്ട് അത് വരട്ടെയെന്ന് പറഞ്ഞ് ഓരോരുത്തരും രംഗം 'ശാന്ത'മാക്കി ദൃശ്യം മൊബൈലിലാക്കാന്‍ മത്സരിച്ചു.  സമയം കടന്നു പോയി...ആംബുലന്‍സ് സമയത്തിനു വന്നില്ല, നടുറോഡില്‍ മനസ്സു മരവിച്ചുപോയ അച്ഛന്റെ മടിയില്‍ കിടന്ന് ആ പെൺകുട്ടി മരിച്ച് പോയി.

കിഴക്കേ കോട്ടയിലായിരുന്നു പിന്നീട് ഇത് പോലെ ഒരു ധാരുണ സംഭവം അരങ്ങേറിയത്. ബസ് സ്റ്റാന്റില്‍ ബസ് ഇടിച്ച് കമഴ്ന്നു വീണ യുവാവ് എഴുന്നേൽക്കാന്‍ കഴിയാതെ കുറേ നേരം കിടന്നു.  ആരും തിരിഞ്ഞ് നോക്കിയില്ല.  'ആ കിടപ്പ് കണ്ട് മരിച്ചെന്ന് കരുതി' എന്നാണ് ഒരു യാത്രക്കാരന്‍ പിന്നീട് പറഞ്ഞത്. പത്ര ഫോട്ടോഗ്രാഫര്‍ മനോഹരമായി ചാഞ്ഞും ചെരിഞ്ഞുമൊക്കെ ദൂരെ മാറി നിന്ന് ദൃശ്യം പകര്‍ത്തി. മാതൃകാ പത്രപ്രവര്‍ത്തനം!! പിറ്റേന്ന് പത്രത്തില്‍ വാര്‍ത്തയോടൊപ്പം വന്ന ഫോട്ടോയില്‍ കാണാമായിരുന്നു,  വീട്ടിലേക്ക് പോകുന്ന ബസിന്റെ സൈഡ് സീറ്റുകളിലിരുന്ന് ആളുകള്‍ ഈ കാഴ്ച ഉളുപ്പില്ലാതെ നോക്കിയിരിക്കുന്നത്.  എന്നാല്‍ ആ യുവാവിന്റെ പ്രാണനു വേണ്ടിയുള്ള പിടച്ചില്‍ ഒരുത്തനും കണ്ടില്ല.
അര മണിക്കൂര്‍ നിര്‍ത്താതെ മഴ പെയ്താല്‍ മതി തലസ്ഥാന നഗരിയില്‍ വെള്ളം പൊങ്ങും.  എന്നാല്‍ എവിടെയെങ്കിലും സ്‌നേഹത്തിന്റെ ഒരിറ്റ് നനവെങ്കിലും കണ്ടെത്തുക വലിയ പ്രയാസമാണ്.  ഇങ്ങിനെയുള്ളൊരിടത്ത് ജീവിക്കാന്‍ വല്ലാതെ പേടിക്കണം.  റോഡുകള്‍ മുറിച്ച് കടക്കുമ്പോള്‍ എപ്പോഴാണ് കാലു തെന്നിയോ വണ്ടിയിടിച്ചോ വീഴുന്നതെന്ന് പറയാന്‍ പറ്റില്ലല്ലോ.  മരണമെത്തുതു വരെ ആംബുലന്‍സിന്റെ വരവും കാത്ത് നടുറോഡില്‍ ദേഹം മുറിഞ്ഞുകിടക്കുകയെന്നത് എന്തുമാത്രം ഭീകരമായിരിക്കും.! പടച്ചോനേ ഞങ്ങളെ കാത്തുകൊള്ളണേ...
അപരന്റെ വേദനകളോട് പുറംതിരിഞ്ഞു നില്‍ക്കുന്ന ഒരു മനഷ്യക്കൂട്ടം! എല്ലാര്‍ക്കും അവനോന്റെ ലോകം, അവനോന്റെ കാര്യം.  സ്വയം നിര്‍മ്മിത പൊങ്ങച്ചത്തിരക്കുകളില്‍ അഭിരമിക്കുമ്പോള്‍  കൂടെ നടക്കുവനു പോലും ഒരൗൺസ് സഹായം ചെയ്യാന്‍ മടിക്കും.  പകരം ടൺ കണക്കിന് വാക്കുകള്‍ കൊണ്ട് ചാനലിലും മറ്റും വലിയവനാവാന്‍ ശ്രമിക്കും.
തലസ്ഥാനനഗരിയാണ്.  എല്ലാ വിധ ജീവിത സാഹചര്യങ്ങളുമുണ്ട്.  എല്ലാം കയ്യെത്തും ദൂരത്ത് കിട്ടും.  എന്നാല്‍ മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്കുള്ള അകലം ഇവിടെ ദിനേനെ കൂടിക്കൊണ്ടിരിക്കുന്നു എന്നത് തികച്ചും സങ്കടകരമാണ്.  വിദ്യാസമ്പന്നരും സാംസ്‌കാരിക ഉന്നതിയിലുള്ളവരും എന്ന് സ്വയം നടിക്കുന്ന ഇവരെ മനുഷ്വത്വം പഠിപ്പിക്കാന്‍ ഇനിയേത് സര്‍വ്വകലാശാലയിലേക്കാണ് പറഞ്ഞയക്കേണ്ടത്.  'അന്നത്തിനും പഞ്ഞമില്ല, സ്വര്‍ണ്ണത്തിനും പഞ്ഞമില്ല, മണ്ണിതില്‍ കരുണയ്ക്കാണു പഞ്ഞം' എന്നു കവി പാടിയത് എത്ര ശരി! കരുണയുടെ അര്‍ത്ഥമറിയാത്തവനും കാശ് മുടക്കി കാരുണ്യ ടിക്കറ്റെടുക്കുന്ന വല്ലാതെ തലതിരിഞ്ഞ കാലം.!  നോക്കുന്നിടത്തെല്ലാം പ്രതിമകള്‍ കൊണ്ട് നിറഞ്ഞ ഈ നഗരത്തില്‍ ആള്‍ക്കാരും സ്വഭാവം കൊണ്ട് പ്രതിമക്ക് തുല്യരായിരിക്കുന്നു എന്നതാണ് സത്യം! ദൈവത്തിന്റെ സ്വന്തം നാടെന്ന് അഭിമാനം കൊള്ളുന്ന ഒരു സംസ്ഥാനത്തിന്റെ 'തല'സ്ഥാനമാണെന്ന് ആര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടോ ആവോ..!
വല്ലാതെ വേഗത്തിലാവുന്ന ഈ ജീവിതപ്പാച്ചലില്‍ എപ്പോഴും ഒരു സഡന്‍ ബ്രേക്ക് പ്രതീക്ഷിക്കണം.  അടുത്തത് റോഡില്‍ മുറിവേറ്റ് വീഴുന്നത് ഞാനോ നിങ്ങളോ ആയിരിക്കാം.  കുറച്ചു നേരത്തെ കരച്ചിലിനും പിടച്ചിലിനും ശേഷം എല്ലാം തീർന്ന് പിറ്റേന്നത്തെ പത്രത്തില്‍ പതിവു തെറ്റിക്കാതെ ഒരു വാര്‍ത്ത കാണാം. ആ വാര്‍ത്ത അവസാനിക്കുന്നത് ഇങ്ങനെയാവും. '........ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.'!
- സാദിഖ് പാതിരിപ്പറ്റ


സന്തോഷം വരുന്ന വഴി...

ദൈവം തന്റെ ഒരു പാവം അടിമയെ സന്തോഷിപ്പിക്കാൻ ഉദ്ദേശിച്ചാൽ ആദ്യം അവന്റെ പ്രിയപ്പെട്ട വല്ലതും നഷ്ടപ്പെടുത്തും. എന്നിട്ട്‌ തിരച്ചിലിന്റെ ബേജാറു നിറഞ്ഞ മണിക്കൂറുകൾക്കോ ദിവസങ്ങൾക്കോ ശേഷം, അത്‌ അടിമക്ക് തിരിച്ചെടുത്തുകൊടുക്കും. അങ്ങനെ, മണ്ണിൽ ആ അടിമയും വിണ്ണിൽ അവന്റെ റബ്ബും സന്തോഷിക്കും. പറഞ്ഞുവരുന്ന കാര്യം മറ്റൊന്നുമല്ല. ഇന്ന് എനിക്കും കിട്ടി അതുപോലെ സന്തോഷിക്കാനൊരവസരം. തിരുവനന്തപുരം പാളയം പള്ളിയിൽ നിസ്കരിക്കാൻ പോയ എന്റെ വാച്ച്‌ അവിടെ, അംഗശുദ്ധി വരുത്താനിരിക്കുന്ന സ്ഥലത്ത്‌ വെച്ചു മറന്നു. എല്ലാം കഴിഞ്ഞ്‌, മഗ്‌രിബ്‌ ജമാഅതിനും ഇശാ ജമാഅതിനും ശേഷം വീട്ടിലെത്താറായപ്പോഴാണു കയ്യിന്റെ കനമില്ലായ്മ എന്റെ ശ്രദ്ധയിൽ പെടുന്നത്‌. 'ന്റെ റബ്ബേ വാച്ച്‌...' ബേജാറോടെ ഞാൻ പള്ളിയിലേക്ക്‌ തിരിച്ചു
നടന്നു. 'ഏട്ടൻ എന്നെ കൊല്ല്വല്ലോ..അൻവർക്ക ഗൾഫീന്ന് കൊണ്ടത്തന്ന വാച്ചാ. അധിക ദിവസം ആയിട്ടില്ല. മാത്രമല്ല വലിയ വിലയുള്ള വാച്ചാ..(Hublot-Geneva വിലയുടെ കാര്യത്തിൽ സംശയമുള്ളവർക്ക്‌ ഗൂഗിളിൽ സെർച്ചു ചെയ്യാം..!) എന്റെ മനസ്സു വല്ലാണ്ടായി.  തിരിച്ചുകിട്ടണേ എന്ന പ്രാർത്ഥനയുമായി പള്ളിയിലെത്തിയ ഞാൻ ആദ്യം വാച്ചു വെച്ചു മറന്ന സ്ഥലത്തു നോക്കി. കാണാനില്ല.  പിന്നെ ഞാൻ പള്ളിയിലെ സെക്യൂരിറ്റിയെ അന്വേഷിച്ചു. അയാൾ അന്ന് ലീവാണെന്നാണറിയാൻ കഴിഞ്ഞത്‌. പിന്നെയുള്ളത്‌ മുക്രിയുസ്താദാണു. അദ്ദേഹം പുറത്തു പോയിരിക്കുന്നു.  ഞാൻ ശരിക്കും വല്ലാതായി.  അത്‌ പോയോ റബ്ബേ...! കണ്ണൂട്ടി കെരട്ടിൽ പോയ പയിനെ പോലെ പാളയം പള്ളീന്റെ മുറ്റത്ത്‌ ഞാൻ അലഞ്ഞു നടന്നു.  മുക്രി ഉസ്താദ്‌ വരുന്നതും കാണുന്നില്ല. ഒരു പരിചയക്കാരനെ കണ്ടപ്പോൾ ഞാൻ കാര്യം പറഞ്ഞു.  അവനാണു പറഞ്ഞത്‌ 'കമ്മിറ്റി റൂമിൽ ആളുണ്ടാവും അവിടെയൊന്ന് ചോദിക്ക്‌' എന്ന്. പ്രതീക്ഷയോടെ ഞാൻ ആ മുറിയിലേക്ക്‌ പടികൾ കയറി. രണ്ടുപേർ അവിടെ ഇരുന്ന് കമ്പ്യൂട്ടറിൽ എന്തോ ചെയ്യുന്നുണ്ട്‌. ഞാൻ സലാം പറഞ്ഞു.  കാര്യം പറഞ്ഞപ്പോൾ അവർ അടയാളം ചോദിച്ചു.  ഞാൻ കമ്പനിയുടെ പേരു പറഞ്ഞു വലിയ വിലയുടേതാണെന്നും. 'കയറി വാ' ഞാൻ‌ അകത്തേക്ക്‌ വിളിക്കപ്പെട്ടു.  മാശാഅല്ലാഹ്‌. എന്റെ വാച്ചതാ ആ ഓഫീസിലെ പുസ്തകങ്ങൾക്കിടയിൽ ഉടമസ്ഥനായ‌ എന്നെയും കാത്തിരിക്കുന്നു.  എന്റെ മനസ്സ്‌ ഉച്ചത്തിൽ അല്ലാഹുവിന് സ്തുതി പറഞ്ഞു. അൽ...ഹംദുലില്ലാഹ്‌...! വാച്ചു കയ്യിൽ കിട്ടി..! അതു ഞാൻ കയ്യിൽ കെട്ടി..!! കളഞ്ഞുകിട്ടിയത്‌ ഓഫീസിൽ ഏൽപിച്ച ആ നല്ല മനുഷ്യൻ ആരെന്നറിയില്ല. ആ അപരിചിതമുഖം ഞാൻ നന്ദിയോടെ ഓർത്തു. പള്ളിക്കമ്മിറ്റിയുടെ നിയമപ്രകാരം റെസീറ്റു ബുക്കിൽ '....കിട്ടി ബോധിച്ചു' എന്ന് പേരെഴുതു ഒപ്പിട്ട്‌ ഞാൻ സസന്തോഷം ഇറങ്ങി നടന്നു.  പാളയം പള്ളിയുടെ വെള്ള മിനാരങ്ങൾക്കിടയിലൂടെ നിലാവു ചിരിക്കുന്ന ആകാശത്തേക്ക്‌ നോക്കി ഞാൻ ഒരിക്കല്ല്ക്കൂടി മന്ത്രിച്ചു.. അൽഹംദുലില്ലാഹ്‌..!

