Tuesday, June 21, 2011


പ്രകൃതിയോളം നിറം
ഏതു ചിത്രത്തിനുണ്ട്..........

വയനാട്ടിലേക്കുള്ള യാത്രയില്‍
വണ്ടിയൊന്നു നിര്‍ത്തി
ക്യാമറ ക്ലിക്ക് ചെയ്തപ്പോള്‍
നിറങ്ങളേഴല്ല....എഴുനൂറും ചാലിച്ചൊരു ചിത്രം കിട്ടി...
ആകാശത്തിന്റെ ചിത്രകാരന്‍ നമുക്കായ് വരച്ചു വെച്ചത്....
പക്ഷെ....
എത്രകാലമുണ്ടാവും ഇങ്ങനെയുള്ള കാഴ്ചകള്‍....
ഒക്കെയും അവനനവന്റെ ലാഭത്തിനുവേണ്ടി
ഊറ്റിയെടുക്കുകയല്ലേ മനുഷ്യന്‍.......

Wednesday, June 15, 2011

ശലഭം വഴിമാറുമാ മിഴിരണ്ടിലും നിന്‍ സമ്മതം.........ഇലകള്‍ക്കടിയില്‍ ഒളിഞ്ഞിരുന്ന് സ്‌നേഹിക്കുന്ന
ഈ ചിത്രശലഭങ്ങള്‍ അറിയാതെിയെങ്കിലും നമുക്ക് പകര്‍ന്നു തന്നത്
മനോഹരമായൊരു കാഴ്ച.....
പ്രകൃതി സൗന്ദര്യങ്ങളില്‍ ഇങ്ങനെയെത്രയെത്ര കാണാക്കാഴ്ചകള്‍.................

##ഇരക്കും വേട്ടക്കാരനുമിടയില്‍ വിശപ്പ് വില്ലനാവുമ്പോള്‍....###

##ഇരക്കും വേട്ടക്കാരനുമിടയില്‍
വിശപ്പ് വില്ലനാവുമ്പോള്‍....###
-----------------------------------------------
താന്‍ പെട്ടിരിക്കുന്നത്
ചിലന്തിയുടെ കെണിയിലാണെന്ന്
ഈ പ്രാണിക്ക് നന്നായറിയാം...
പക്ഷെ എന്തു ചെയ്യാന്‍.........?
തല തിരിഞ്ഞ ഈ ലോകത്ത്
വേട്ടക്കാരന്റെ വിശപ്പിനേക്കാള്‍ വലുതല്ലല്ലോ...
ഒരു ഇരയുടെ മരണവും.......!!!
വേട്ടയാടിക്കൊണ്ടിരിക്കുന്നവര്‍ എന്നും
വേട്ടയാടിക്കൊണ്ടിരിക്കുന്നു...
ഇരകള്‍ ഇരകളാക്കപ്പെടുകയും.......

be narture to nature....


സ്‌നേഹമുള്ള ഹൃദയങ്ങളെ
പ്രകൃതി ഒരിക്കലും കൈവിടില്ല...

വയനാട്ടിലേക്കുള്ള ചുരം യാത്രക്കിടയില്‍
പകര്‍ത്തിയത്.......

നമുക്കെന്തൊക്കെയാ നഷ്ടപ്പെടുന്നത്...

മുറ്റത്തൊരു ചാമ്പ മരം
വീടിന്റെ ഐശ്വര്യമായിരുന്നു പണ്ട്....
അയലത്തെ വീട്ടിലെ കുട്ടികള്‍ക്കൊരു നേരമ്പോക്കായിരുന്നു..
പക്ഷെ ഇപ്പൊ....?
എന്തിനു പറയുന്നു മുറ്റത്ത് മണ്ണ് പോലുമില്ല
ഇന്റര്‍ലോക്ക് വെച്ച് വീടിന്റെ മുറ്റം
മഴപോലും പെയ്യാത്ത രൂപത്തില്‍ ലോക്ക് ചെയ്തു വെച്ചിരിക്കുകയാ....

ഇത് ഭാരതപ്പുഴയോ....ഭാരതപ്പൂഴിയോ....

തലസ്ഥാന നഗരിയിലേക്കൊരു ട്രെയിന്‍ യാത്രക്കിടയില്‍
നീണ്ടു മെലിഞ്ഞ ഈ മണല്‍പ്പരപ്പിനെ ചൂണ്ടി ആരോ പറഞ്ഞു 'ഭാരതപ്പുഴ' !
പാലത്തിലൂടെയുള്ള ട്രെയിനിന്റെ മെല്ലെപ്പോക്ക് കാരണം
എനിക്ക് ഇങ്ങനൊരു ചിത്രമെടുക്കാന്‍ കഴിഞ്ഞു......
കുന്നുകളും പുഴകളും ലോറിയില്‍ കയറാന്‍ ക്യൂ നില്‍ക്കുന്ന ഈയൊരു കാലത്ത് 

ഭാരതപ്പുഴയുടെ ഈ എല്ലിന്‍കൂട് നിങ്ങളെ നൊമ്പരപ്പെടുത്തിയെങ്കില്‍..........

Wednesday, June 8, 2011

ഞാനും എന്റെ നിഴലും.....


ചില്ലകള്‍ കടന്ന്..
ഇലകള്‍ക്കിടയിലൂടെ
വെയില് ദേഹത്തുവീണപ്പോള്‍
നിഴലു നിലത്തു വരച്ചത്
മനോഹരമായൊരു ചിത്രം....

ഞാനും എന്റെ നിഴലും.....

Thursday, June 2, 2011

രണ്ടു മുഖങ്ങള്‍.......two faces.ഒരു ദിവസം ക്യാമറയുമായി വെറുതെ ചുറ്റിക്കറങ്ങുമ്പോഴാണ് വീടിനോടു ചേര്‍ന്ന് സിമന്റിട്ട നിലത്ത് പഴുത്തൊരു കുഞ്ഞില വീണു കിടക്കുന്നതു കണ്ണില്‍പെട്ടത്.  ക്യാമറ ഓണ്‍ ചെയ്ത് ക്ലിക് ചെയ്യാനൊരുങ്ങവേ മനസ്സില്‍ ഒരു ഐഡിയ തോന്നി....
തൊട്ടടുത്തു നിന്നും ഒരു പച്ചപ്പുല്‍ക്കൊടി പറിച്ചെടുത്ത്‌ ആ പഴുത്ത ഇലയോട് ചേര്‍ത്തുവെച്ചു.  അങ്ങനെ ജീവിതത്തിന്റെ രണ്ടു മുഖങ്ങളെ ഓര്‍മ്മിപ്പിക്കുന്ന മനോഹരമായൊരു ചിത്രമുണ്ടായി.മഴ

മഴ.....
ഇത്,
ഒരു യാത്രയാണ്
മഴയുടെ വ്യാകരണം തേടിയുള്ള,
ഓര്‍മ്മകളുടെ അടരുകളില്‍
നനവു പറ്റിയൊരു യാത്ര.
പെരുമഴ പോലെ
ജീവിതം പെയ്‌തൊലിച്ച
ഒരു മഴക്കാലത്ത്
വഴിയമ്പലത്തില്‍ കണ്ടുമുട്ടിയ
മഴ നനഞ്ഞ കൂട്ടുകാരന്റെ മൊഴി
'മഴ പ്രകൃതിയുടെ തേങ്ങലാണ്'.
സങ്കടങ്ങളുടെ
കാര്‍മേഘങ്ങള്‍
നെഞ്ചിലടക്കിപ്പിടിച്ച്
ഒടുക്കം പിടിവിട്ട്
പെരുമഴയായ്
മണ്ണില്‍
ആഞ്ഞുപതിക്കുന്നു.
ജീവിതകാലം മുഴുവന്‍
ചോര്‍ന്നൊലിക്കാന്‍ മാത്രം
ഏറെ മഴമേഘങ്ങള്‍
ഉള്ളിലുള്ള യാത്രികന്
മഴ
ഒപ്പം കരയുന്ന
അലിവുള്ളൊരു പെണ്ണാകുന്നു.
കിനാവുകള്‍ പെയ്തിറങ്ങിയ
കൗമാരകാലങ്ങളില്‍
ഒരു ഊര്‍ജ്ജമായിരുന്നു മഴ.
പക്ഷേ ഇന്ന്
കഥ മാറി...മഴ മാറി...!
കനിവു മറന്ന മനുഷ്യന്‍
പ്രകൃതിയുടെ മാറില്‍
കുഴപ്പങ്ങള്‍ തീര്‍ത്തപ്പോള്‍
പ്രകൃതി പ്രതിഷേധിക്കുകയാണ്.
ഇടിയായ്..
മിന്നലായ്...
പിന്നെ,
കുത്തിയൊലിക്കുന്ന പെരുമഴയായ്..........

Saturday, April 30, 2011

കടലിനക്കരെയുള്ള പ്രിയ കൂട്ടുകാരന് ഒരു നോമ്പുകാലത്ത് എഴുതിയ കത്ത്...

ഭൂലോകത്തിന്റെ ഏതോ ഒരു കോണില്‍
നാടും വീടും പ്രിയപ്പെട്ടവയൊക്കെയും വിട്ട്
മരുഭൂമിയുടെ പച്ചപ്പിലേക്ക് പ്രവാസപ്പെട്ട്, പ്രയാസപ്പെട്ട്
സ്വപ്നങ്ങള്‍ കൊയ്യാന്‍ ഇറങ്ങിത്തിരിച്ച്
ഇടതടവില്ലാതെ, ഓര്‍മ്മകളില്‍ കടലിനിക്കരെയുള്ള
കനലും പേറി നടക്കുന്ന ഒരുപാടു പ്രവാസികളില്‍ ~ഒരാളായ
എന്റെ കളിക്കൂട്ടുകാരന്.....
അസ്സലാമു അലൈകും...