Sunday, September 21, 2014

ഹൃദയം കൊളുത്തിവലിച്ചൊരനുഭവം


കേള്‍ക്കാന്‍ തീരെ സുഖകരമല്ലാത്ത, കേട്ടപ്പോള്‍ എനിക്കു വേദന തോന്നിയൊരു അനുഭവം പറയാം. കൂടെ ജോലി ചെയ്യുന്ന എന്റെ കണ്ണൂര്‍ക്കാരനായൊരു സുഹൃത്താണ് വൈകുന്നേരം ഓഫീസില്‍ നിന്നിറങ്ങി സന്ധ്യാനമസ്‌കാരത്തിനായി പാളയം പള്ളിയിലേക്ക് പോകുന്ന വഴി മറ്റു കാര്യങ്ങള്‍ സംസാരിക്കുന്നതിനിടയില്‍ ഈ സംഭവം എന്നോടു പറഞ്ഞത്. ഞങ്ങളുടെ രണ്ടുപേരുടെയും മറ്റൊരു സുഹൃത്തുണ്ട്.  തിരുവനന്തപുരത്ത് ഹജൂര്‍ കച്ചേരിയില്‍ ജോലി ചെയ്യുന്ന അവന്‍ പത്തനംതിട്ടക്കാരനാണ്.
ഈ അടുത്ത കാലത്താണ് അവന്റെ കല്യാണം കഴിഞ്ഞത്.  (കല്യാണത്തിന് ഞങ്ങള്‍ക്ക് ക്ഷണമുണ്ടായിരുന്നു, പോകാന്‍ പറ്റിയില്ല) ഒരു വര്‍ഷം ആവുന്നതേയുള്ളൂ അവന്‍ മംഗല്യജീവിതം തുടങ്ങിയിട്ട്.  സുന്ദരിയും കുലീനയുമായ ഒരു പാവം നാട്ടുംപുറത്തുകാരിയായിരുന്നു അവന്റെ ജീവിതപങ്കാളി.  പറഞ്ഞുവരുന്നത് ഇതാണ്.   കല്യാണത്തിനു ശേഷം
ബി.എസ്.സി. നഴ്‌സിംഗ് ബിരുദക്കാരിയായ  തന്റെ ഭാര്യയെ ഈ സുഹൃത്ത് തലസ്ഥാനത്തേക്ക് കൊണ്ടുവന്നു.  ചെലവേറിയ ഈ സിറ്റിയില്‍ അവരിരുവരും അവന്റെ ചെറിയ വരുമാന പരിമിതിക്കുള്ളില്‍ നിന്നു കൊണ്ടുതന്നെ സന്തോഷപൂര്‍വ്വം ജീവിച്ചു.  അതിനിടയ്‌ക്കെപ്പൊഴോ അവളുടെ വയറ്റില്‍ ഒരു കുഞ്ഞു ജീവന്‍ മിടിച്ചു തുടങ്ങി.  നഗരത്തിലെ ചെലവ് താങ്ങാനാവാത്തത് കൊണ്ടാവാം നഴ്‌സായ തന്റെ ഭാര്യക്ക് അവന്‍
ഈ മഹാനഗരത്തില്‍ ഒരു ജോലി അന്വേഷിച്ചു. അങ്ങനെ ദൈവാനുഗ്രഹത്താല്‍ തലസ്ഥാനത്തെ ഒരു പ്രമുഖ ഹോസ്പിറ്റലില്‍ അവള്‍ക്ക് നഴ്‌സായി നിയമനം കിട്ടി.  ഇനിയാണ് സംഭവത്തിന്റെ പൊരുള്‍.  ജോലി കിട്ടിയ ഹോസ്പിറ്റലിലെ ചട്ടം പ്രകാരം അവിടെ ജോലിക്ക് കയറുന്ന നഴ്‌സുമാര്‍ക്ക് ഒരു പ്രതിരോധ കുത്തിവെപ്പുണ്ട്. രൂപ അയ്യായിരമാണ് ആ കുത്തിവെപ്പിന്റെ വില. രോഗികളുമായി ഇടപെടുന്നതല്ലേ ഒരു മുന്‍കരുതല്‍ നല്ലതാണ്.  പക്ഷേ ആ കുത്തിവെപ്പിന്റെ പേരില്‍ ദൈവം അവരിരുവര്‍ക്കും കനിഞ്ഞനുഗ്രഹിച്ച, അവളുടെ വയറ്റില്‍ മൊട്ടിട്ട ഒന്നര മാസം മാത്രം
പ്രായമായ  ആ കുഞ്ഞുജീവനെ അവര്‍ മൊട്ടിലേ നുള്ളിക്കളഞ്ഞു.  ആ കുത്തിവെപ്പു കാരണം പിറക്കുന്ന കുഞ്ഞിന് വല്ല പന്തികേടും ഉണ്ടാകും എന്ന കാരണം പറഞ്ഞാണ് ഈ കടും കൈ ചെയ്തത്.  ''അവര്‍ ആ കുഞ്ഞിനെ കലക്കിക്കളഞ്ഞു' എന്നാണ് സംഭവം പറഞ്ഞ എന്റെ സുഹൃത്ത് എന്നോട് പറഞ്ഞത്.  കേട്ടപ്പോള്‍ ഞെട്ടലോടെ ഞാന്‍ ചോദിച്ചത് ഇങ്ങനെയാണ്.  'ആ കുഞ്ഞിനു വേണ്ടി അവര്‍ക്ക് തല്‍ക്കാലം ആ ഹോസ്പിറ്റലിലെ ജോലി വേണ്ടെന്ന് വെച്ചൂടായിരുന്നോ' എന്നാണ്.  ഒരു കുഞ്ഞിക്കാലിനു വേണ്ടി ദൈവത്തിനു മുന്നില്‍ എന്നും കണ്ണീരോടെ പ്രാര്‍ത്ഥിക്കുന്ന, എന്നാല്‍ മനുഷ്യര്‍ക്കിടയില്‍ മൗനദു:ഖങ്ങള്‍ ഒരു ചിരികൊണ്ട് മറച്ചു നടക്കുന്ന ഒരുപാട് മുഖങ്ങളാണ് എനിക്കാ സമയം ഓര്‍മ്മ വന്നത്.  എന്തുചെയ്യാന്‍ അല്ലാഹു ആ ദമ്പതികള്‍ക്ക് പൊറുത്തുകൊടുക്കട്ടെ.  മക്കള്‍ സൗഭാഗ്യമില്ലാതെ കണ്ണീരില്‍ കഴിയുന്ന അനേകായിരം ദമ്പതികള്‍ക്ക് അല്ലാഹു മക്കളെ നല്‍കട്ടെ. 

Thursday, December 13, 2012

തെറി മലയാളം





ദൈവത്തിന്റെ സ്വന്തം നാടെന്നും നാട്ടുകാരെന്നും പറഞ്ഞുനടക്കുന്ന മലയാളികളുടെ സാംസ്‌കാരികമൂല്യം പരിതാപകരമായി തകര്‍ന്നുകൊണ്ടിരിക്കുന്ന നടപ്പുകാലത്തില്‍  മലയാളത്തിന്റെ 'സാംസ്‌കാരികസമ്പന്നത'യുടെ ഒരു 'ട്രെയ്ന്‍' അടയാളത്തെ കുറിച്ചു പറയാനാണ് ഈ കുറിപ്പ്. കേരളത്തിലൂടെ ഓടുന്ന മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് ഏകദേശം ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലൂടെയും സഞ്ചരിക്കുന്നുണ്ട്.  ആ ട്രെയിനിലെ എ.സി കംപാര്‍ട്ടുമെന്റു മുതല്‍ ലോക്കല്‍ കംപാര്‍ട്ടുമെന്റു വരെയുള്ള എല്ലാ ടോയ്‌ലെറ്റുകളിലും ചുവരുകളില്‍ തെറിവാക്കുകള്‍ എഴുതിവെച്ചിട്ടുണ്ട് മലയാളത്തില്‍ ....! മലയാളമെന്ന
മഹത്തായ ഭാഷയുടെയും കേരളമെന്ന സുന്ദരനാടിന്റെയും സാംസ്‌കാരിക സമ്പന്നതയെക്കുറിച്ച്  ഇന്ത്യ മുഴുക്കെ അറിയുമല്ലോ....!!

Wednesday, December 12, 2012

ചോക്ക്‌പൊടി/ ഒമ്പതാം ക്ലാസ്സിലെ രമ്യ


ചോക്ക്‌പൊടി

ഒമ്പതാം ക്ലാസ്സിലെ രമ്യ

2007ല്‍ അധ്യാപക പരിശീലനം കഴിഞ്ഞ് സര്‍ട്ടിഫിക്കേറ്റ് കിട്ടുന്നതിനും മുമ്പേ ഞാന്‍ ഒരു എയ്ഡഡ് ഹൈസ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്നു.  മറ്റൊരധ്യാപകന്റെ ലീവിലേക്ക് ദിവസക്കൂലിക്കായിരുന്നു ഞാന്‍ അവിടെ ഇംഗ്ലീഷ് അധ്യാപകനായി എത്തിയത്.  ഒരെട്ടു മാസത്തോളം ഞാനവിടെ അധ്യാപകനായി തുടര്‍ന്നു.  'ഡെയ്‌ലി വെയ്ജസ്' ആണെങ്കിലും മാസം തികയുമ്പോള്‍ ട്രഷറി വഴി കിട്ടുന്ന സര്‍ക്കാര്‍ ശമ്പളത്തിന്റെ ഒരു സുഖം ജീവിതത്തില്‍ ആദ്യാനുഭവമായിരുന്നു.  എട്ട് മാസം എന്നത് വളരെ കുറഞ്ഞ കാലമാണെന്നറിയാം.  എങ്കിലും ആ ചുരുങ്ങിയ കാലത്തിനിടയില്‍ ഒരു ഹൈസ്‌കൂള്‍ അധ്യാപകനുണ്ടാവാനിടയുള്ള സ്‌കൂള്‍ അനുഭവങ്ങള്‍ എന്നെ ത്രസിപ്പിച്ചിട്ടുണ്ട്.  ജോലി തുടങ്ങി മൂന്നാം ദിവസം തന്നെ ഹെഡ്മാഷ് എനിക്ക്  ഒമ്പത് ഐ-യുടെ ക്ലാസ്സ് ചാര്‍ജും തന്നു.  അങ്ങനെ നാല്പതോളം അംഗങ്ങളുള്ള ഒരു ക്ലാസിന്റെ രക്ഷാധികാരി ഞാനായി.  ബി.എഡ്. കോഴ്‌സിന്റെ ഭാഗമായ 40 ദിവസത്തെ ടീച്ചിംഗ് പ്രാക്ടീസിനിടയില്‍ വീണുകിട്ടിയ അനുഭവങ്ങള്‍ മാത്രമുള്ള ഒരാളായിട്ടും ക്ലാസ്സധ്യാപകന്റെ റോള്‍ മാക്‌സിമം പ്രൊഫഷണലാക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്.
സ്‌കൂളില്‍ കൊല്ലപ്പരീക്ഷയുടെ സമയമായി.  പരീക്ഷ കഴിഞ്ഞ് ഉത്തരക്കടലാസുകള്‍ മൂല്യ നിര്‍ണ്ണയം നടത്തി മാര്‍ക് ലിസ്റ്റുകള്‍ ക്ലാസധ്യാപകരുടെ കൈകളിലെത്തി.  എന്റെ ക്ലാസ്സില്‍ മൊത്തം ആറ് കുട്ടികള്‍ തോറ്റിരിക്കുന്നു.  മൂന്ന് ആണ്‍കുട്ടികളും, മൂന്ന് പെണ്‍കുട്ടികളും.  വളരെ കുറഞ്ഞ മാര്‍ക്കിന് ഒരു വിഷയത്തില്‍ തോറ്റതിന്റെ പേരില്‍ മാത്രം ഒമ്പതാം ക്ലാസ്സ് കടമ്പ കടക്കാത്ത ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും എന്റെ മോഡറേഷനില്‍ ജയിച്ചു കയറി.  മറ്റ് നാലുപേരുടെ കാര്യത്തില്‍ ഒരഡ്ജസ്റ്റ്‌മെന്റും നടക്കില്ലായിരുന്നു.  അക്കൂട്ടത്തില്‍ ഒരാളായിരുന്നു രമ്യ.  പഠനത്തില്‍ അല്പം പിറകോട്ടാണെങ്കിലും ക്ലാസ്സില്‍ നല്ല അച്ചടക്കമുള്ള ഒരു പാവം കുട്ടി. ക്ലാസ്സിലായാലും പുറത്തായാലും എപ്പോഴും ചിരിച്ചു കൊണ്ടേ ഞാനവളെ കണ്ടിട്ടുള്ളൂ.
റിസള്‍ട്ട് വന്നപ്പോള്‍ വിജയികളുടെ കൂട്ടത്തില്‍ പേരു കാണാത്തതു കൊണ്ടാവാം.  രമ്യ എന്നെ ഫോണില്‍ വിളിച്ചു.  'സാര്‍, ലിസ്റ്റില്‍ എന്റെ പേരില്ല'.  'കുട്ടീ നീ തോറ്റിരിക്കുന്നു' എന്നെനിക്കു പറയാന്‍ കഴിയുമായിരുന്നില്ല.  സ്‌കൂളിലേക്കു വരാം എന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.  വിജയിക്കുമെന്ന് അത്രയ്ക്കവള്‍ക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നിരിക്കാം.  അതുകൊണ്ടായിരിക്കാം, ലിസ്റ്റില്‍ പേരു കാണാതായപ്പോള്‍ ആകാംക്ഷയോടെ അവളെന്നെ വിളിച്ചത്.  എന്ന് മനസ്സില്‍ കണക്കു കൂട്ടി രണ്ട് ദിവസം കഴിഞ്ഞ് ഞാന്‍ സ്‌കൂളിലേക്കു പോയി.  ഹെഡ്മാഷെ കണ്ട് റെക്കോര്‍ഡ് ബുക്ക് എടുത്ത് നോക്കിയപ്പോഴാണ് ഞാന്‍ സത്യമറിഞ്ഞത്.  ആ കുട്ടി കഴിഞ്ഞ വര്‍ഷവും അതേ ക്ലാസ്സില്‍ തോറ്റതായിരുന്നു.  എന്റെ മനസ്സ് വല്ലാതെ സങ്കടപ്പെട്ടു.  ഒന്നിച്ചിരുന്ന് ഫൈനല്‍ റിസല്‍ട്ട് ചാര്‍ട്ട് ചെയ്യുമ്പോള്‍ ഏതെങ്കിലും സഹാധ്യാപകന് പറഞ്ഞ് തരാമായിരുന്നു-അവള് ഒരു വര്‍ഷം തോറ്റതാണെന്ന്..എങ്ങനെയെങ്കിലും ജയിപ്പിച്ചേക്കെന്ന്......
മൂന്നാം വര്‍ഷവും ഒരേ ക്ലാസ്സില്‍ തന്നെ പഠിക്കാനിരിക്കേണ്ട ദുര്‍ഗതി വന്നപ്പോള്‍ ആ കുട്ടി ക്ലാസ്സ്മാഷെ ശപിച്ചിട്ടുണ്ടാവുമോ...?  എന്നെ വല്ലാതെ നിസ്സഹായനാക്കിയ ആ സംഭവം ഓര്‍ക്കുമ്പോള്‍ ഇപ്പോഴുമുണ്ട് മനസ്സിനുള്ളില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തൊരു നീറ്റല്‍...എന്നോട് ക്ഷമിക്കു കുട്ടീ...എനിക്കറിയില്ലായിരുന്നു....

Saturday, April 30, 2011

കടലിനക്കരെയുള്ള പ്രിയ കൂട്ടുകാരന് ഒരു നോമ്പുകാലത്ത് എഴുതിയ കത്ത്...

ഭൂലോകത്തിന്റെ ഏതോ ഒരു കോണില്‍
നാടും വീടും പ്രിയപ്പെട്ടവയൊക്കെയും വിട്ട്
മരുഭൂമിയുടെ പച്ചപ്പിലേക്ക് പ്രവാസപ്പെട്ട്, പ്രയാസപ്പെട്ട്
സ്വപ്നങ്ങള്‍ കൊയ്യാന്‍ ഇറങ്ങിത്തിരിച്ച്
ഇടതടവില്ലാതെ, ഓര്‍മ്മകളില്‍ കടലിനിക്കരെയുള്ള
കനലും പേറി നടക്കുന്ന ഒരുപാടു പ്രവാസികളില്‍ ~ഒരാളായ
എന്റെ കളിക്കൂട്ടുകാരന്.....
അസ്സലാമു അലൈകും...