....അറേബ്യന്‍ അത്തറു മണക്കുന്ന, ഈത്തപ്പഴത്തിന്റെ മൊഞ്ചും മോറുമുള്ള, സുഖനിദ്രയുടെ സൗന്ദര്യമുള്ള, ഗൃഹാതുരത്വത്തിന്റെ സുഗന്ധമുള്ള, സുന്ദരസുരഭിലമായ നല്ലൊരു റംസാന്‍/ഈദുല്‍ഫിത്വര്‍ ആശംസിക്കുന്നു.
    ഏറെ വൈകിപ്പോയെങ്കിലും ഈ റംസാന്‍മുബാറക് നിനക്കുള്ളതാണ്...നിദ്രയില്‍ കൂടെ വന്ന് ഉണര്‍ന്നപ്പോള്‍ വിട്ട്പിരിഞ്ഞുപോയ സുന്ദരമായൊരു സ്വപ്നം പോലെ നോമ്പിന്റെ ആദ്യത്തെ രണ്ട് 'പത്തുകള്‍' (റഹ്മത്തിന്റെ പത്തും, മഗ്ഫിറതിന്റെ പത്തും) തീര്‍ന്നുപോയി...ഒരു പത്തുമണിപ്പൂ വിടര്‍ന്നു കൊഴിയുന്നതു പോലെ പെരുന്നാളും പെട്ടന്ന് വന്നങ്ങുപോകും....ഓര്‍മ്മകളില്‍ വീണ്ടും ഞാന്‍ ഒറ്റയ്ക്കാവും.....തീര്‍ച്ച.
    തന്റെ അനന്തമായ കാരുണ്യത്തിന്റെ ഖജനാവില്‍ നിന്ന് നമുക്കീ ജീവിതം തന്ന ജഗന്നിയന്ഥാവിന് ഒരായിരം സ്ഥുതി...അല്‍ഹംദുലില്ലാഹ്...ലോകത്തിലെ സകല ജീവജാലങ്ങളെയും വ്യത്യസ്ഥമായ രീതിയില്‍ സൃഷ്ടിക്കുകയും ഒരേ പോലെ, ഒരേ പരിഗണനയില്‍ പരിപാലിച്ചുപോരുകയും ചെയ്യുന്ന സകലലോക രക്ഷിതാവിന്റെ കരുണാകടാക്ഷം നമ്മില്‍ സദാ വര്‍ഷിക്കുമാറാകട്ടെ.  അവന്റെ ജന്നാതുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ചുകൂടാന്‍ തൗഫീക് പ്രധാനം ചെയുമാറാകട്ടെ.....ആമീന്‍.
    നാളൊരുപാടായി വല്ലാതെ നീണ്ട് പോകുന്ന, വായിച്ചാല്‍ തീരാത്ത  ഒരു കത്തയക്കണമെന്ന് ബിജാരിച്ചിറ്റ്.  പക്ഷേ പറ്റണ്ടേ...എങ്ങനെയൊക്കെയോ എവിടെയൊക്കെയോ നമ്മളുപോലുമറിയാതെ നമുക്കിടിയിലൊരു കമ്മ്യൂണിക്കേഷന്‍ ഗ്യാപുണ്ടാവുന്നുണ്ടോ എന്ന്  ഇടക്കു ഞാന്‍ വല്ലാതെ സങ്കടപ്പെടാറുണ്ട്.  എന്താ ചെയ്ക....ആരോടാ പറയുക....പടച്ചോന്‍ എല്ലാരിക്കും കൊടുത്ത പോലെ ദിവസത്തിലിരുപത്തിനാല് മണിക്കൂറ് എനിക്കും തന്നിരിക്കുന്നു..പക്ഷെങ്കില് ഒന്നും ഒന്നിനും തെകയാത്തപോലെ.....ഈ സമയം എന്നു പറഞ്ഞാല് ഭയങ്കര സംഗതിയാ...കാലം എന്ന മഹാസത്യം നമ്മുടെ കണക്കുകൂട്ടലുകള്‍ക്കുമപ്പുറത്താണ്.........ജീവിതവീഥിയില്‍ നമ്മെയും കടന്നുപോകുന്ന കാലത്തിന് ഒരിക്കലും ഒരു മടക്കമില്ല......കൊഴിഞ്ഞുവീഴുന്ന ദിനരാത്രങ്ങള്‍ തിരിച്ചുവരില്ല...ആയുസ്സില്‍ നിന്നും അറ്റുപോകുന്ന കണ്ണികള്‍ക്കു പകരം പുതിയകണ്ണികള് കൂട്ടിച്ചേര്‍ക്കപ്പെടുകയില്ല....അതുകൊണ്ടു തന്നെ സമയം വളരെയേറെ വിലപ്പെട്ടതാണ്.  പക്ഷേ ആരറിയുന്നു സമയമാം രഥതിന്റെ വേഗത.....പക്ഷെങ്കില് ഈ ദുനിയാവില് നമ്മള് ചെലവാക്കുന്ന ഓരോ സെക്കന്റിനെ കുറിച്ചും നാളെ പടച്ചോനെന്തായാലും ചോദിക്കാണ്ടിരിക്കൂല......!
    ഇത് ടൈപ് ചെയ്ത് ഇക്കോലത്തിലാക്കാന്‍ കൊറേ ദെവസം എട്ത്ത് ഇപ്പൊ നോമ്പ് 18 ആയി....ആരും അറിയാണ്ട് നോമ്പിന്റെ റഹ്മത്ത് പത്ത് പറന്ന്‌പോയി...മഗ്ഫിറത്തിന്റെ പത്തില് നിക്കുമ്പോള്‍ കാര്യമായിട്ട് പൊറുക്കലിനെ തേടണ്ടത്..'റഹ്മത്തിന്റെ പത്തിനെ വേണ്ടപോലെ ഉപയോഗപ്പെടുത്താന്‍ പറ്റീല്ല...പൊറുക്കണേ' എന്നാണ്.  ഇനീപ്പം മുമ്പ് ചെയ്തുപോയ പാപങ്ങളെല്ലാം എണ്ണിയെണ്ണിപ്പറഞ്ഞ് മോചനത്തിനുവേണ്ടി ദുആര്ക്കുമ്പളേക്കും മഗ്ഫിറത്തിന്റെ ഇപ്പത്തും കഴിഞ്ഞ്‌പോകുവോന്നാ ന്റെ പേടി...പിന്നെ വരുന്നതോ നരകമോചനത്തിന്റെ പത്തും.  പക്ഷെങ്കില് കയിഞ്ഞ നോമ്പിനേക്കാളും ബെറ്ററാ ട്ടോ...ഖുര്‍ആന്‍ ഓത്ത് കൂടുതല്‍ മുന്നോട്ട് എത്തീക്കില്ലെങ്കിലും ഖുര്‍ആന്‍ പഠനം കൊറച്ചൊക്കെ നടക്കണ്ണ്ട്...നാട്ടില്‍ സുബ്ഹിക്ക് ശേഷം ഖുര്‍ആന്‍ ക്ലാസുണ്ട്...പിന്നെ കിട്ടുന്ന സമയത്തൊക്കെ പടച്ചോനോട് സൊകാര്യം പറയാറുണ്ട്.  രഹസ്യങ്ങളും സൊകാര്യങ്ങളും പറയാന്‍ എക്കാലത്തും നല്ലത് പടച്ചോന്‍ തന്ന്യാ....ആകെക്കൂടി ഒരു ഭക്തിനിര്‍ഭരമായ സുന്ദര സുരഭിലമായൊരന്തരീക്ഷം...ഇന്നല്‍ ഹംദ ലില്ലാഹ്...
    പിന്നെ സുഹൃത്തേ നാട്ടിലെ നോമ്പൊക്കെ ഒരുപാട് മാറിപ്പോയിക്ക്...പലപ്പോഴും പറഞ്ഞതുപോലെ പണ്ടത്തെ നോമ്പിന്റെ സുഖവും നിര്‍വൃതിയും ഇന്നത്തെ നോമ്പിന് നഷ്ടപ്പെട്ടുപോയി.  എന്നു പറഞ്ഞാല്‍ മന്‌സന്മാര് നഷ്ടപ്പെടുത്തി.  ആര്‍ക്കും ഇപ്പൊ ഒന്നിനും നേരമില്ല.  ഇപ്പൊ സകലം ഫാസ്റ്റ്ഫുഡല്ലേ...സ്വന്തം വീട്ടിലെ ബാക്കലെ കോലായിലിരുന്ന് കുഞ്ഞിപ്പത്തില് പരത്ത്ന്ന പെണ്ണുങ്ങളുടെ പഴയകാല നോമ്പുകാലം ഇന്ന് വെറുമൊരോര്‍മ്മ മാത്രം....നോമ്പ്തുറകളൊക്കെ ഒരു കുറവും ബെര്ത്താണ്ട് കുതുകുലായിറ്റെന്നെ പലേടത്തും പതിവുപോലെ നടക്കണ്ണ്ട്..പക്ഷേ നോമ്പ് തൊറപ്പിച്ചതിന്റെ കൂലിയും പുണ്യോം നഷ്ടപ്പെടുത്തുന്ന കോലത്തില്‍ ആര്‍ഭാടവും  പായ്യ്യാരോം ആക്കീറ്റ് പടച്ചോന്റെ പ്രീതിക്ക് പകരം ദേഷ്യം സമ്പാദിക്കുന്ന ഒരു രൂപത്തിലാണ് ഇന്ന് നമ്മടെ നാട് നീങ്ങിക്കൊണ്ടിരിക്കുന്നത്...പടച്ചതമ്പുരാന്‍ കാക്കട്ടെ.....ആമീന്‍.  കടലിനക്കരെ കുത്തിരിഞ്ഞിറ്റ് നാട്ടാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ നാടിന്റെ നന്മക്കു വേണ്ടീട്ടും പ്രാര്‍ത്ഥിക്കണം.
    പിന്നെ മ്മളെ നാട്ടില് ഇക്കുറി റിലീഫ് കമ്മിറ്റീന്റെ വക നോമ്പ്‌തൊറ കയിച്ച്ക്ക്...വളരെ ലളിതമായിട്ട്...സൂപ്പീക്കേം, അമ്മദ്‌ക്കേം, മമ്മീക്കേം, ഹൈദറും, മുനീറും, സാജീം, ഹാരിസും, കാല്യേട്ടറമ്പത്തെ കാസിമും.....അങ്ങനെയങ്ങനെ ഒരുപാടു ഗള്‍ഫുകാര് നാട്ടിലുണ്ടായ ഈ അപൂര്‍വ്വ റംസാന്‍ ഞങ്ങള്‍ ശരിക്കും ആഘോഷിച്ചു.  'ഇഫ്താര്‍മീറ്റും ശിഹാബ്തങ്ങള്‍ റിലീഫ് സെല്‍ ഉദ്ഘാടനവും' എന്ന പേരിലാണ് പരിപാടി നടന്നത്.. റിലീഫ് കമ്മിറ്റിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്  നാട്ടിലിങ്ങനെ ഒരിഫ്താര്‍ മീറ്റ് നടക്കുന്നത്, നടത്തുന്നത്......റിലീഫ് പ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ അര്‍ഹര്‍ക്ക് അര്‍ഹമായ രീതിയില്‍ അര്‍ഹമായത്  എത്തിച്ചിട്ടുണ്ട്, എത്തിക്കുന്നുണ്ട്....ഒരു ടണ്‍ വാക്കുകളേക്കാളും ഒരു ടീസ്പൂണ്‍ സഹായമാണ് മനുഷ്യര്‍ക്ക് ഗുണം ചെയ്യുക എന്നാണല്ലോ...അങ്ങനെ ഞങ്ങള്‍ പല പാവങ്ങള്‍ക്കും അവരുടെ കഷ്ടപ്പാടില്‍ നിന്നും പടച്ചോന്റേയും റസൂലിന്റേയും പേരില്‍ താല്‍ക്കാലികാശ്വാസം നല്‍കിക്കൊണ്ടിരിക്കുന്നു.
    ഞാന്‍ നിന്റെ കാര്യങ്ങളൊന്നും ചോദിക്കാണ്ട് ന്റെ കാര്യം മാത്രം പറഞ്ഞ്‌പോവുമ്പോ ഞ്ഞെന്താ ഒന്നും പറയാത്തേ...പിന്നെ ന്തെല്ലാ അന്റെ നോമ്പുകാല വിശേഷങ്ങള്‍....ആകെക്കൂടി മൊത്തം ടോട്ടലായിറ്റ് അനക്കവിടെ സുഖമല്ലേ....ഞമ്മളെ ചങ്ങായിമാര്‍ക്കും.....? നിങ്ങളില്‍ പലരും ദുബായീന്റെ പല അറ്റത്താണെന്നറിയ, ന്നാലും മൊബൈലിലൂടെ നിങ്ങളെന്നും അടുത്ത് തന്ന്യാന്നാ ഞാന്‍ ബിജാരിക്ക്ന്നത്....നോമ്പിനെ നോമ്പിന്റെ രീതിയിലും ഭാവത്തിലും താളത്തിലും കൂടെക്കൊണ്ട്‌നടക്കാന്‍ പറ്റ്ന്ന്ണ്ടാവും ല്ലേ...ഖുര്‍ആന്‍ ഓതാന്‍...തറാവീഹും വിത്‌റും നിസ്‌കരിക്കാന്‍, എല്ലാ പൂര്‍ണ്ണതയോടും കൂടി നോമ്പ് തുറക്കാന്‍, ചോറ്തിന്നുകൊണ്ട് നോമ്പ് നോല്‍ക്കാന്‍ ...ഒക്കെ പറ്റ്ന്ന്‌ണ്ടോ കുട്ടാ....നോമ്പായോണ്ട് പൊരേലേക്ക് എടക്കെടക്ക് ബിളിക്കാറ്‌ണ്ടോ....
    പിന്നെ പെണ്ണ്‌കെട്ടിന്റെ കാര്യം പറയ്വയാണെങ്കില് ഒരുപാട് പറയേണ്ടിബെരും...ഭൂമിയില്‍ ദിനോസറിന്റെ വഴിയേ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ജീവിയാണ് നല്ല പെണ്‍കുട്ടികളെന്നത് നാട്ടിലെ പാട്ട്......ഇപ്പൊ ആണ്‍പിള്ളേരൊക്കെ അനുഭവിച്ചോണ്ടിരിക്കുന്ന പാഠം...നല്ല പെണ്‍പിള്ളേര്‍ തീരെ ഇല്ല എന്നല്ല, ഉണ്ട് പക്ഷെ രക്ഷിതാക്കള്‍ പണ്ടത്തെപ്പോലെ കല്യാണത്തിനു തയ്യാറാവുന്നില്ല.  'ഞാളോള പഠിപ്പിക്ക്ന്ന'...എന്നാണ് രക്ഷിതാക്കളുടെ രാഷ്ട്രീയം...ഇവരൊക്കെ പെണ്‍പിള്ളേരെ ബയസ്സാവ്ന്ന ബെരെ പഠിപ്പിച്ചിറ്റെന്താ കലക്ടര്‍മാരാക്ക്ന്നാ........'ന്റെ കുടീലൊതുങ്ങ്ന്ന പെണ്ണാച്ചാല്‍ കൊണായി'...എന്ന് കരുതുന്ന ആളാ ഞാന്‍...പിന്നെ ജോലീം കൂലിയുമൊക്കെയുള്ള ഇനത്തിനെ കെട്ട്യാല് ജീവിതത്തില് ഒരു സൊയ്‌ര്യവും പൊറുതിയും ഉണ്ടാവില്ലാന്നാണ് എനിക്കെന്റെ ചില സുഹൃത്തുക്കളുടെ ജീവിതം കൊണ്ട് മനസ്സിലായത്...നമ്മള് വീട്ടിക്കയറിച്ചെല്ലുമ്പോ നമ്മളെ ചിരിച്ചോണ്ട് സ്വീകരിക്കാനൊരു പെണ്ണ്...അത്രയൊക്കെ വിശാലതയല്ലടോ നമ്മുടെയൊക്കെ മനസ്സിനുള്ളൂ...? എന്താ നിന്റെ അഭിപ്രായം...ഇത് ഇന്നേക്കോ നാളേക്കോ മറ്റന്നാളത്തേക്കോ മാണ്ട്യതല്ലല്ലോ...ഇണയായി തുണയായി അങ്ങോളം മാണ്ട്യതല്ലേ....ഒറങ്ങ്‌ന്നോന ബിളിച്ച് ചോറുണ്ടെന്ന് പറഞ്ഞ് ബെറ്‌തെ കൊതിപ്പിച്ചിറ്റ് ഇപ്പോ ഇങ്ങനെ……..മാന്‍ പ്രൊപോസസ് ഗോഡ് ഡിസ്‌പോസസ്...(മനുഷ്യന്‍ ആലോചിക്കുന്നു പടച്ചോന്‍ നടപ്പിലാക്കുന്നു) എന്ന് പറഞ്ഞത് എത്ര ശരി.....!? അല്ലെങ്കിലും പ്രിയകൂട്ടുകാരൊന്നും കൂടെയില്ലാത്തപ്പോളെന്തു കല്യാണം....ല്ല്‌യോ...?
    പിന്നെ നാട്ടാര്‍ക്കും മാണ്ടീറ്റ് നാട് വിട്ട് പോയ  നിങ്ങള്, ഗള്‍ഫുകാര്, ഒരേ സങ്കടോം പേറി-അക്കരെയാണെങ്കിലും ഞങ്ങളൊക്കെ ജീവിക്കുന്ന അതേ ആകാശത്തിന്റെ തന്നെ മേല്‍ക്കൂരയില്‍ ആ മരുഭൂമിയില്‍ ഒറ്റക്കിരുന്ന് (കരച്ചിലു വരുമ്പോള്‍ കുടുസ്സായ കുളിമുറിയില്‍ കയറി ആരും കേള്‍ക്കാതിരിക്കാന്‍ പൈപ്പ് ഉച്ചത്തില്‍ തുറന്നു വെച്ച്....) ഉരുകിത്തീരുന്നു എന്നറിയുമ്പോള്‍ എനിക്കെന്താടാ പറയാന്‍ കഴിയ്വാ....എല്ലാം ജീവിതത്തിന്റെ ഭാഗം തന്നെ...ഇദ്ദുനിയാവില് എന്തൊക്കെ സങ്കടങ്ങള് എങ്ങനെയൊക്കെ സഹിക്കുന്ന മനുഷ്യരാ ഉള്ളത്....എവിടെയോ ഒളിപ്പിച്ച കണ്ണുനീര്‍ പുറത്തു കാണാതിരിക്കാന്‍ ഏറെ പണിപ്പെട്ട് ചിരിച്ചുകാണിക്കുന്ന എത്രയെത്ര മനുഷ്യരാ നമ്മുടെയൊക്കെ കണ്ണുകള്‍ക്ക് മുന്നിലൂടെ ദിവസവും കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്............അത്‌കൊണ്ട് എത്രവലിയ സങ്കടം വന്നാലും സങ്കടപ്പെടാതിരിക്കുക. അതാണ് പുതിയ കാലത്തിന്റെ പാഠം....മുകളില്‍ ഒരാളുണ്ട് എല്ലാം കാണാനും അറിയാനും....ഹസ്ബുനല്ലാഹ്... 
    പിന്നെ നിങ്ങളുടെയൊക്കെ തിരിച്ചു വരവിന്റെ കാര്യമെങ്ങനെയാ...ഇനിയും ഒരു നോമ്പ് കൂടി മരുഭൂമിയില്‍ കഴിച്ച്കൂട്ടണോ....നാട്ടില് ബന്നിറ്റ് ആ തടിയും ബണ്ണോം ഗ്ലാമറും എല്ലാം കാണിച്ചിറ്റ് മ്മക്കും കെട്ടണ്ടെ ചക്കരേ ഒരു പെണ്ണ്......ഇങ്ങളെല്ലം ബന്നിറ്റ് വേണം എനക്കും ഒരു നിക്കാഹ് കഴിക്കാന്‍.....ഒപ്പം നടന്ന ചങ്ങായിമാരൊക്കെ കടല് കടന്നപ്പൊ ഇബ്ട, നാട്ടില് ശരിക്കും ഞനൊറ്റക്കാ....ആകെ പ്രശ്‌നത്തിലാ ഞാന്‍...ഒന്നിനും ഒരെത്തും പിടിയും കിട്ടണില്ല......ഒക്കെയും പിടിവിട്ട് പോകുന്നുണ്ടോന്നൊരു സംശയം...ആകെക്കൂടി ഒരു മരവിപ്പാണ് മനസ്സിന്...ഇടക്കിവിടെ നാട്ടില്‍ നല്ല കനത്ത മഴ പെയ്യാറുണ്ടെങ്കിലും എന്റെ മനസ്സിലിതുവരെ നല്ലൊരു മഴ പെയ്തിട്ടില്ല...കാര്‍മേഘം മൂടിക്കെട്ടിക്കിടന്നിറ്റ് കാലം കൊറേയാവുന്നു.........പാതിരിപ്പറ്റ-മീത്തലോയില്ന്ന് ഒരു ജീപ്പ് കക്കട്ടിലേക്ക് പോയാലും, കരിപ്പൂര്ന്ന് ഒരു ഫ്‌ളൈറ്റ് ഷാര്‍ജക്ക് പറന്നാലും അതിനൊക്കെ ഒരു സമയോം ദൂരോം കാലോം അകലോം ഒക്കെയുണ്ട്....പക്ഷേ മനുഷ്യന്മാരുടെ ആശക്കും പൂതിക്കും ഒരു കയ്യും കണക്കുമില്ല...മനസ്സാകെയും മരുഭൂമി കണക്കെ വറ്റി വരണ്ട് കെടക്ക്വാ.....എങ്ങാനും ഒരു വെള്ളം കണ്ടാല്‍ ഓടിച്ചെന്ന് നോക്കും...പക്ഷേ അത് വെറും മരീചികയായിരിക്കും...മനുഷ്യനെ കൊതിപ്പിക്കുന്ന മരീചിക...അടുക്കുന്തോറും അകന്നകന്ന്‌പോകുന്ന സന്തോഷങ്ങള്‍....അകലുന്തോറും അടുത്തടുത്ത് വരുന്ന സങ്കടങ്ങള്‍.......എല്ലാം ഒറ്റക്ക് സഹിക്കുമ്പോളൊരു സുഖമുണ്ട്.......ആകെക്കൂടി ഒരു പായ്യ്യാരത്തിന്റെ വേദനയുള്ള സുഖം....എന്നാലും ഖുര്‍ആന്റെ വാക്കുകളില്‍ എനിക്ക് പ്രതീക്ഷയുണ്ട്...ഇന്ന മഅല്‍ ഉസ്‌രി യുസ്‌റാ.. (തീര്‍ച്ചയായും പ്രയാസത്തിനുശേഷം ഒരെളുപ്പമുണ്ട്)