....അറേബ്യന്‍ അത്തറു മണക്കുന്ന, ഈത്തപ്പഴത്തിന്റെ മൊഞ്ചും മോറുമുള്ള, സുഖനിദ്രയുടെ സൗന്ദര്യമുള്ള, ഗൃഹാതുരത്വത്തിന്റെ സുഗന്ധമുള്ള, സുന്ദരസുരഭിലമായ നല്ലൊരു റംസാന്‍/ഈദുല്‍ഫിത്വര്‍ ആശംസിക്കുന്നു.
    ഏറെ വൈകിപ്പോയെങ്കിലും ഈ റംസാന്‍മുബാറക് നിനക്കുള്ളതാണ്...നിദ്രയില്‍ കൂടെ വന്ന് ഉണര്‍ന്നപ്പോള്‍ വിട്ട്പിരിഞ്ഞുപോയ സുന്ദരമായൊരു സ്വപ്നം പോലെ നോമ്പിന്റെ ആദ്യത്തെ രണ്ട് 'പത്തുകള്‍' (റഹ്മത്തിന്റെ പത്തും, മഗ്ഫിറതിന്റെ പത്തും) തീര്‍ന്നുപോയി...ഒരു പത്തുമണിപ്പൂ വിടര്‍ന്നു കൊഴിയുന്നതു പോലെ പെരുന്നാളും പെട്ടന്ന് വന്നങ്ങുപോകും....ഓര്‍മ്മകളില്‍ വീണ്ടും ഞാന്‍ ഒറ്റയ്ക്കാവും.....തീര്‍ച്ച.
    തന്റെ അനന്തമായ കാരുണ്യത്തിന്റെ ഖജനാവില്‍ നിന്ന് നമുക്കീ ജീവിതം തന്ന ജഗന്നിയന്ഥാവിന് ഒരായിരം സ്ഥുതി...അല്‍ഹംദുലില്ലാഹ്...ലോകത്തിലെ സകല ജീവജാലങ്ങളെയും വ്യത്യസ്ഥമായ രീതിയില്‍ സൃഷ്ടിക്കുകയും ഒരേ പോലെ, ഒരേ പരിഗണനയില്‍ പരിപാലിച്ചുപോരുകയും ചെയ്യുന്ന സകലലോക രക്ഷിതാവിന്റെ കരുണാകടാക്ഷം നമ്മില്‍ സദാ വര്‍ഷിക്കുമാറാകട്ടെ.  അവന്റെ ജന്നാതുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ചുകൂടാന്‍ തൗഫീക് പ്രധാനം ചെയുമാറാകട്ടെ.....ആമീന്‍.
    നാളൊരുപാടായി വല്ലാതെ നീണ്ട് പോകുന്ന, വായിച്ചാല്‍ തീരാത്ത  ഒരു കത്തയക്കണമെന്ന് ബിജാരിച്ചിറ്റ്.  പക്ഷേ പറ്റണ്ടേ...എങ്ങനെയൊക്കെയോ എവിടെയൊക്കെയോ നമ്മളുപോലുമറിയാതെ നമുക്കിടിയിലൊരു കമ്മ്യൂണിക്കേഷന്‍ ഗ്യാപുണ്ടാവുന്നുണ്ടോ എന്ന്  ഇടക്കു ഞാന്‍ വല്ലാതെ സങ്കടപ്പെടാറുണ്ട്.  എന്താ ചെയ്ക....ആരോടാ പറയുക....പടച്ചോന്‍ എല്ലാരിക്കും കൊടുത്ത പോലെ ദിവസത്തിലിരുപത്തിനാല് മണിക്കൂറ് എനിക്കും തന്നിരിക്കുന്നു..പക്ഷെങ്കില് ഒന്നും ഒന്നിനും തെകയാത്തപോലെ.....ഈ സമയം എന്നു പറഞ്ഞാല് ഭയങ്കര സംഗതിയാ...കാലം എന്ന മഹാസത്യം നമ്മുടെ കണക്കുകൂട്ടലുകള്‍ക്കുമപ്പുറത്താണ്.........ജീവിതവീഥിയില്‍ നമ്മെയും കടന്നുപോകുന്ന കാലത്തിന് ഒരിക്കലും ഒരു മടക്കമില്ല......കൊഴിഞ്ഞുവീഴുന്ന ദിനരാത്രങ്ങള്‍ തിരിച്ചുവരില്ല...ആയുസ്സില്‍ നിന്നും അറ്റുപോകുന്ന കണ്ണികള്‍ക്കു പകരം പുതിയകണ്ണികള് കൂട്ടിച്ചേര്‍ക്കപ്പെടുകയില്ല....അതുകൊണ്ടു തന്നെ സമയം വളരെയേറെ വിലപ്പെട്ടതാണ്.  പക്ഷേ ആരറിയുന്നു സമയമാം രഥതിന്റെ വേഗത.....പക്ഷെങ്കില് ഈ ദുനിയാവില് നമ്മള് ചെലവാക്കുന്ന ഓരോ സെക്കന്റിനെ കുറിച്ചും നാളെ പടച്ചോനെന്തായാലും ചോദിക്കാണ്ടിരിക്കൂല......!
    ഇത് ടൈപ് ചെയ്ത് ഇക്കോലത്തിലാക്കാന്‍ കൊറേ ദെവസം എട്ത്ത് ഇപ്പൊ നോമ്പ് 18 ആയി....ആരും അറിയാണ്ട് നോമ്പിന്റെ റഹ്മത്ത് പത്ത് പറന്ന്‌പോയി...മഗ്ഫിറത്തിന്റെ പത്തില് നിക്കുമ്പോള്‍ കാര്യമായിട്ട് പൊറുക്കലിനെ തേടണ്ടത്..'റഹ്മത്തിന്റെ പത്തിനെ വേണ്ടപോലെ ഉപയോഗപ്പെടുത്താന്‍ പറ്റീല്ല...പൊറുക്കണേ' എന്നാണ്.  ഇനീപ്പം മുമ്പ് ചെയ്തുപോയ പാപങ്ങളെല്ലാം എണ്ണിയെണ്ണിപ്പറഞ്ഞ് മോചനത്തിനുവേണ്ടി ദുആര്ക്കുമ്പളേക്കും മഗ്ഫിറത്തിന്റെ ഇപ്പത്തും കഴിഞ്ഞ്‌പോകുവോന്നാ ന്റെ പേടി...പിന്നെ വരുന്നതോ നരകമോചനത്തിന്റെ പത്തും.  പക്ഷെങ്കില് കയിഞ്ഞ നോമ്പിനേക്കാളും ബെറ്ററാ ട്ടോ...ഖുര്‍ആന്‍ ഓത്ത് കൂടുതല്‍ മുന്നോട്ട് എത്തീക്കില്ലെങ്കിലും ഖുര്‍ആന്‍ പഠനം കൊറച്ചൊക്കെ നടക്കണ്ണ്ട്...നാട്ടില്‍ സുബ്ഹിക്ക് ശേഷം ഖുര്‍ആന്‍ ക്ലാസുണ്ട്...പിന്നെ കിട്ടുന്ന സമയത്തൊക്കെ പടച്ചോനോട് സൊകാര്യം പറയാറുണ്ട്.  രഹസ്യങ്ങളും സൊകാര്യങ്ങളും പറയാന്‍ എക്കാലത്തും നല്ലത് പടച്ചോന്‍ തന്ന്യാ....ആകെക്കൂടി ഒരു ഭക്തിനിര്‍ഭരമായ സുന്ദര സുരഭിലമായൊരന്തരീക്ഷം...ഇന്നല്‍ ഹംദ ലില്ലാഹ്...
    പിന്നെ സുഹൃത്തേ നാട്ടിലെ നോമ്പൊക്കെ ഒരുപാട് മാറിപ്പോയിക്ക്...പലപ്പോഴും പറഞ്ഞതുപോലെ പണ്ടത്തെ നോമ്പിന്റെ സുഖവും നിര്‍വൃതിയും ഇന്നത്തെ നോമ്പിന് നഷ്ടപ്പെട്ടുപോയി.  എന്നു പറഞ്ഞാല്‍ മന്‌സന്മാര് നഷ്ടപ്പെടുത്തി.  ആര്‍ക്കും ഇപ്പൊ ഒന്നിനും നേരമില്ല.  ഇപ്പൊ സകലം ഫാസ്റ്റ്ഫുഡല്ലേ...സ്വന്തം വീട്ടിലെ ബാക്കലെ കോലായിലിരുന്ന് കുഞ്ഞിപ്പത്തില് പരത്ത്ന്ന പെണ്ണുങ്ങളുടെ പഴയകാല നോമ്പുകാലം ഇന്ന് വെറുമൊരോര്‍മ്മ മാത്രം....നോമ്പ്തുറകളൊക്കെ ഒരു കുറവും ബെര്ത്താണ്ട് കുതുകുലായിറ്റെന്നെ പലേടത്തും പതിവുപോലെ നടക്കണ്ണ്ട്..പക്ഷേ നോമ്പ് തൊറപ്പിച്ചതിന്റെ കൂലിയും പുണ്യോം നഷ്ടപ്പെടുത്തുന്ന കോലത്തില്‍ ആര്‍ഭാടവും  പായ്യ്യാരോം ആക്കീറ്റ് പടച്ചോന്റെ പ്രീതിക്ക് പകരം ദേഷ്യം സമ്പാദിക്കുന്ന ഒരു രൂപത്തിലാണ് ഇന്ന് നമ്മടെ നാട് നീങ്ങിക്കൊണ്ടിരിക്കുന്നത്...പടച്ചതമ്പുരാന്‍ കാക്കട്ടെ.....ആമീന്‍.  കടലിനക്കരെ കുത്തിരിഞ്ഞിറ്റ് നാട്ടാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ നാടിന്റെ നന്മക്കു വേണ്ടീട്ടും പ്രാര്‍ത്ഥിക്കണം.
    പിന്നെ മ്മളെ നാട്ടില് ഇക്കുറി റിലീഫ് കമ്മിറ്റീന്റെ വക നോമ്പ്‌തൊറ കയിച്ച്ക്ക്...വളരെ ലളിതമായിട്ട്...സൂപ്പീക്കേം, അമ്മദ്‌ക്കേം, മമ്മീക്കേം, ഹൈദറും, മുനീറും, സാജീം, ഹാരിസും, കാല്യേട്ടറമ്പത്തെ കാസിമും.....അങ്ങനെയങ്ങനെ ഒരുപാടു ഗള്‍ഫുകാര് നാട്ടിലുണ്ടായ ഈ അപൂര്‍വ്വ റംസാന്‍ ഞങ്ങള്‍ ശരിക്കും ആഘോഷിച്ചു.  'ഇഫ്താര്‍മീറ്റും ശിഹാബ്തങ്ങള്‍ റിലീഫ് സെല്‍ ഉദ്ഘാടനവും' എന്ന പേരിലാണ് പരിപാടി നടന്നത്.. റിലീഫ് കമ്മിറ്റിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്  നാട്ടിലിങ്ങനെ ഒരിഫ്താര്‍ മീറ്റ് നടക്കുന്നത്, നടത്തുന്നത്......റിലീഫ് പ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ അര്‍ഹര്‍ക്ക് അര്‍ഹമായ രീതിയില്‍ അര്‍ഹമായത്  എത്തിച്ചിട്ടുണ്ട്, എത്തിക്കുന്നുണ്ട്....ഒരു ടണ്‍ വാക്കുകളേക്കാളും ഒരു ടീസ്പൂണ്‍ സഹായമാണ് മനുഷ്യര്‍ക്ക് ഗുണം ചെയ്യുക എന്നാണല്ലോ...അങ്ങനെ ഞങ്ങള്‍ പല പാവങ്ങള്‍ക്കും അവരുടെ കഷ്ടപ്പാടില്‍ നിന്നും പടച്ചോന്റേയും റസൂലിന്റേയും പേരില്‍ താല്‍ക്കാലികാശ്വാസം നല്‍കിക്കൊണ്ടിരിക്കുന്നു.
    ഞാന്‍ നിന്റെ കാര്യങ്ങളൊന്നും ചോദിക്കാണ്ട് ന്റെ കാര്യം മാത്രം പറഞ്ഞ്‌പോവുമ്പോ ഞ്ഞെന്താ ഒന്നും പറയാത്തേ...പിന്നെ ന്തെല്ലാ അന്റെ നോമ്പുകാല വിശേഷങ്ങള്‍....ആകെക്കൂടി മൊത്തം ടോട്ടലായിറ്റ് അനക്കവിടെ സുഖമല്ലേ....ഞമ്മളെ ചങ്ങായിമാര്‍ക്കും.....? നിങ്ങളില്‍ പലരും ദുബായീന്റെ പല അറ്റത്താണെന്നറിയ, ന്നാലും മൊബൈലിലൂടെ നിങ്ങളെന്നും അടുത്ത് തന്ന്യാന്നാ ഞാന്‍ ബിജാരിക്ക്ന്നത്....നോമ്പിനെ നോമ്പിന്റെ രീതിയിലും ഭാവത്തിലും താളത്തിലും കൂടെക്കൊണ്ട്‌നടക്കാന്‍ പറ്റ്ന്ന്ണ്ടാവും ല്ലേ...ഖുര്‍ആന്‍ ഓതാന്‍...തറാവീഹും വിത്‌റും നിസ്‌കരിക്കാന്‍, എല്ലാ പൂര്‍ണ്ണതയോടും കൂടി നോമ്പ് തുറക്കാന്‍, ചോറ്തിന്നുകൊണ്ട് നോമ്പ് നോല്‍ക്കാന്‍ ...ഒക്കെ പറ്റ്ന്ന്‌ണ്ടോ കുട്ടാ....നോമ്പായോണ്ട് പൊരേലേക്ക് എടക്കെടക്ക് ബിളിക്കാറ്‌ണ്ടോ....