     ഈ റംസാനില്‍ ഏറെക്കുറെ ഞാന്‍ ഫ്രീയായിരുന്നുവെങ്കിലും ആ ഫ്രീ ടൈം എനിക്ക് നോമ്പിന് വേണ്ട വിധം ഉപയോഗിക്കാന്‍ കഴിഞ്ഞില്ലാന്ന് പറയുന്നതാവും ശരി.  കഴിഞ്ഞുപോയ റംസാനുകളുടെ (നമ്മളൊക്കെ ഒന്നിച്ചുണ്ടായിരുന്ന നോമ്പുകാലങ്ങള്‍..) അത്രയങ്ങ് മധുരിക്കാന്‍ ഇക്കൊല്ലത്തെ നോമ്പിന് കഴിയുന്നില്ല. തുടര്‍ന്നുവരുന്ന പെരുന്നാളിന്റെ സ്ഥിതിയും മോശമാവില്ല.  എന്തിനു പറയുന്നു ഖുര്‍ആനില്‍ നിന്ന് ഒരു ഖത്തം മുഴുവന്‍ ഓതാനെനിക്കു കഴിഞ്ഞില്ല. റംസാന്‍ മാസം മുഅ്മിനിന്റെ സൗഭാഗ്യ മാസമാണല്ലോ.  പക്ഷേ, പങ്കുവെക്കാന്‍ ആളില്ലാതായാല്‍...ഏത് സൗഭാഗ്യത്തിനാടാ മധുരിക്കാനാവുക....നിനക്കറിയാലോ നാട്ടിലാരാ ബാക്കിയുള്ളത്...ഉള്ള് തുറന്നൊന്ന് തമാശ പറഞ്ഞ് ചിരിക്കാന്‍ പോലും എനിക്കിപ്പോ കഴിയുന്നില്ല...... ....എനിക്കൊരെത്തും പിടിയും കിട്ടുന്നില്ല...ഓര്‍മ്മകളുടെ ഭാണ്ഢവും പേറി മരുഭൂമിയിലൂടെ നടക്കുന്ന ഒട്ടകത്തെ പോലെ എന്റെ മനസ്സ് എങ്ങാണ്ടൊക്കെയോ അലയുകയാണ്....ഒരുമിച്ചുണ്ടായിരുന്നപ്പോള്‍ നമ്മളു പൊട്ടിച്ച തമാശകളൊക്കെ എന്നോട് മാത്രമല്ല, ഈ നാടിനോടു തന്നെ മറന്നു പോയ അവസ്ഥയാണ്.....ഒന്നിനും പഴയ ആരവങ്ങളളോ ആവേശങ്ങളോ ഇല്ല....എല്ലാരും യന്ത്രങ്ങളാണ്.....വെറുതെയൊരു കോമഡി പറയാന്‍പോലും ആര്‍ക്കും സമയമില്ല....അന്നേരം കൂടി മൊബൈലില്‍ ഞെക്കിക്കളിക്കാനുള്ള തത്രപ്പാടിലാണ് എല്ലാ ഹമുക്കുകളും.....  നോമ്പിന് ഖുര്‍ആന്‍ ഓതുമ്പോള്‍ എത്രയായി എത്രയായി എന്നു നോക്കി വാശിയോടെ ഓതിത്തീര്‍ക്കാന്‍ നൗഷാദ് കൂട്ടിനുണ്ടാവുമായിരുന്നു..ബട്ട് അവനും കടല്‍ കടന്നപ്പോള്‍ ഞാന്‍ ശരിക്കുമിവിടെ ഒറ്റയ്ക്കായി...ഖുര്‍ആന്‍ കയ്യിലെടുത്ത് മറിച്ചാല്‍ കിട്ടുന്ന പേജില്‍ നിന്ന് കുറച്ചെങ്കിലും ഓതി ബാക്കി വീട്ടില്‍ നിന്ന് സുബഹിക്ക് ഓതാമെന്ന് പറഞ്ഞ് ആ നേരവും കിടന്നുറങ്ങുന്ന നംശിദിന്റെ തമാശകള്‍ക്കും ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ കണ്ണുനീരിന്റെ നനവാണ്...................പണ്ടിങ്ങനൊരു കാലം കഴിഞ്ഞ്‌പോയിട്ടുണ്ടായിരുന്നു എന്ന് പേര്‍ത്തും പേര്‍ത്തും പറഞ്ഞ് മനസ്സിനെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുകയാ.....കാര്യങ്ങളിലേറ്റവും വലിയ കാര്യം സ്വന്തം കാര്യം...അതുകൊണ്ടു തന്നെ എല്ലാവരും അവനവന്റെ ജീവിതം കരക്കടുപ്പിക്കാനുള്ള ബേജാറിലാണ്...അതിനിടക്ക് നൊസ്റ്റാള്‍ജിയക്കൊക്കെ എന്ത് വില....രാജമാണിക്യത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ യെന്തൊരക്കെ യെന്തൊരണ്ണെ...യെന്തിരായാലും ഇല്ലോളം ഉണ്ട് ട്ടാ സങ്കടോള്ളില്......
        പിരിയുന്നു മിത്രങ്ങള്‍
        പകല്‍പാല്‍പോല്‍ പിരിഞ്ഞൊടുവില്‍
        ഞാന്‍ ഒറ്റയാകുന്നു..
    ശരിക്കും ഈ നോമ്പിന് വിജാരിച്ചപോലെ ഖുര്‍ആന്‍ ഓതിത്തീര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും ബാക്കിയൊക്കെ (തറാവീഹും, വിത്‌റും, സദകയും, റിലീഫ് പ്രവര്‍ത്തനങ്ങളും...മറ്റും...) വേണ്ടപോലെ ചെയ്തൂട്ടോ..അങ്ങനെ കുട്ട്യേള പത്തും, ബല്യോലെ പത്തും വെടിവെച്ചത് പോലെ വളരെ പെട്ടന്ന് ചൂളം വിളിച്ച് കടന്നുപോയി...ബയസന്മാരുടെ പത്തും കണ്ണ് ചിമ്മിത്തൊറക്കന്ന വേഗത്തില് കടന്നങ്ങ് പോകും....ലൈലത്തുല്‍ ഖദ്‌റിന് വേണ്ടി ആവതു ശ്രമിക്കണം...പടച്ചോന്‍ ലൈലത്തുല്‍ ഖദ്‌റ് കൊണ്ട് വിജയിക്കുന്ന മുത്തഖീങ്ങളുടെ കൂട്ടത്തില്‍ നമ്മെയും നമ്മുടെ ബന്ധപ്പെട്ടവരെയും ഉള്‍പ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ...ഒരു ചരിത്രസംഭവം ഓര്‍മ്മ വരുന്നു.  പണ്ട് മൂന്ന് യുവാക്കള്‍ ഒരുമിച്ച് ഒരു യാത്രപോയി. വഴിമധ്യേ അവര്‍ വിശ്രമിക്കാനായി ഒരു ഗുഹയില്‍ കയറിയിരുന്നു. അല്പസമയം കഴിഞ്ഞപ്പോള്‍ എങ്ങനെയോ ഒരു വലിയ പാറക്കല്ലു വീണ് ആ ഗുഹാമുഖം അടഞ്ഞുപോയി. എത്ര ശ്രമിച്ചിട്ടും അവര്‍ക്കത് നീക്കം ചെയ്യാന്‍ കഴിഞ്ഞില്ല.  അങ്ങനെ അവര്‍ ഒരു കാര്യം ചെയ്തു. തങ്ങള്‍ ചെയ്ത നന്മകള്‍ മുന്‍നിര്‍ത്തി പടച്ചോടനോട് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.  ആ കല്ലു നീങ്ങി, അവര്‍ രക്ഷപ്പെട്ടു....സുഹൃത്തെ നമുക്കൊക്കെ പടച്ചോനോട് പ്രാര്‍ത്ഥിക്കുമ്പോള്‍ മുന്‍നിര്‍ത്താനായി എന്താണുള്ളത്...അതുകൊണ്ട് പരസ്പരം പ്രാര്‍ത്ഥനകള്‍ സൂക്ഷിക്കുക.  ഒരു സുഹൃത്തിനു വേണ്ടി അയാളുടെ അഭാവത്തില്‍ മറ്റൊരു സുഹൃത്ത് പ്രാര്‍ത്ഥിച്ചാല്‍ അത് ഉത്തരം കിട്ടാന്‍ ഏറ്റവും സാധ്യതയുള്ളതാണ്..ഉടയതമ്പുരാന്‍ നമ്മുടെ പ്രാര്‍ത്ഥനകളും അമലുകളും പോരായ്മകള്‍ തീര്‍ത്ത് സ്വീകരിക്കുമാറാകട്ടെ..ആമീന്‍.  നല്ല കാര്യങ്ങള്‍  പടച്ചോന്‍ നേരത്തെയാക്കിത്തരട്ടെ...ആരോഗ്യവും ആഫിയത്തും നല്‍കട്ടെ...