    പിന്നെ പെണ്ണ്‌കെട്ടിന്റെ കാര്യം പറയ്വയാണെങ്കില് ഒരുപാട് പറയേണ്ടിബെരും...ഭൂമിയില്‍ ദിനോസറിന്റെ വഴിയേ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ജീവിയാണ് നല്ല പെണ്‍കുട്ടികളെന്നത് നാട്ടിലെ പാട്ട്......ഇപ്പൊ ആണ്‍പിള്ളേരൊക്കെ അനുഭവിച്ചോണ്ടിരിക്കുന്ന പാഠം...നല്ല പെണ്‍പിള്ളേര്‍ തീരെ ഇല്ല എന്നല്ല, ഉണ്ട് പക്ഷെ രക്ഷിതാക്കള്‍ പണ്ടത്തെപ്പോലെ കല്യാണത്തിനു തയ്യാറാവുന്നില്ല.  'ഞാളോള പഠിപ്പിക്ക്ന്ന'...എന്നാണ് രക്ഷിതാക്കളുടെ രാഷ്ട്രീയം...ഇവരൊക്കെ പെണ്‍പിള്ളേരെ ബയസ്സാവ്ന്ന ബെരെ പഠിപ്പിച്ചിറ്റെന്താ കലക്ടര്‍മാരാക്ക്ന്നാ........'ന്റെ കുടീലൊതുങ്ങ്ന്ന പെണ്ണാച്ചാല്‍ കൊണായി'...എന്ന് കരുതുന്ന ആളാ ഞാന്‍...പിന്നെ ജോലീം കൂലിയുമൊക്കെയുള്ള ഇനത്തിനെ കെട്ട്യാല് ജീവിതത്തില് ഒരു സൊയ്‌ര്യവും പൊറുതിയും ഉണ്ടാവില്ലാന്നാണ് എനിക്കെന്റെ ചില സുഹൃത്തുക്കളുടെ ജീവിതം കൊണ്ട് മനസ്സിലായത്...നമ്മള് വീട്ടിക്കയറിച്ചെല്ലുമ്പോ നമ്മളെ ചിരിച്ചോണ്ട് സ്വീകരിക്കാനൊരു പെണ്ണ്...അത്രയൊക്കെ വിശാലതയല്ലടോ നമ്മുടെയൊക്കെ മനസ്സിനുള്ളൂ...? എന്താ നിന്റെ അഭിപ്രായം...ഇത് ഇന്നേക്കോ നാളേക്കോ മറ്റന്നാളത്തേക്കോ മാണ്ട്യതല്ലല്ലോ...ഇണയായി തുണയായി അങ്ങോളം മാണ്ട്യതല്ലേ....ഒറങ്ങ്‌ന്നോന ബിളിച്ച് ചോറുണ്ടെന്ന് പറഞ്ഞ് ബെറ്‌തെ കൊതിപ്പിച്ചിറ്റ് ഇപ്പോ ഇങ്ങനെ……..മാന്‍ പ്രൊപോസസ് ഗോഡ് ഡിസ്‌പോസസ്...(മനുഷ്യന്‍ ആലോചിക്കുന്നു പടച്ചോന്‍ നടപ്പിലാക്കുന്നു) എന്ന് പറഞ്ഞത് എത്ര ശരി.....!? അല്ലെങ്കിലും പ്രിയകൂട്ടുകാരൊന്നും കൂടെയില്ലാത്തപ്പോളെന്തു കല്യാണം....ല്ല്‌യോ...?
    പിന്നെ നാട്ടാര്‍ക്കും മാണ്ടീറ്റ് നാട് വിട്ട് പോയ  നിങ്ങള്, ഗള്‍ഫുകാര്, ഒരേ സങ്കടോം പേറി-അക്കരെയാണെങ്കിലും ഞങ്ങളൊക്കെ ജീവിക്കുന്ന അതേ ആകാശത്തിന്റെ തന്നെ മേല്‍ക്കൂരയില്‍ ആ മരുഭൂമിയില്‍ ഒറ്റക്കിരുന്ന് (കരച്ചിലു വരുമ്പോള്‍ കുടുസ്സായ കുളിമുറിയില്‍ കയറി ആരും കേള്‍ക്കാതിരിക്കാന്‍ പൈപ്പ് ഉച്ചത്തില്‍ തുറന്നു വെച്ച്....) ഉരുകിത്തീരുന്നു എന്നറിയുമ്പോള്‍ എനിക്കെന്താടാ പറയാന്‍ കഴിയ്വാ....എല്ലാം ജീവിതത്തിന്റെ ഭാഗം തന്നെ...ഇദ്ദുനിയാവില് എന്തൊക്കെ സങ്കടങ്ങള് എങ്ങനെയൊക്കെ സഹിക്കുന്ന മനുഷ്യരാ ഉള്ളത്....എവിടെയോ ഒളിപ്പിച്ച കണ്ണുനീര്‍ പുറത്തു കാണാതിരിക്കാന്‍ ഏറെ പണിപ്പെട്ട് ചിരിച്ചുകാണിക്കുന്ന എത്രയെത്ര മനുഷ്യരാ നമ്മുടെയൊക്കെ കണ്ണുകള്‍ക്ക് മുന്നിലൂടെ ദിവസവും കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്............അത്‌കൊണ്ട് എത്രവലിയ സങ്കടം വന്നാലും സങ്കടപ്പെടാതിരിക്കുക. അതാണ് പുതിയ കാലത്തിന്റെ പാഠം....മുകളില്‍ ഒരാളുണ്ട് എല്ലാം കാണാനും അറിയാനും....ഹസ്ബുനല്ലാഹ്... 
    പിന്നെ നിങ്ങളുടെയൊക്കെ തിരിച്ചു വരവിന്റെ കാര്യമെങ്ങനെയാ...ഇനിയും ഒരു നോമ്പ് കൂടി മരുഭൂമിയില്‍ കഴിച്ച്കൂട്ടണോ....നാട്ടില് ബന്നിറ്റ് ആ തടിയും ബണ്ണോം ഗ്ലാമറും എല്ലാം കാണിച്ചിറ്റ് മ്മക്കും കെട്ടണ്ടെ ചക്കരേ ഒരു പെണ്ണ്......ഇങ്ങളെല്ലം ബന്നിറ്റ് വേണം എനക്കും ഒരു നിക്കാഹ് കഴിക്കാന്‍.....ഒപ്പം നടന്ന ചങ്ങായിമാരൊക്കെ കടല് കടന്നപ്പൊ ഇബ്ട, നാട്ടില് ശരിക്കും ഞനൊറ്റക്കാ....ആകെ പ്രശ്‌നത്തിലാ ഞാന്‍...ഒന്നിനും ഒരെത്തും പിടിയും കിട്ടണില്ല......ഒക്കെയും പിടിവിട്ട് പോകുന്നുണ്ടോന്നൊരു സംശയം...ആകെക്കൂടി ഒരു മരവിപ്പാണ് മനസ്സിന്...ഇടക്കിവിടെ നാട്ടില്‍ നല്ല കനത്ത മഴ പെയ്യാറുണ്ടെങ്കിലും എന്റെ മനസ്സിലിതുവരെ നല്ലൊരു മഴ പെയ്തിട്ടില്ല...കാര്‍മേഘം മൂടിക്കെട്ടിക്കിടന്നിറ്റ് കാലം കൊറേയാവുന്നു.........പാതിരിപ്പറ്റ-മീത്തലോയില്ന്ന് ഒരു ജീപ്പ് കക്കട്ടിലേക്ക് പോയാലും, കരിപ്പൂര്ന്ന് ഒരു ഫ്‌ളൈറ്റ് ഷാര്‍ജക്ക് പറന്നാലും അതിനൊക്കെ ഒരു സമയോം ദൂരോം കാലോം അകലോം ഒക്കെയുണ്ട്....പക്ഷേ മനുഷ്യന്മാരുടെ ആശക്കും പൂതിക്കും ഒരു കയ്യും കണക്കുമില്ല...മനസ്സാകെയും മരുഭൂമി കണക്കെ വറ്റി വരണ്ട് കെടക്ക്വാ.....എങ്ങാനും ഒരു വെള്ളം കണ്ടാല്‍ ഓടിച്ചെന്ന് നോക്കും...പക്ഷേ അത് വെറും മരീചികയായിരിക്കും...മനുഷ്യനെ കൊതിപ്പിക്കുന്ന മരീചിക...അടുക്കുന്തോറും അകന്നകന്ന്‌പോകുന്ന സന്തോഷങ്ങള്‍....അകലുന്തോറും അടുത്തടുത്ത് വരുന്ന സങ്കടങ്ങള്‍.......എല്ലാം ഒറ്റക്ക് സഹിക്കുമ്പോളൊരു സുഖമുണ്ട്.......ആകെക്കൂടി ഒരു പായ്യ്യാരത്തിന്റെ വേദനയുള്ള സുഖം....എന്നാലും ഖുര്‍ആന്റെ വാക്കുകളില്‍ എനിക്ക് പ്രതീക്ഷയുണ്ട്...ഇന്ന മഅല്‍ ഉസ്‌രി യുസ്‌റാ.. (തീര്‍ച്ചയായും പ്രയാസത്തിനുശേഷം ഒരെളുപ്പമുണ്ട്)
     ഈ റംസാനില്‍ ഏറെക്കുറെ ഞാന്‍ ഫ്രീയായിരുന്നുവെങ്കിലും ആ ഫ്രീ ടൈം എനിക്ക് നോമ്പിന് വേണ്ട വിധം ഉപയോഗിക്കാന്‍ കഴിഞ്ഞില്ലാന്ന് പറയുന്നതാവും ശരി.  കഴിഞ്ഞുപോയ റംസാനുകളുടെ (നമ്മളൊക്കെ ഒന്നിച്ചുണ്ടായിരുന്ന നോമ്പുകാലങ്ങള്‍..) അത്രയങ്ങ് മധുരിക്കാന്‍ ഇക്കൊല്ലത്തെ നോമ്പിന് കഴിയുന്നില്ല. തുടര്‍ന്നുവരുന്ന പെരുന്നാളിന്റെ സ്ഥിതിയും മോശമാവില്ല.  എന്തിനു പറയുന്നു ഖുര്‍ആനില്‍ നിന്ന് ഒരു ഖത്തം മുഴുവന്‍ ഓതാനെനിക്കു കഴിഞ്ഞില്ല. റംസാന്‍ മാസം മുഅ്മിനിന്റെ സൗഭാഗ്യ മാസമാണല്ലോ.  പക്ഷേ, പങ്കുവെക്കാന്‍ ആളില്ലാതായാല്‍...ഏത് സൗഭാഗ്യത്തിനാടാ മധുരിക്കാനാവുക....നിനക്കറിയാലോ നാട്ടിലാരാ ബാക്കിയുള്ളത്...ഉള്ള് തുറന്നൊന്ന് തമാശ പറഞ്ഞ് ചിരിക്കാന്‍ പോലും എനിക്കിപ്പോ കഴിയുന്നില്ല...... ....എനിക്കൊരെത്തും പിടിയും കിട്ടുന്നില്ല...ഓര്‍മ്മകളുടെ ഭാണ്ഢവും പേറി മരുഭൂമിയിലൂടെ നടക്കുന്ന ഒട്ടകത്തെ പോലെ എന്റെ മനസ്സ് എങ്ങാണ്ടൊക്കെയോ അലയുകയാണ്....ഒരുമിച്ചുണ്ടായിരുന്നപ്പോള്‍ നമ്മളു പൊട്ടിച്ച തമാശകളൊക്കെ എന്നോട് മാത്രമല്ല, ഈ നാടിനോടു തന്നെ മറന്നു പോയ അവസ്ഥയാണ്.....ഒന്നിനും പഴയ ആരവങ്ങളളോ ആവേശങ്ങളോ ഇല്ല....എല്ലാരും യന്ത്രങ്ങളാണ്.....വെറുതെയൊരു കോമഡി പറയാന്‍പോലും ആര്‍ക്കും സമയമില്ല....അന്നേരം കൂടി മൊബൈലില്‍ ഞെക്കിക്കളിക്കാനുള്ള തത്രപ്പാടിലാണ് എല്ലാ ഹമുക്കുകളും.....  നോമ്പിന് ഖുര്‍ആന്‍ ഓതുമ്പോള്‍ എത്രയായി എത്രയായി എന്നു നോക്കി വാശിയോടെ ഓതിത്തീര്‍ക്കാന്‍ നൗഷാദ് കൂട്ടിനുണ്ടാവുമായിരുന്നു..ബട്ട് അവനും കടല്‍ കടന്നപ്പോള്‍ ഞാന്‍ ശരിക്കുമിവിടെ ഒറ്റയ്ക്കായി...ഖുര്‍ആന്‍ കയ്യിലെടുത്ത് മറിച്ചാല്‍ കിട്ടുന്ന പേജില്‍ നിന്ന് കുറച്ചെങ്കിലും ഓതി ബാക്കി വീട്ടില്‍ നിന്ന് സുബഹിക്ക് ഓതാമെന്ന് പറഞ്ഞ് ആ നേരവും കിടന്നുറങ്ങുന്ന നംശിദിന്റെ തമാശകള്‍ക്കും ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ കണ്ണുനീരിന്റെ നനവാണ്...................പണ്ടിങ്ങനൊരു കാലം കഴിഞ്ഞ്‌പോയിട്ടുണ്ടായിരുന്നു എന്ന് പേര്‍ത്തും പേര്‍ത്തും പറഞ്ഞ് മനസ്സിനെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുകയാ.....കാര്യങ്ങളിലേറ്റവും വലിയ കാര്യം സ്വന്തം കാര്യം...അതുകൊണ്ടു തന്നെ എല്ലാവരും അവനവന്റെ ജീവിതം കരക്കടുപ്പിക്കാനുള്ള ബേജാറിലാണ്...അതിനിടക്ക് നൊസ്റ്റാള്‍ജിയക്കൊക്കെ എന്ത് വില....രാജമാണിക്യത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ യെന്തൊരക്കെ യെന്തൊരണ്ണെ...യെന്തിരായാലും ഇല്ലോളം ഉണ്ട് ട്ടാ സങ്കടോള്ളില്......
        പിരിയുന്നു മിത്രങ്ങള്‍
        പകല്‍പാല്‍പോല്‍ പിരിഞ്ഞൊടുവില്‍
        ഞാന്‍ ഒറ്റയാകുന്നു..