    പിന്നെ നിങ്ങളുടെ പെരുന്നാള്‍ ആഘോഷം എങ്ങിനെയായിരിക്കും എന്നതിനെകുറിച്ച് ചോദിച്ച്  ഞാന്‍ നിങ്ങളെ സങ്കടപ്പെടുത്തുന്നില്ല.....ലീവ്‌നാളും പെരുന്നാളുനാളും ഒരുമിച്ച് വരുമ്പോ മുഴുവനും ഉറങ്ങി ഹയാത്താക്ക്വാരിക്കും ല്ലേ....പക്ഷേ കഫ്റ്റീരിയയില്‍ വര്‍ക്ക് ചെയ്യുന്നോര്‍ക്ക് അന്ന് ശ്വാസം കഴിക്കാന്‍പോലും നേരമുണ്ടാവൂലാലോ....കാണാന്‍ പോകുന്ന പൂരമെന്തിനാ പറഞ്ഞറിയിക്കുന്നത്........ എന്റെ ഈ വര്‍ഷത്തെ പെരുന്നാളും കഴിഞ്ഞവര്‍ഷത്തതിനേക്കാള്‍ നന്നാവൂല എന്നെനിക്കുറപ്പുണ്ട്.....പിന്നെ നോമ്പ് കഴിയാത്തതുകൊണ്ടും ഈ വര്‍ഷത്തെ പെരുന്നാളിന് ഇനിയും ദിവസങ്ങള്‍ ബാക്കിയുള്ളതുകൊണ്ടും ഞാന്‍ കഴിഞ്ഞ വര്‍ഷത്തെ പെരുന്നാള്‍ അനുഭവം പറയാം......നിങ്ങളൊക്കെ പോയി ഞാന്‍ ഒറ്റക്കായ ആദ്യ പെരുന്നാളായിരുന്നു കഴിഞ്ഞകൊല്ലത്തെ ചെറിയ പെരുന്നാള്‍.....ആ പെരുന്നാളിന് ഉറങ്ങാനും ഉണരാനും കഴിയാത്ത ആകെക്കൂടി  മൂടിക്കെട്ടിയ ഒരവസ്ഥയിലായിരുന്നു..ഞാന്‍....ആകെ സുഹൃത്തുക്കളെന്നു (മനസ്സില്‍) പറയാന്‍കഴിയുന്നതായി നാട്ടില്‍ ആരും ബാക്കിയുണ്ടായിരുന്നില്ല എന്നു വേണം പറയാന്‍.......എന്നാലും പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ്, വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം മാത്രം വീണുകിട്ടുന്ന സൗഭാഗ്യനിമിഷത്തില്‍ തമ്മില്‍ ചിരിക്കാന്‍ മറക്കുന്നവരെപ്പോലും സലാം ചൊല്ലി മുസാഫഹത്ത് ചെയ്ത് കെട്ടിപ്പിടിച്ച് മനസ്സു കൊണ്ട് വല്ലാതെ സന്തോഷിച്ചു...പിന്നെ ഉച്ചവരെ വീടുകള്‍ കയറിയിറങ്ങി...ഉച്ചപിരിഞ്ഞപ്പോള്‍  നേരത്തേ കൂടെ നടന്നവര്‍ അവരവരുടെ ഭാര്യമാരെയും കൂട്ടി 'വീട്ടിലേക്ക്' പോയി.
(അവരെക്കെ നേരത്തെ കല്യാണം കഴിച്ചിക്കേനും..ഞാന്‍ പിന്നെ പ്രായമാകാത്തത്‌കൊണ്ടും മറ്റും........'അല്ലേലും കല്യാണംന്ന് വെച്ചാല്‍ ജീവിതത്തിലെ ഒരു മഹാസംഭവമൊന്നുമല്ല') ഞാന്‍ മീത്തല്‍വയല്‍ ടൗണില്‍ ഓര്‍മ്മപ്പെരുന്നാളിന്റെ പൊടിപിടിച്ച് പരിയേക്കാന്റെ പീടികക്ക് സമീപം കണ്ണൂട്ടി കെരട്ട്‌പ്പോയ പയ്യിനെ പോലെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.......പെരുന്നാളുച്ചക്ക് പെരുമഴ പെയ്തപോലെ എന്ന് പറയാറേ ഉണ്ടായിരുന്നുള്ളൂ പക്ഷേ എന്റെ ആഘോഷം അവിടെ തീര്‍ന്നു.  ഒറ്റപ്പെടലിന്റെ പെരുമഴയില്‍ നനഞ്ഞുകുതിര്‍ന്ന ഞാന്‍ പള്ളിയില്‍ നിന്നും ളുഹറും അസറും (ജമാഅത്തായിറ്റ് തന്നെ) നിസ്‌കരിച്ച് എന്റെ പൊരേലേക്ക് പോയി...പെരുന്നാളിന്റെ ചരിത്രത്തിലാദ്യമായി നേരമിരുട്ടും മുമ്പേ പൊരേല് തിരിച്ചെത്തിയ എന്നെ കണ്ട് ഉമ്മയും മറ്റും ചോദിച്ചു...'ഇഞ്ഞേടേം പോയിക്കില്ലേ..?..'ഞാനൊന്നും  മിണ്ടിയില്ല.  പകരം ഇങ്ങനെ പറഞ്ഞു. 'ഞാന്‍ ഗള്‍ഫില്‍ പോവ്വ്വാണ്....'പുതിയ പേന്റും കുപ്പായവുമിട്ട് വീട്ടിന്റെ കോലായിലിരുന്ന് ഞാന്‍ ജീവിതത്തില്‍ കഴിഞ്ഞുപോയ നല്ല പെരുന്നാള്‍പകലുകള്‍ അയവിറക്കി.............എന്റെ കണ്ണു നിറഞ്ഞുപോയി........അങ്ങനെ എല്ലാരും സന്തോഷിക്കുന്ന ദിവസം ഞാന്‍ വല്ലാതെ സങ്കടപ്പെട്ടു.......സാരമില്ല.  തീര്‍ച്ചയായും ഒരു പ്രയാസത്തിന് ഒരു എളുപ്പമുണ്ട് എന്ന് ഖുര്‍ആന്‍ ഓര്‍മ്മിപ്പിക്കുന്നു. ബിയോണ്ട് ദി വെയ്ല്‍ ഓഫ് ഈച് നൈറ്റ് ദേര്‍ ഈസ് എ സ്‌മൈലിങ് ഡോണ്‍..(ഏത് ഇരുള്‍മൂടിയ രാത്രിക്കു പിന്നിലും പുഞ്ചരിക്കുന്നൊരു പ്രഭാതമുണ്ട്) എന്ന് ഖലീല്‍ ജിബ്രാന്‍ എഴുതിവെച്ചിരിക്കുന്നു. ഇനിയൊരു പെരുന്നാളു കൂടി ഏകാന്തതയ്ക്കു 'ബലി' കൊടുക്കാതിരിക്കാന്‍ എത്രയും പെട്ടന്ന് (അടുത്തത് ബലിപെരുന്നാളാണല്ലോ) ഞാന്‍ കടല്‍ കടന്നിരിക്കും...എന്നു ഞാന്‍ മനസ്സില്‍ കണക്കുകൂട്ടി.....ഇപ്പോളറിയുന്നു...നമ്മുടെ കണക്കുകളൊക്കെയും തെറ്റാനുള്ളതാണ്....തെറ്റിത്തെറ്റി ഇല്ലാണ്ടാവാനുള്ളതാണ്......തെറ്റാത്ത കണക്ക് റബ്ബുല്‍ ആലമീന്റെ കയ്യിലാണ്.....അതു പോലെ മാത്രേ നടക്കൂ...എല്ലാം...........ഇതൊന്നും പറയാനും കേള്‍ക്കാനും ആരുമില്ലായിരുന്നു...അതുകൊണ്ടാ ഞാനിപ്പൊ ഇതൊക്കെ ഓര്‍ത്തെടുത്ത് ഇങ്ങനെ കുത്തിക്കുറിക്കുന്നത്......
    പിന്നെ നിങ്ങളുടെയൊക്കെ ജോലിയില്‍ സുഖമായിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു...... കഴിഞ്ഞ പെരുന്നാളിന് ഒരു സുഹൃത്ത് വിളിച്ചപ്പോള്‍ സുഖമാണെന്നും മനസ്സമാധാനം മാത്രം ഇല്ലെന്നും പറഞ്ഞു...എന്താണ് ഒരു പ്രവാസിയുടെ മനസ്സമാധനാത്തിന് ഭംഗം വരുത്തുന്നതെന്നെനിക്ക് പൂര്‍ണ്ണമായും അറിയില്ല...... കടലിനക്കരെ ജോലി ചെയ്യുന്ന എല്ലാവുരടെയും പ്രശ്‌നമാണോ, അതോ നാടും വീടും ഓര്‍മ്മയില്‍ നൊമ്പരപ്പെടുത്തിയിട്ടാണോ..ഒന്നുമെനിക്കറിയില്ല ...ഞാനൊരിക്കലും ഗള്‍ഫില്‍ ജോലി ചെയ്തിട്ടില്ലല്ലോ...അലാ ബിദിക്‌രില്ലാഹി തത്മഇന്നുല്‍ ഖുലൂബ്...(ദൈവ സ്മരണ കൊണ്ട് ഹൃദയങ്ങള്‍ ശാന്തമാകുന്നു.)  എല്ലാം പടച്ചോനില്‍ ഭരമേല്‍പിക്കണം.  അവനില്‍ എല്ലാത്തിനും ശാന്തിയുണ്ട്.  ഇടക്കൊക്കെ ഉമ്മാനെ വിളിക്കണം....മനസ്സറിയുന്ന കൂട്ടുകാരെ വിളിക്കണം......ഇത്രയൊക്കെയല്ലേ ഇക്കരെയിരുന്ന്‌കൊണ്ട് എനിക്കെഴുതാനും പറയാനും ചെയ്യാനുമൊക്കെ കഴിയുള്ളൂ....
    സീ യു. നെക്സ്റ്റ്.  തല്‍ക്കാലം ഞാന്‍ നിര്‍ത്തട്ടെ ...വായിച്ചതും വായിക്കാതെ പോയതും, പറഞ്ഞതും പറയാതെ പോയതും ഒക്കെ മനസ്സിലുണ്ടാവണം...ജോലിത്തിരക്കൊഴിഞ്ഞ് നേരം കിട്ടുകയാണെങ്കില്‍ (നിര്‍ബന്ധമായും) മറുപടി എഴുതണം....
    സ്‌നേഹത്തോടെ, സ്വന്തം സാദിഖ്.