    ശരിക്കും ഈ നോമ്പിന് വിജാരിച്ചപോലെ ഖുര്‍ആന്‍ ഓതിത്തീര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും ബാക്കിയൊക്കെ (തറാവീഹും, വിത്‌റും, സദകയും, റിലീഫ് പ്രവര്‍ത്തനങ്ങളും...മറ്റും...) വേണ്ടപോലെ ചെയ്തൂട്ടോ..അങ്ങനെ കുട്ട്യേള പത്തും, ബല്യോലെ പത്തും വെടിവെച്ചത് പോലെ വളരെ പെട്ടന്ന് ചൂളം വിളിച്ച് കടന്നുപോയി...ബയസന്മാരുടെ പത്തും കണ്ണ് ചിമ്മിത്തൊറക്കന്ന വേഗത്തില് കടന്നങ്ങ് പോകും....ലൈലത്തുല്‍ ഖദ്‌റിന് വേണ്ടി ആവതു ശ്രമിക്കണം...പടച്ചോന്‍ ലൈലത്തുല്‍ ഖദ്‌റ് കൊണ്ട് വിജയിക്കുന്ന മുത്തഖീങ്ങളുടെ കൂട്ടത്തില്‍ നമ്മെയും നമ്മുടെ ബന്ധപ്പെട്ടവരെയും ഉള്‍പ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ...ഒരു ചരിത്രസംഭവം ഓര്‍മ്മ വരുന്നു.  പണ്ട് മൂന്ന് യുവാക്കള്‍ ഒരുമിച്ച് ഒരു യാത്രപോയി. വഴിമധ്യേ അവര്‍ വിശ്രമിക്കാനായി ഒരു ഗുഹയില്‍ കയറിയിരുന്നു. അല്പസമയം കഴിഞ്ഞപ്പോള്‍ എങ്ങനെയോ ഒരു വലിയ പാറക്കല്ലു വീണ് ആ ഗുഹാമുഖം അടഞ്ഞുപോയി. എത്ര ശ്രമിച്ചിട്ടും അവര്‍ക്കത് നീക്കം ചെയ്യാന്‍ കഴിഞ്ഞില്ല.  അങ്ങനെ അവര്‍ ഒരു കാര്യം ചെയ്തു. തങ്ങള്‍ ചെയ്ത നന്മകള്‍ മുന്‍നിര്‍ത്തി പടച്ചോടനോട് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.  ആ കല്ലു നീങ്ങി, അവര്‍ രക്ഷപ്പെട്ടു....സുഹൃത്തെ നമുക്കൊക്കെ പടച്ചോനോട് പ്രാര്‍ത്ഥിക്കുമ്പോള്‍ മുന്‍നിര്‍ത്താനായി എന്താണുള്ളത്...അതുകൊണ്ട് പരസ്പരം പ്രാര്‍ത്ഥനകള്‍ സൂക്ഷിക്കുക.  ഒരു സുഹൃത്തിനു വേണ്ടി അയാളുടെ അഭാവത്തില്‍ മറ്റൊരു സുഹൃത്ത് പ്രാര്‍ത്ഥിച്ചാല്‍ അത് ഉത്തരം കിട്ടാന്‍ ഏറ്റവും സാധ്യതയുള്ളതാണ്..ഉടയതമ്പുരാന്‍ നമ്മുടെ പ്രാര്‍ത്ഥനകളും അമലുകളും പോരായ്മകള്‍ തീര്‍ത്ത് സ്വീകരിക്കുമാറാകട്ടെ..ആമീന്‍.  നല്ല കാര്യങ്ങള്‍  പടച്ചോന്‍ നേരത്തെയാക്കിത്തരട്ടെ...ആരോഗ്യവും ആഫിയത്തും നല്‍കട്ടെ...
    പിന്നെ നിങ്ങളുടെ പെരുന്നാള്‍ ആഘോഷം എങ്ങിനെയായിരിക്കും എന്നതിനെകുറിച്ച് ചോദിച്ച്  ഞാന്‍ നിങ്ങളെ സങ്കടപ്പെടുത്തുന്നില്ല.....ലീവ്‌നാളും പെരുന്നാളുനാളും ഒരുമിച്ച് വരുമ്പോ മുഴുവനും ഉറങ്ങി ഹയാത്താക്ക്വാരിക്കും ല്ലേ....പക്ഷേ കഫ്റ്റീരിയയില്‍ വര്‍ക്ക് ചെയ്യുന്നോര്‍ക്ക് അന്ന് ശ്വാസം കഴിക്കാന്‍പോലും നേരമുണ്ടാവൂലാലോ....കാണാന്‍ പോകുന്ന പൂരമെന്തിനാ പറഞ്ഞറിയിക്കുന്നത്........ എന്റെ ഈ വര്‍ഷത്തെ പെരുന്നാളും കഴിഞ്ഞവര്‍ഷത്തതിനേക്കാള്‍ നന്നാവൂല എന്നെനിക്കുറപ്പുണ്ട്.....പിന്നെ നോമ്പ് കഴിയാത്തതുകൊണ്ടും ഈ വര്‍ഷത്തെ പെരുന്നാളിന് ഇനിയും ദിവസങ്ങള്‍ ബാക്കിയുള്ളതുകൊണ്ടും ഞാന്‍ കഴിഞ്ഞ വര്‍ഷത്തെ പെരുന്നാള്‍ അനുഭവം പറയാം......നിങ്ങളൊക്കെ പോയി ഞാന്‍ ഒറ്റക്കായ ആദ്യ പെരുന്നാളായിരുന്നു കഴിഞ്ഞകൊല്ലത്തെ ചെറിയ പെരുന്നാള്‍.....ആ പെരുന്നാളിന് ഉറങ്ങാനും ഉണരാനും കഴിയാത്ത ആകെക്കൂടി  മൂടിക്കെട്ടിയ ഒരവസ്ഥയിലായിരുന്നു..ഞാന്‍....ആകെ സുഹൃത്തുക്കളെന്നു (മനസ്സില്‍) പറയാന്‍കഴിയുന്നതായി നാട്ടില്‍ ആരും ബാക്കിയുണ്ടായിരുന്നില്ല എന്നു വേണം പറയാന്‍.......എന്നാലും പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ്, വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം മാത്രം വീണുകിട്ടുന്ന സൗഭാഗ്യനിമിഷത്തില്‍ തമ്മില്‍ ചിരിക്കാന്‍ മറക്കുന്നവരെപ്പോലും സലാം ചൊല്ലി മുസാഫഹത്ത് ചെയ്ത് കെട്ടിപ്പിടിച്ച് മനസ്സു കൊണ്ട് വല്ലാതെ സന്തോഷിച്ചു...പിന്നെ ഉച്ചവരെ വീടുകള്‍ കയറിയിറങ്ങി...ഉച്ചപിരിഞ്ഞപ്പോള്‍  നേരത്തേ കൂടെ നടന്നവര്‍ അവരവരുടെ ഭാര്യമാരെയും കൂട്ടി 'വീട്ടിലേക്ക്' പോയി.
(അവരെക്കെ നേരത്തെ കല്യാണം കഴിച്ചിക്കേനും..ഞാന്‍ പിന്നെ പ്രായമാകാത്തത്‌കൊണ്ടും മറ്റും........'അല്ലേലും കല്യാണംന്ന് വെച്ചാല്‍ ജീവിതത്തിലെ ഒരു മഹാസംഭവമൊന്നുമല്ല') ഞാന്‍ മീത്തല്‍വയല്‍ ടൗണില്‍ ഓര്‍മ്മപ്പെരുന്നാളിന്റെ പൊടിപിടിച്ച് പരിയേക്കാന്റെ പീടികക്ക് സമീപം കണ്ണൂട്ടി കെരട്ട്‌പ്പോയ പയ്യിനെ പോലെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.......പെരുന്നാളുച്ചക്ക് പെരുമഴ പെയ്തപോലെ എന്ന് പറയാറേ ഉണ്ടായിരുന്നുള്ളൂ പക്ഷേ എന്റെ ആഘോഷം അവിടെ തീര്‍ന്നു.  ഒറ്റപ്പെടലിന്റെ പെരുമഴയില്‍ നനഞ്ഞുകുതിര്‍ന്ന ഞാന്‍ പള്ളിയില്‍ നിന്നും ളുഹറും അസറും (ജമാഅത്തായിറ്റ് തന്നെ) നിസ്‌കരിച്ച് എന്റെ പൊരേലേക്ക് പോയി...പെരുന്നാളിന്റെ ചരിത്രത്തിലാദ്യമായി നേരമിരുട്ടും മുമ്പേ പൊരേല് തിരിച്ചെത്തിയ എന്നെ കണ്ട് ഉമ്മയും മറ്റും ചോദിച്ചു...'ഇഞ്ഞേടേം പോയിക്കില്ലേ..?..'ഞാനൊന്നും  മിണ്ടിയില്ല.  പകരം ഇങ്ങനെ പറഞ്ഞു. 'ഞാന്‍ ഗള്‍ഫില്‍ പോവ്വ്വാണ്....'പുതിയ പേന്റും കുപ്പായവുമിട്ട് വീട്ടിന്റെ കോലായിലിരുന്ന് ഞാന്‍ ജീവിതത്തില്‍ കഴിഞ്ഞുപോയ നല്ല പെരുന്നാള്‍പകലുകള്‍ അയവിറക്കി.............എന്റെ കണ്ണു നിറഞ്ഞുപോയി........അങ്ങനെ എല്ലാരും സന്തോഷിക്കുന്ന ദിവസം ഞാന്‍ വല്ലാതെ സങ്കടപ്പെട്ടു.......സാരമില്ല.  തീര്‍ച്ചയായും ഒരു പ്രയാസത്തിന് ഒരു എളുപ്പമുണ്ട് എന്ന് ഖുര്‍ആന്‍ ഓര്‍മ്മിപ്പിക്കുന്നു. ബിയോണ്ട് ദി വെയ്ല്‍ ഓഫ് ഈച് നൈറ്റ് ദേര്‍ ഈസ് എ സ്‌മൈലിങ് ഡോണ്‍..(ഏത് ഇരുള്‍മൂടിയ രാത്രിക്കു പിന്നിലും പുഞ്ചരിക്കുന്നൊരു പ്രഭാതമുണ്ട്) എന്ന് ഖലീല്‍ ജിബ്രാന്‍ എഴുതിവെച്ചിരിക്കുന്നു. ഇനിയൊരു പെരുന്നാളു കൂടി ഏകാന്തതയ്ക്കു 'ബലി' കൊടുക്കാതിരിക്കാന്‍ എത്രയും പെട്ടന്ന് (അടുത്തത് ബലിപെരുന്നാളാണല്ലോ) ഞാന്‍ കടല്‍ കടന്നിരിക്കും...എന്നു ഞാന്‍ മനസ്സില്‍ കണക്കുകൂട്ടി.....ഇപ്പോളറിയുന്നു...നമ്മുടെ കണക്കുകളൊക്കെയും തെറ്റാനുള്ളതാണ്....തെറ്റിത്തെറ്റി ഇല്ലാണ്ടാവാനുള്ളതാണ്......തെറ്റാത്ത കണക്ക് റബ്ബുല്‍ ആലമീന്റെ കയ്യിലാണ്.....അതു പോലെ മാത്രേ നടക്കൂ...എല്ലാം...........ഇതൊന്നും പറയാനും കേള്‍ക്കാനും ആരുമില്ലായിരുന്നു...അതുകൊണ്ടാ ഞാനിപ്പൊ ഇതൊക്കെ ഓര്‍ത്തെടുത്ത് ഇങ്ങനെ കുത്തിക്കുറിക്കുന്നത്......
    പിന്നെ നിങ്ങളുടെയൊക്കെ ജോലിയില്‍ സുഖമായിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു...... കഴിഞ്ഞ പെരുന്നാളിന് ഒരു സുഹൃത്ത് വിളിച്ചപ്പോള്‍ സുഖമാണെന്നും മനസ്സമാധാനം മാത്രം ഇല്ലെന്നും പറഞ്ഞു...എന്താണ് ഒരു പ്രവാസിയുടെ മനസ്സമാധനാത്തിന് ഭംഗം വരുത്തുന്നതെന്നെനിക്ക് പൂര്‍ണ്ണമായും അറിയില്ല...... കടലിനക്കരെ ജോലി ചെയ്യുന്ന എല്ലാവുരടെയും പ്രശ്‌നമാണോ, അതോ നാടും വീടും ഓര്‍മ്മയില്‍ നൊമ്പരപ്പെടുത്തിയിട്ടാണോ..ഒന്നുമെനിക്കറിയില്ല ...ഞാനൊരിക്കലും ഗള്‍ഫില്‍ ജോലി ചെയ്തിട്ടില്ലല്ലോ...അലാ ബിദിക്‌രില്ലാഹി തത്മഇന്നുല്‍ ഖുലൂബ്...(ദൈവ സ്മരണ കൊണ്ട് ഹൃദയങ്ങള്‍ ശാന്തമാകുന്നു.)  എല്ലാം പടച്ചോനില്‍ ഭരമേല്‍പിക്കണം.  അവനില്‍ എല്ലാത്തിനും ശാന്തിയുണ്ട്.  ഇടക്കൊക്കെ ഉമ്മാനെ വിളിക്കണം....മനസ്സറിയുന്ന കൂട്ടുകാരെ വിളിക്കണം......ഇത്രയൊക്കെയല്ലേ ഇക്കരെയിരുന്ന്‌കൊണ്ട് എനിക്കെഴുതാനും പറയാനും ചെയ്യാനുമൊക്കെ കഴിയുള്ളൂ....
    സീ യു. നെക്സ്റ്റ്.  തല്‍ക്കാലം ഞാന്‍ നിര്‍ത്തട്ടെ ...വായിച്ചതും വായിക്കാതെ പോയതും, പറഞ്ഞതും പറയാതെ പോയതും ഒക്കെ മനസ്സിലുണ്ടാവണം...ജോലിത്തിരക്കൊഴിഞ്ഞ് നേരം കിട്ടുകയാണെങ്കില്‍ (നിര്‍ബന്ധമായും) മറുപടി എഴുതണം....
    സ്‌നേഹത്തോടെ, സ്വന്തം സാദിഖ്.