എന്നോ കാലം മായ്ച്ചുകളഞ്ഞു
സ്‌നേഹമൂറും ചിത്രങ്ങള്‍...
എങ്ങോ
ദൂരെ പോയിമറഞ്ഞു
മേഘംപോലെ മോഹങ്ങള്‍....

Friday, March 25, 2011

ബോംബ് വീണ് മുറിവേറ്റ നാദാപുരത്തിന്റെ മനസ്സിന്...          'നിങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവൃത്തിച്ചാലും ഇല്ലെങ്കിലും പൊട്ടാറായൊരു ബോംബ് നിഴലുപോലെന്നും നിങ്ങളെ പിന്തുടരുന്നുണ്ട്'!  ശുദ്ധരാഷ്ട്രീയത്തിന്റെ നല്ല കാലങ്ങള്‍ മറന്ന നമുക്ക് നാദാപുരത്തു നിന്നും വായിച്ചെടുക്കാനാവുന്നത് ഇങ്ങനെയാണ്.  സുരക്ഷിതമായ കുടുംബജീവിതത്തിന് ഒരു വീട്ടില്‍ ഒരു ബോംബെങ്കിലും വേണമെന്നായിരിക്കുന്നു നാദാപുരത്തിന്റെ ഇന്നത്തെ ചുറ്റുപാടുകള്‍.  ഉത്സവങ്ങള്‍ക്ക് മേനി കൂട്ടാന്‍ അമിട്ട് പൊട്ടിക്കുന്നതുപോലെ സമാധാനക്കമ്മറ്റികളുടെ എണ്ണം കൂട്ടാന്‍ ബോംബുകള്‍ നിര്‍ത്താതെ പൊട്ടുന്നു.  തൊട്ടതിനും പിടിച്ചതിനുമെല്ലാം കമ്മറ്റികള്‍ കൂടിക്കൂടി 'സമാധാനം' എന്ന വാക്കിനു തന്നെ സമാധാനം ഇല്ലാതായിരിക്കുന്നു.  വെറുതെ പാവം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നേതാക്കള്‍ ഒത്തു കൂടി അതിന് 'സമാധാനക്കമ്മിറ്റി' എന്നു പേരും കൊടുത്ത് ചായയും ബിസ്‌കറ്റും കഴിച്ച് സമാധാനത്തോടെ പിരിഞ്ഞുപോകുന്നു.  അപ്പോഴും 'സമാധാനം' എന്ന വാക്ക്  പുറംലോകം കാണാനാകാതെ നിഘണ്ടുവില്‍ കിടന്ന് വീര്‍പ്പുമുട്ടുന്നു.  അന്നു രാത്രി വഴിപാടുപോലെ വീണ്ടും പൊട്ടുന്നു ബോംബ്. 
               ഇതിന് ഒരു മാറ്റം വേണമെങ്കില്‍ നാദാപുരത്തിന്റെ മനസ്സു മാറണം.  പ്രശ്‌നങ്ങളുടെ തുടക്കത്തില്‍ ഒരു പോസ്റ്റര്‍ കീറുന്നത് 'മാര്‍കിസ്റ്റ് - ലീഗ്' എന്ന പേരിലാണെങ്കില്‍, രാത്രി ഇരുട്ടില്‍ ബോംബ് പൊട്ടുമ്പോഴേക്കും അത് 'ഓലും - ഞമ്മളും' ആയി മാറുന്നു.  നേതാക്കന്‍മാര്‍ക്ക് അത് രാഷ്ട്രീയമാണെങ്കില്‍ അണികള്‍ക്ക് വര്‍ഗ്ഗീയമാണ്.  പക്ഷേ അന്വേഷിച്ചാല്‍ അറിയാം സത്യം!  കലാപത്തിന്റെ അണിയറയില്‍ അണികള്‍ക്കു മാത്രമല്ല നേതാക്കള്‍ക്കും വര്‍ഗ്ഗീയ മനസ്സാണെന്ന്.  അതുകൊണ്ടായിരിക്കാം എത്രയെത്ര കമ്മറ്റികള്‍ കൂടിയിട്ടും 'സമാധാനം' എന്ന വാക്ക് പ്രവൃത്തിയിലെത്തുമ്പോള്‍ 'അസമാധാനം' എന്നാവുന്നത്...ബോംബുകള്‍ വീടുകള്‍ക്കുമേല്‍ വീണ്ടും വീണ്ടും വീണു പൊട്ടുന്നത്....
                     ഗ്രാമങ്ങളുടെ ഉള്‍പ്രദേശങ്ങളില്‍ സ്‌ഫോടനവും നിലവിളിയും ഉയരുമ്പോള്‍ സമാധാനം സമാധാനം എന്ന് ഒച്ച വെച്ച് നേതാക്കന്‍മാര്‍ ഒത്തുകൂടേണ്ടത് ടി.ബി.യിലും കലക്‌ട്രേറ്റ് ഓഫീസിലുമല്ല.  മറിച്ച് ഗ്രാമത്തിലേക്കിറങ്ങണം.  നാദാപുരത്ത് പ്രശ്‌നമുണ്ടാവുമ്പോള്‍ സമാധാനക്കമ്മറ്റിയില്‍ പങ്കെടുക്കേണ്ടത് ജില്ലാ നേതാവല്ല.  പകരം പ്രാദേശിക നേതാക്കളെ പങ്കെടുപ്പിക്കണം.  സമാധാന ദൂതുമായി പാര്‍ട്ടി മറന്ന്, കൊടി മറന്ന് വീടുകള്‍ കയറിയിറങ്ങണം.  ഗ്രാമങ്ങളുടെ ഹൃദയങ്ങളില്‍ സൗഹാര്‍ദ്ദാന്തരീക്ഷം ഉണ്ടാക്കണം.  പത്രങ്ങളില്‍ സമാധാനക്കമ്മറ്റിയെ കുറിച്ച് വലിയ അക്ഷരത്തില്‍ വാര്‍ത്ത വന്നതു കൊണ്ടു കാര്യമായില്ല, കലാപങ്ങള്‍ കൊണ്ട് മുറിവേറ്റ സാധാരണ മനുഷ്യരുടെ മനസ്സുകളില്‍ വേണം സമാധാനത്തിന്റെ വിത്തുകള്‍ പാകാന്‍....സമാധാനത്തിനുള്ള ശ്രമങ്ങള്‍ സ്വന്തം വീട്ടില്‍ നിന്നു തുടങ്ങണം.  പാര്‍ട്ടി ഓഫീസുകളില്‍- നമ്മളൊക്കെ മനുഷ്യരാണെന്നും, എവിടെ നിന്നായാലും ഉയരുന്നത് മനുഷ്യന്റെ സങ്കടങ്ങളാണെന്നും, നിലവിളികള്‍ക്ക് എപ്പൊഴും ഒരേ സ്വരമാണെന്നും ഉള്ള തിരിച്ചറിവ് നല്‍കുന്ന പ്രസംഗങ്ങള്‍ ഉണ്ടാവണം.  അണികളെ തിരുത്താന്‍ നേതാക്കള്‍ ആത്മാര്‍ത്ഥത കാണിക്കണം.  നേതാക്കളുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ അണികള്‍ക്ക് ധൈര്യം പകരണം.  എത്ര വലിയ രാഷ്ട്രീയ പ്രതിയോഗിയാണെങ്കിലും അപരന്റെ കണ്ണീരില്‍ ആഹ്ലാദപ്രകടനങ്ങള്‍ നടത്തുകയെന്ന അത്യന്തം നീജവും മനുഷ്യത്വ രഹിതവുമായ പ്രവണതകള്‍ പാടേ തുടച്ചു നീക്കണം.  പാര്‍ട്ടി സ്‌നേഹവും സമുദായ സ്‌നേഹവും തമ്മില്‍ കൂട്ടിക്കുഴക്കാതെ ആരോഗ്യകരമായൊരു രാഷ്ട്രീയാന്തരീക്ഷം വീണ്ടെടുത്ത് തിരിച്ചറിവിലൂടെയും തിരുത്തിലൂടെയും, കലാപ കലുഷിതമായ നാദാപുരത്തിന്റെ ആകാശം നമുക്ക് വീണ്ടെടുക്കണം.  ദൈവം അനുഗ്രഹിക്കട്ടെ.

എങ്ങോട്ട്...?

രാവിലെ
പുറപ്പെടാനൊരുങ്ങിയപ്പോള്‍
അമ്മ ചോദിച്ചു
നീയെങ്ങോട്ടാ..?
അത് അമ്മയുടെ
സ്‌നേഹമായിരുന്നു...
ഉച്ചയ്ക്ക്
ഊണു കഴിഞ്ഞ്
പുറത്തിറങ്ങമ്പോള്‍
ഭാര്യ മുരണ്ടു
നിങ്ങളെങ്ങോട്ടാ...?
ഒരു ഭാര്യയുടെ
അവകാശത്തിന്റെ മുരള്‍ച്ച...
വൈകുന്നേരം
പണിയൊക്കെ കഴിഞ്ഞ്
അങ്ങാടിയിലേക്കിറങ്ങുമ്പോള്‍
മകളാരാഞ്ഞു
അച്ഛനെങ്ങോട്ടാ...?
ഈ പ്രായത്തിന്
ഒരു കരുതല്‍...
ഒടുക്കം
ശ്വാസം നിലച്ച്
വെള്ള പുതച്ചെടുക്കുമ്പോള്‍
അടക്കിപ്പിടിച്ചൊരു ചോദ്യം
ഇയാളെങ്ങോട്ടാ...?
............

അഞ്ചു പാഠങ്ങള്‍

ജീവിതം
കണ്ണില്‍ തിളങ്ങുന്ന
തീക്കട്ടയും,
തലയില്‍ പൂക്കുടയുമായ്
അവന്‍...
ഒരു വേള
പെയ്തു തീരാത്തൊരു
തേങ്ങലായ്...
മറ്റൊരിക്കല്‍
മയില്‍പ്പീലികള്‍ കണക്കെ
ആയിരം വര്‍ണ്ണങ്ങള്‍ തീര്‍ത്ത്....

സ്വപ്നങ്ങള്‍
ജീവിതത്തീലേക്കിറങ്ങിപ്പോയ
ജീവനില്ലാത്ത വേരുകള്‍...
ശബ്ദഘോഷങ്ങള്‍ നിറഞ്ഞ
ഈ ലോകത്ത്
ഏറെ പണിപ്പെട്ട്
അമര്‍ത്തിപ്പിടിച്ച
ഒരു ഗദ്ഗദം പോലെ....

സ്‌നേഹം
വരുമെന്ന്
പലവട്ടം പറഞ്ഞിട്ടും
ഇനിയുമെത്തിച്ചേരാത്ത
അതിഥിയെപ്പോലെ.....,
വരണ്ടുണങ്ങിയ സ്വപ്നങ്ങളുടെ
അഴിയാക്കുരുക്കില്‍പെട്ട്
വിടരാന്‍ മടിക്കുന്ന
പുഞ്ചിരി....
അനുഭവങ്ങളുടെ
പൊള്ളുന്ന ചാട്ടവാറടിയില്‍
ഇനിയുമെത്ര.....?
''എപ്പോഴൊക്കെ സ്‌നേഹത്തെക്കുറിച്ച്
എഴുതാന്‍ ഞാന്‍ ശ്രമിച്ചുവോ,
അപ്പോഴൊക്കെ എന്റെ പേന
രണ്ടായിപ്പിളരുകയും
കടലാസ് കീറിപ്പോവുകയും ചെയ്തു'' #ജലാലുദ്ദീന്‍ റൂമി

അവള്‍
എന്റെ കരളിലുണ്ട്,
ഇരു മിഴികള്‍ക്കിടയില്‍...
കവിളില്‍...
ഇന്നും കിനാവുകള്‍ തുന്നി...
പാതി ഹൃദയത്തിലും
പാതി വാക്കിലും
മുറിഞ്ഞു കിടപ്പുണ്ട്...
കവിതയെഴുതുമ്പോള്‍
കടലാസിനും
തൂലികയ്ക്കും മദ്ധ്യേ
നിശബ്ദമായ് തേങ്ങുന്നുണ്ട്
അവളുടെ ഓര്‍മ്മകള്‍...
സിരകളില്‍, ലയിച്ചതും....
ലയിക്കാതെ പോയതും.....
എന്നും
ഓര്‍മ്മകളാണ് സുഖം!

മരണം
ജീവിതത്തിന്റെ
കിതപ്പുകള്‍ക്ക്
ഇനി വിശ്രമം...
പിന്നില്‍
ഇത്തിരിയെങ്കിലും
കണ്ണുനീര്‍ ബാക്കിയാക്കി
കാലങ്ങള്‍ക്കപ്പുറം
ഓര്‍മ്മയറ്റ്
മണ്ണിന്റെ സാന്ദ്രതയിലൂടെ
ഒരായിരമീണങ്ങളായ്....
ആണ്ടുകളുടെ
പകലറുതിയില്‍
മറ്റൊരു സൂര്യനായ്.......
ഓരോ കണ്ടുമുട്ടലുകളിലും
മരണത്തിന്റെ ഭാഷ
മുറിയാത്ത മൗനം....

Friday, March 18, 2011

കോന്തലയ്ക്കല്‍ കെട്ടിയ പിന്നെയും പിന്നെയും മധുരിക്കുന്നൊരു നെല്ലിക്ക.