എന്നോ കാലം മായ്ച്ചുകളഞ്ഞു
സ്‌നേഹമൂറും ചിത്രങ്ങള്‍...
എങ്ങോ
ദൂരെ പോയിമറഞ്ഞു
മേഘംപോലെ മോഹങ്ങള്‍....

Friday, March 25, 2011

ബോംബ് വീണ് മുറിവേറ്റ നാദാപുരത്തിന്റെ മനസ്സിന്...



          'നിങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവൃത്തിച്ചാലും ഇല്ലെങ്കിലും പൊട്ടാറായൊരു ബോംബ് നിഴലുപോലെന്നും നിങ്ങളെ പിന്തുടരുന്നുണ്ട്'!  ശുദ്ധരാഷ്ട്രീയത്തിന്റെ നല്ല കാലങ്ങള്‍ മറന്ന നമുക്ക് നാദാപുരത്തു നിന്നും വായിച്ചെടുക്കാനാവുന്നത് ഇങ്ങനെയാണ്.  സുരക്ഷിതമായ കുടുംബജീവിതത്തിന് ഒരു വീട്ടില്‍ ഒരു ബോംബെങ്കിലും വേണമെന്നായിരിക്കുന്നു നാദാപുരത്തിന്റെ ഇന്നത്തെ ചുറ്റുപാടുകള്‍.  ഉത്സവങ്ങള്‍ക്ക് മേനി കൂട്ടാന്‍ അമിട്ട് പൊട്ടിക്കുന്നതുപോലെ സമാധാനക്കമ്മറ്റികളുടെ എണ്ണം കൂട്ടാന്‍ ബോംബുകള്‍ നിര്‍ത്താതെ പൊട്ടുന്നു.  തൊട്ടതിനും പിടിച്ചതിനുമെല്ലാം കമ്മറ്റികള്‍ കൂടിക്കൂടി 'സമാധാനം' എന്ന വാക്കിനു തന്നെ സമാധാനം ഇല്ലാതായിരിക്കുന്നു.  വെറുതെ പാവം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നേതാക്കള്‍ ഒത്തു കൂടി അതിന് 'സമാധാനക്കമ്മിറ്റി' എന്നു പേരും കൊടുത്ത് ചായയും ബിസ്‌കറ്റും കഴിച്ച് സമാധാനത്തോടെ പിരിഞ്ഞുപോകുന്നു.  അപ്പോഴും 'സമാധാനം' എന്ന വാക്ക്  പുറംലോകം കാണാനാകാതെ നിഘണ്ടുവില്‍ കിടന്ന് വീര്‍പ്പുമുട്ടുന്നു.  അന്നു രാത്രി വഴിപാടുപോലെ വീണ്ടും പൊട്ടുന്നു ബോംബ്. 
               ഇതിന് ഒരു മാറ്റം വേണമെങ്കില്‍ നാദാപുരത്തിന്റെ മനസ്സു മാറണം.  പ്രശ്‌നങ്ങളുടെ തുടക്കത്തില്‍ ഒരു പോസ്റ്റര്‍ കീറുന്നത് 'മാര്‍കിസ്റ്റ് - ലീഗ്' എന്ന പേരിലാണെങ്കില്‍, രാത്രി ഇരുട്ടില്‍ ബോംബ് പൊട്ടുമ്പോഴേക്കും അത് 'ഓലും - ഞമ്മളും' ആയി മാറുന്നു.  നേതാക്കന്‍മാര്‍ക്ക് അത് രാഷ്ട്രീയമാണെങ്കില്‍ അണികള്‍ക്ക് വര്‍ഗ്ഗീയമാണ്.  പക്ഷേ അന്വേഷിച്ചാല്‍ അറിയാം സത്യം!  കലാപത്തിന്റെ അണിയറയില്‍ അണികള്‍ക്കു മാത്രമല്ല നേതാക്കള്‍ക്കും വര്‍ഗ്ഗീയ മനസ്സാണെന്ന്.  അതുകൊണ്ടായിരിക്കാം എത്രയെത്ര കമ്മറ്റികള്‍ കൂടിയിട്ടും 'സമാധാനം' എന്ന വാക്ക് പ്രവൃത്തിയിലെത്തുമ്പോള്‍ 'അസമാധാനം' എന്നാവുന്നത്...ബോംബുകള്‍ വീടുകള്‍ക്കുമേല്‍ വീണ്ടും വീണ്ടും വീണു പൊട്ടുന്നത്....
                     ഗ്രാമങ്ങളുടെ ഉള്‍പ്രദേശങ്ങളില്‍ സ്‌ഫോടനവും നിലവിളിയും ഉയരുമ്പോള്‍ സമാധാനം സമാധാനം എന്ന് ഒച്ച വെച്ച് നേതാക്കന്‍മാര്‍ ഒത്തുകൂടേണ്ടത് ടി.ബി.യിലും കലക്‌ട്രേറ്റ് ഓഫീസിലുമല്ല.  മറിച്ച് ഗ്രാമത്തിലേക്കിറങ്ങണം.  നാദാപുരത്ത് പ്രശ്‌നമുണ്ടാവുമ്പോള്‍ സമാധാനക്കമ്മറ്റിയില്‍ പങ്കെടുക്കേണ്ടത് ജില്ലാ നേതാവല്ല.  പകരം പ്രാദേശിക നേതാക്കളെ പങ്കെടുപ്പിക്കണം.  സമാധാന ദൂതുമായി പാര്‍ട്ടി മറന്ന്, കൊടി മറന്ന് വീടുകള്‍ കയറിയിറങ്ങണം.  ഗ്രാമങ്ങളുടെ ഹൃദയങ്ങളില്‍ സൗഹാര്‍ദ്ദാന്തരീക്ഷം ഉണ്ടാക്കണം.  പത്രങ്ങളില്‍ സമാധാനക്കമ്മറ്റിയെ കുറിച്ച് വലിയ അക്ഷരത്തില്‍ വാര്‍ത്ത വന്നതു കൊണ്ടു കാര്യമായില്ല, കലാപങ്ങള്‍ കൊണ്ട് മുറിവേറ്റ സാധാരണ മനുഷ്യരുടെ മനസ്സുകളില്‍ വേണം സമാധാനത്തിന്റെ വിത്തുകള്‍ പാകാന്‍....സമാധാനത്തിനുള്ള ശ്രമങ്ങള്‍ സ്വന്തം വീട്ടില്‍ നിന്നു തുടങ്ങണം.  പാര്‍ട്ടി ഓഫീസുകളില്‍- നമ്മളൊക്കെ മനുഷ്യരാണെന്നും, എവിടെ നിന്നായാലും ഉയരുന്നത് മനുഷ്യന്റെ സങ്കടങ്ങളാണെന്നും, നിലവിളികള്‍ക്ക് എപ്പൊഴും ഒരേ സ്വരമാണെന്നും ഉള്ള തിരിച്ചറിവ് നല്‍കുന്ന പ്രസംഗങ്ങള്‍ ഉണ്ടാവണം.  അണികളെ തിരുത്താന്‍ നേതാക്കള്‍ ആത്മാര്‍ത്ഥത കാണിക്കണം.  നേതാക്കളുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ അണികള്‍ക്ക് ധൈര്യം പകരണം.  എത്ര വലിയ രാഷ്ട്രീയ പ്രതിയോഗിയാണെങ്കിലും അപരന്റെ കണ്ണീരില്‍ ആഹ്ലാദപ്രകടനങ്ങള്‍ നടത്തുകയെന്ന അത്യന്തം നീജവും മനുഷ്യത്വ രഹിതവുമായ പ്രവണതകള്‍ പാടേ തുടച്ചു നീക്കണം.  പാര്‍ട്ടി സ്‌നേഹവും സമുദായ സ്‌നേഹവും തമ്മില്‍ കൂട്ടിക്കുഴക്കാതെ ആരോഗ്യകരമായൊരു രാഷ്ട്രീയാന്തരീക്ഷം വീണ്ടെടുത്ത് തിരിച്ചറിവിലൂടെയും തിരുത്തിലൂടെയും, കലാപ കലുഷിതമായ നാദാപുരത്തിന്റെ ആകാശം നമുക്ക് വീണ്ടെടുക്കണം.  ദൈവം അനുഗ്രഹിക്കട്ടെ.

Friday, March 18, 2011

കോന്തലയ്ക്കല്‍ കെട്ടിയ പിന്നെയും പിന്നെയും മധുരിക്കുന്നൊരു നെല്ലിക്ക.

പാട്ടോര്‍മ്മ:

ഞാനും യേശുദാസും ഒരുമിച്ചു പാടിയിട്ടുണ്ട്! അതെങ്ങിനെയെന്നു ചോദിച്ചാല്‍, യേശുദാസ് റേഡിയോയില്‍ പാടുമ്പോള്‍ കേള്‍ക്കുന്ന ഞാന്‍ ഒപ്പം പാടും!! ഇത് പഴയൊരു തമാശ.  പക്ഷേ, ഏതൊരു തമാശയിലുമുണ്ടാവും ഇത്തിരിയെങ്കിലും കാര്യം എന്നതുപോലെ എന്നെ സംബന്ധിച്ചിടത്തോളം തമാശയ്ക്കപ്പുറം ഇത് വലിയൊരു കാര്യമാണ്.  ചുരുക്കിപ്പറഞ്ഞാല്‍  ഒരു പാട്ട് ആസ്വദിക്കണമെങ്കില്‍ എനിക്കത് കേള്‍ക്കുന്നതോടൊപ്പം പാടുകയും വേണം.
കോളേജില്‍ പഠിക്കുന്ന കാലത്ത് ഇംഗ്ലീഷ് കവികളില്‍ ഏറ്റവും ഇഷ്ടം പി.ബി. ഷെല്ലിയോടായിരുന്നു.  യാഥാസ്തികതക്കെതിരെ പോരാടിയ, ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അങ്ങേയറ്റം സ്‌നേഹിച്ച, വ്യവസ്ഥാപിത ചട്ടക്കൂടുകളുടെ മുള്ളുവേലികള്‍ പൊളിച്ചെറിഞ്ഞ അദ്ദേഹത്തിന്റെ പ്രശസ്ഥമായൊരു ഉദ്ധരണിയുണ്ട്. "Our sweetest songs are those, that tell of saddest thought". ശരിക്കും പറഞ്ഞാല്‍ ഇത് കൊണ്ട് കവി ഉദ്ധേശിച്ചത്; 'കേള്‍വിക്കാരന്റെ സങ്കടങ്ങള്‍ പാടുന്ന പാട്ടുകളാണ് കേള്‍ക്കാന്‍ മാധുര്യമുള്ളതാവുക' എന്നാണ്.  പക്ഷേ, കവിത എഴുതിക്കഴിഞ്ഞാല്‍ കവി മരിക്കുന്നു എന്നും ബാക്കിയാകുന്ന കവിത പിന്നെ വായനക്കാരന്റേതാണെന്നും പണ്ടേതോ ഒരു നിരൂപകന്‍ പറഞ്ഞതു പ്രകാരം ഞാനതിന് എന്റേതായൊരു വ്യാഖ്യാനം കൊടുത്തു.  'അവനവനു വേണ്ടി അവനവന്‍ പാടുന്ന പാട്ടകളാണ് ലോകത്തിലേറ്റവും സുന്ദരമായ പാട്ടുകള്‍' എന്ന്. അതുകൊണ്ടുതന്നെ നമുക്കിഷ്ടപ്പെട്ട പാട്ടുകള്‍ ഏറ്റവും നന്നായി ആസ്വദിക്കണമെങ്കില്‍ നമ്മളു തന്നെ മൂളണം.  ഒരു യേശുദാസ് പാടിയാലും അതത്രയ്ക്കങ്ങ് മധുരിക്കില്ല.  ദൈവാനുഗ്രഹം കൊണ്ട് (എനിക്ക് പാടാനുള്ള കഴിവില്ലെങ്കിലും) പാടുന്നത് മറ്റുള്ളവര്‍ക്ക് അലോസരമുണ്ടാവാത്ത രൂപത്തില്‍ പാടാനുള്ള മാധുര്യമൊക്കെ എന്റെ ശബ്ദത്തിനുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നൊരു പാമരനാം പാട്ടുകാരനാണു ഞാന്‍.  പക്ഷേ, സുഹൃത്തുക്കള്‍ പലവട്ടം നിര്‍ബന്ധിക്കുമ്പോഴും അറിയാതെയെങ്കിലും പാടിപ്പോവാതിരിക്കാന്‍  ഞാന്‍ പ്രത്യകം ശ്രദ്ധിക്കുമായിരുന്നു. 'പാടിയ പാട്ടുകളേക്കാള്‍ പാടാത്ത പാട്ടുകള്‍ക്കാണ് മധുരം' എന്ന കീറ്റ്‌സിന്റെ വരികള്‍ മനസ്സിലുള്ളതുകൊണ്ടു തന്നെ സുഹൃത്തുക്കളുടെ സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധിക്കലുകള്‍ ഞാന്‍ തന്ത്രപരമായി മറ്റൊരു സമയത്തേക്കു മാറ്റിവെക്കും.  അറിയാതെയെങ്ങാന്‍ പാടിപ്പോയാല്‍ തീര്‍ന്നില്ലേ എല്ലാം.  'ഇവന്‍ പാടും' എന്ന വിശ്വാസം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴില്ലേ.!  പക്ഷേ, ബിരുദ പഠനത്തിന്റെ അവസാനവര്‍ഷംത്തിലെ അവസാന ദിവസം എനിക്കു പാടേണ്ടിവന്നു.  സത്യം പറഞ്ഞാല്‍, പാടാന്‍ വേണ്ടിയല്ല ഞാനന്നു പാടിയത്, പാടാതിരിക്കാന്‍ വയ്യാത്തതുകൊണ്ടാണ്.  മനസ്സിന്റെ എല്ലാ കണ്‍ട്രോളും താക്കോലും കൈവിട്ടുപോയ ആ വിടപറയല്‍ നേരത്ത് കല്ലാച്ചി ദ്രോണാചാര്യ കോളേജിന്റെ വളരെച്ചെറിയ ആ ക്ലാസ്മുറിയില്‍ ഇടറിയ സ്വരത്തില്‍ ഞാന്‍ പാടിയ ആ പാട്ട്, അതുവരെ ഒരു ക്രിത്രിമച്ചിരിക്കു പിന്നിലെവിടെയോ കണ്ണീരൊളിപ്പിച്ച് മിണ്ടാതിരുന്ന പലരിലും ഗദ്ഗദമുയര്‍ത്തിയെന്ന് ഞാനറിയുന്നുണ്ടായിരുന്നു. 
'യാത്രയാകുമീ ഹേമന്തം
നിലാവില്‍ മുങ്ങി നില്‍ക്കുമ്പോള്‍
ദേവദൂതരോ പാടുന്നു
വിലോല ലോല സംഗീതം....
........വെറുതെ വെറുതെ ഹൃദയം തഴുകി
ആരാരുമാറിയാത്തൊരനുരാഗമാം നൊമ്പരം....'
ആ പാട്ടുകേള്‍ക്കുമ്പോള്‍ അറിയാതെന്റെ മനസ്സ് ഇന്നും ആ ക്ലാസ്മുറിയിലേക്കോടിച്ചെല്ലും. 
പാട്ടോര്‍മ്മയില്‍ മറ്റൊരു പാട്ടുകൂടിയുണ്ട് എനിക്കു പങ്കുവെക്കാന്‍.  ആസ്വാദ്യമനസ്സില്‍ എന്നും
ഗൃഹാതുരത്വത്തിന്റെ നോവുകളുണര്‍ത്തിയ-
'ഓത്തുപള്ളീലന്നു നമ്മള്‍
പോയിരുന്ന കാലം
ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തു-
നില്‍ക്കയാണു നീലമേഘം....'
ഇന്നും പുതുമണം മാറാത്ത ഈയൊരു പാട്ടിന്റെ ഇഴപിരിച്ചുള്ള നിരൂപണമല്ല ഞാനിവിടെ ഉദ്ദേശിക്കുന്നത്.  എന്റെ പേരു തന്നെ ആ പാട്ടിനോട് ചേര്‍ത്തുവിളിക്കപ്പെട്ട കഥയെക്കുറിച്ചാണ്.  ഏതൊരു മലയാളിയേയും പോലെ ആ പാട്ട് എനിക്കും പെരുത്തിഷ്ടമായിരുന്നു.  പ്രത്യേകിച്ച് അതിലെ 'ഉപ്പുകൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്നു...' എന്ന വരി.  ഉപ്പിനും പച്ചമാങ്ങയ്ക്കുമിടിയില്‍ കുട്ടിക്കാലം പടര്‍ന്നുപന്തലിച്ച പഴയകാലത്തെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാത്ത പുതുതലമുറയുടെ തിരക്കുപിടിച്ച പാച്ചിലിനിടക്കും ഈ വരിയുടെ പച്ചപ്പ് വല്ലാത്തതാണ്.
ഡിഗ്രി കഴിഞ്ഞ് ബി.എഡിനു പഠിക്കുന്ന കാലം.  പാഠ്യേതര മേഖലയില്‍ എല്ലാവരും അവരവരുടേതായ എന്തെങ്കിലും 'നമ്പറുകള്‍' ഇറക്കേണ്ടത് കോഴ്‌സിന്റെ ഭാഗവും ഇന്റേണല്‍ മാര്‍ക്കിന് അത്യാവശ്യവുമായിരുന്നു. കോളേജിലെ ആര്‍ട്‌സ്‌ഫെസ്റ്റിന്റെ തലേദിവസം.  'എന്റെ വക എന്ത്'   എന്ന് ആലേചിച്ച് നടക്കുമ്പോഴാണ് 'ഓത്തുപള്ളി' യുടെ കരോക്കെ ഡിസ്‌ക് കിട്ടുന്നത്.  വി.ടി. മുരളി പാടി മനോഹരമാക്കിയ ആ പാട്ട് ഞാന്‍ കരോക്കെയുടെ സഹായത്താല്‍ പാടാന്‍ ശ്രമിച്ചു.  എത്ര ശ്രമിച്ചിട്ടും ഞാന്‍ പാടുന്നത് മ്യൂസിക്കിനൊപ്പമാവുന്നില്ല.  എന്റെ പാട്ടിനൊപ്പം മ്യൂസിക്കിന് എത്താനാവുന്നില്ല എന്നു പറയുന്നതാവും ശരി.  പക്ഷേ ഒരു വാശിപ്പുറത്ത് അന്നു രാത്രി ഞാന്‍ മ്യൂസിക്കിനൊപ്പം പാടിപ്പഠിച്ചു.
പിറ്റേറ്റ് വിറച്ചുകൊണ്ട് ഞാന്‍ സ്റ്റേജില്‍ കയറി.  പാടാനറിയുന്ന കിളികള്‍ മാത്രം പാടിയാല്‍ പോരല്ലോ; അങ്ങനെയായിരുന്നെങ്കില്‍ നമ്മുടെ കാടുകളൊക്കെ പണ്ടെന്നോ നിശബ്ദമായിപ്പോകുമായിരുന്നില്ലേ! എന്ന തോന്നല്‍ എനിക്ക് ധൈര്യം തന്നു.  ജീവിതത്തില്‍ ആദ്യമായിട്ടാണ് പാട്ടുപാടാനായി സ്റ്റേജില്‍ കയറുന്നത്.  മ്യൂസിക് വരുന്ന ഭാഗങ്ങളും, മ്യൂസികും പാട്ടും ഒരുമിച്ചു വരുന്ന ഭാഗങ്ങളും കൃത്യമായി എഴുതിയും വരച്ചും വെച്ച ഒരു കടലാസ് എന്റെ കയ്യിലുണ്ടായിരുന്നു.  ആസ്വാദനത്തിന്റെ പുതുഭാഷയില്‍ ഞാന്‍ കണ്ണുമടച്ച് മനം നിറഞ്ഞുപാടി.  പാടിക്കഴിഞ്ഞപ്പോള്‍ നിറഞ്ഞ കയ്യടി.  'പാട്ട് നന്നായി', എല്ലാവരും തോളില്‍തട്ടി പറഞ്ഞു.  എന്നിലുമുണ്ടായിരുന്നു ഉറങ്ങിക്കിടക്കുന്നൊരു പാട്ടുകാരന്‍ എന്ന് ഞാനും തെല്ലിട ആഹ്ലാദിക്കാതിരുന്നില്ല.  നടാടെ പാട്ടിയ ആ പാട്ട് നന്നായപ്പോള്‍ 'ഞമ്മളെ ഓത്തുപള്ളി' എന്ന് പലരും സ്‌നേഹത്തോടെ കളിയാക്കിത്തുടങ്ങി.  അങ്ങനെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇന്റേണല്‍ മാര്‍ക്കിലേക്ക് ഈ 'ഓത്തുപള്ളി' എനിക്കൊരു കൈത്താങ്ങായി.
മറ്റൊരു പാട്ടും ഞാന്‍ പാടിയാല്‍ നന്നാകില്ല എന്ന തോന്നലുകൊണ്ടോ, വേറൊന്ന് പാടാനുള്ള ധൈര്യമില്ലാത്തതുകൊണ്ടോ എന്താണെന്നറിയില്ല, പിന്നീട് കിട്ടിയ പല വേദികളിലും ഞാനെന്റെ 'ഓത്തുപള്ളി'യെ ഓര്‍ത്തുകൊണ്ടേയിരുന്നു. 
ഇപ്പോഴും, പാട്ടുകേള്‍ക്കുക എന്നതിനപ്പുറം പാട്ടുപാടുക എന്ന തോന്നലുണ്ടാവുമ്പോള്‍ എന്റെ മനസ്സില്‍ ഓടിയെത്തുക 'ഓത്തു പള്ളി'യിലെ മൊല്ലാക്കയും ചൂരലും നെല്ലിക്കയുമൊക്കെയാണ്.  ഇനിയുമൊരുപാട് പാട്ടുകള്‍ പാടിപ്പഠിച്ചാസ്വദിക്കണമെന്നുണ്ട്.  പക്ഷേ, പാടാനോര്‍ത്തരാ മധുരിത ഗാനങ്ങളൊന്നും പാടാനെനിക്കിതേവരെ ധൈര്യം മതിയായിട്ടില്ല.  നിറയെ പാട്ടുകള്‍ പൂത്തുലഞ്ഞ കാലമെങ്കിലും നിറയാത്തതാവുന്നു എന്റെ പാട്ടുപെട്ടി.
If winter comes can spring be far behind..?

GRAMAM...

thirike vilikkunnu gramam...