പാട്ടോര്‍മ്മ:

ഞാനും യേശുദാസും ഒരുമിച്ചു പാടിയിട്ടുണ്ട്! അതെങ്ങിനെയെന്നു ചോദിച്ചാല്‍, യേശുദാസ് റേഡിയോയില്‍ പാടുമ്പോള്‍ കേള്‍ക്കുന്ന ഞാന്‍ ഒപ്പം പാടും!! ഇത് പഴയൊരു തമാശ.  പക്ഷേ, ഏതൊരു തമാശയിലുമുണ്ടാവും ഇത്തിരിയെങ്കിലും കാര്യം എന്നതുപോലെ എന്നെ സംബന്ധിച്ചിടത്തോളം തമാശയ്ക്കപ്പുറം ഇത് വലിയൊരു കാര്യമാണ്.  ചുരുക്കിപ്പറഞ്ഞാല്‍  ഒരു പാട്ട് ആസ്വദിക്കണമെങ്കില്‍ എനിക്കത് കേള്‍ക്കുന്നതോടൊപ്പം പാടുകയും വേണം.
കോളേജില്‍ പഠിക്കുന്ന കാലത്ത് ഇംഗ്ലീഷ് കവികളില്‍ ഏറ്റവും ഇഷ്ടം പി.ബി. ഷെല്ലിയോടായിരുന്നു.  യാഥാസ്തികതക്കെതിരെ പോരാടിയ, ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അങ്ങേയറ്റം സ്‌നേഹിച്ച, വ്യവസ്ഥാപിത ചട്ടക്കൂടുകളുടെ മുള്ളുവേലികള്‍ പൊളിച്ചെറിഞ്ഞ അദ്ദേഹത്തിന്റെ പ്രശസ്ഥമായൊരു ഉദ്ധരണിയുണ്ട്. "Our sweetest songs are those, that tell of saddest thought". ശരിക്കും പറഞ്ഞാല്‍ ഇത് കൊണ്ട് കവി ഉദ്ധേശിച്ചത്; 'കേള്‍വിക്കാരന്റെ സങ്കടങ്ങള്‍ പാടുന്ന പാട്ടുകളാണ് കേള്‍ക്കാന്‍ മാധുര്യമുള്ളതാവുക' എന്നാണ്.  പക്ഷേ, കവിത എഴുതിക്കഴിഞ്ഞാല്‍ കവി മരിക്കുന്നു എന്നും ബാക്കിയാകുന്ന കവിത പിന്നെ വായനക്കാരന്റേതാണെന്നും പണ്ടേതോ ഒരു നിരൂപകന്‍ പറഞ്ഞതു പ്രകാരം ഞാനതിന് എന്റേതായൊരു വ്യാഖ്യാനം കൊടുത്തു.  'അവനവനു വേണ്ടി അവനവന്‍ പാടുന്ന പാട്ടകളാണ് ലോകത്തിലേറ്റവും സുന്ദരമായ പാട്ടുകള്‍' എന്ന്. അതുകൊണ്ടുതന്നെ നമുക്കിഷ്ടപ്പെട്ട പാട്ടുകള്‍ ഏറ്റവും നന്നായി ആസ്വദിക്കണമെങ്കില്‍ നമ്മളു തന്നെ മൂളണം.  ഒരു യേശുദാസ് പാടിയാലും അതത്രയ്ക്കങ്ങ് മധുരിക്കില്ല.  ദൈവാനുഗ്രഹം കൊണ്ട് (എനിക്ക് പാടാനുള്ള കഴിവില്ലെങ്കിലും) പാടുന്നത് മറ്റുള്ളവര്‍ക്ക് അലോസരമുണ്ടാവാത്ത രൂപത്തില്‍ പാടാനുള്ള മാധുര്യമൊക്കെ എന്റെ ശബ്ദത്തിനുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നൊരു പാമരനാം പാട്ടുകാരനാണു ഞാന്‍.  പക്ഷേ, സുഹൃത്തുക്കള്‍ പലവട്ടം നിര്‍ബന്ധിക്കുമ്പോഴും അറിയാതെയെങ്കിലും പാടിപ്പോവാതിരിക്കാന്‍  ഞാന്‍ പ്രത്യകം ശ്രദ്ധിക്കുമായിരുന്നു. 'പാടിയ പാട്ടുകളേക്കാള്‍ പാടാത്ത പാട്ടുകള്‍ക്കാണ് മധുരം' എന്ന കീറ്റ്‌സിന്റെ വരികള്‍ മനസ്സിലുള്ളതുകൊണ്ടു തന്നെ സുഹൃത്തുക്കളുടെ സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധിക്കലുകള്‍ ഞാന്‍ തന്ത്രപരമായി മറ്റൊരു സമയത്തേക്കു മാറ്റിവെക്കും.  അറിയാതെയെങ്ങാന്‍ പാടിപ്പോയാല്‍ തീര്‍ന്നില്ലേ എല്ലാം.  'ഇവന്‍ പാടും' എന്ന വിശ്വാസം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴില്ലേ.!  പക്ഷേ, ബിരുദ പഠനത്തിന്റെ അവസാനവര്‍ഷംത്തിലെ അവസാന ദിവസം എനിക്കു പാടേണ്ടിവന്നു.  സത്യം പറഞ്ഞാല്‍, പാടാന്‍ വേണ്ടിയല്ല ഞാനന്നു പാടിയത്, പാടാതിരിക്കാന്‍ വയ്യാത്തതുകൊണ്ടാണ്.  മനസ്സിന്റെ എല്ലാ കണ്‍ട്രോളും താക്കോലും കൈവിട്ടുപോയ ആ വിടപറയല്‍ നേരത്ത് കല്ലാച്ചി ദ്രോണാചാര്യ കോളേജിന്റെ വളരെച്ചെറിയ ആ ക്ലാസ്മുറിയില്‍ ഇടറിയ സ്വരത്തില്‍ ഞാന്‍ പാടിയ ആ പാട്ട്, അതുവരെ ഒരു ക്രിത്രിമച്ചിരിക്കു പിന്നിലെവിടെയോ കണ്ണീരൊളിപ്പിച്ച് മിണ്ടാതിരുന്ന പലരിലും ഗദ്ഗദമുയര്‍ത്തിയെന്ന് ഞാനറിയുന്നുണ്ടായിരുന്നു. 
'യാത്രയാകുമീ ഹേമന്തം
നിലാവില്‍ മുങ്ങി നില്‍ക്കുമ്പോള്‍
ദേവദൂതരോ പാടുന്നു
വിലോല ലോല സംഗീതം....
........വെറുതെ വെറുതെ ഹൃദയം തഴുകി
ആരാരുമാറിയാത്തൊരനുരാഗമാം നൊമ്പരം....'
ആ പാട്ടുകേള്‍ക്കുമ്പോള്‍ അറിയാതെന്റെ മനസ്സ് ഇന്നും ആ ക്ലാസ്മുറിയിലേക്കോടിച്ചെല്ലും. 
പാട്ടോര്‍മ്മയില്‍ മറ്റൊരു പാട്ടുകൂടിയുണ്ട് എനിക്കു പങ്കുവെക്കാന്‍.  ആസ്വാദ്യമനസ്സില്‍ എന്നും
ഗൃഹാതുരത്വത്തിന്റെ നോവുകളുണര്‍ത്തിയ-
'ഓത്തുപള്ളീലന്നു നമ്മള്‍
പോയിരുന്ന കാലം
ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തു-
നില്‍ക്കയാണു നീലമേഘം....'
ഇന്നും പുതുമണം മാറാത്ത ഈയൊരു പാട്ടിന്റെ ഇഴപിരിച്ചുള്ള നിരൂപണമല്ല ഞാനിവിടെ ഉദ്ദേശിക്കുന്നത്.  എന്റെ പേരു തന്നെ ആ പാട്ടിനോട് ചേര്‍ത്തുവിളിക്കപ്പെട്ട കഥയെക്കുറിച്ചാണ്.  ഏതൊരു മലയാളിയേയും പോലെ ആ പാട്ട് എനിക്കും പെരുത്തിഷ്ടമായിരുന്നു.  പ്രത്യേകിച്ച് അതിലെ 'ഉപ്പുകൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്നു...' എന്ന വരി.  ഉപ്പിനും പച്ചമാങ്ങയ്ക്കുമിടിയില്‍ കുട്ടിക്കാലം പടര്‍ന്നുപന്തലിച്ച പഴയകാലത്തെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാത്ത പുതുതലമുറയുടെ തിരക്കുപിടിച്ച പാച്ചിലിനിടക്കും ഈ വരിയുടെ പച്ചപ്പ് വല്ലാത്തതാണ്.
ഡിഗ്രി കഴിഞ്ഞ് ബി.എഡിനു പഠിക്കുന്ന കാലം.  പാഠ്യേതര മേഖലയില്‍ എല്ലാവരും അവരവരുടേതായ എന്തെങ്കിലും 'നമ്പറുകള്‍' ഇറക്കേണ്ടത് കോഴ്‌സിന്റെ ഭാഗവും ഇന്റേണല്‍ മാര്‍ക്കിന് അത്യാവശ്യവുമായിരുന്നു. കോളേജിലെ ആര്‍ട്‌സ്‌ഫെസ്റ്റിന്റെ തലേദിവസം.  'എന്റെ വക എന്ത്'   എന്ന് ആലേചിച്ച് നടക്കുമ്പോഴാണ് 'ഓത്തുപള്ളി' യുടെ കരോക്കെ ഡിസ്‌ക് കിട്ടുന്നത്.  വി.ടി. മുരളി പാടി മനോഹരമാക്കിയ ആ പാട്ട് ഞാന്‍ കരോക്കെയുടെ സഹായത്താല്‍ പാടാന്‍ ശ്രമിച്ചു.  എത്ര ശ്രമിച്ചിട്ടും ഞാന്‍ പാടുന്നത് മ്യൂസിക്കിനൊപ്പമാവുന്നില്ല.  എന്റെ പാട്ടിനൊപ്പം മ്യൂസിക്കിന് എത്താനാവുന്നില്ല എന്നു പറയുന്നതാവും ശരി.  പക്ഷേ ഒരു വാശിപ്പുറത്ത് അന്നു രാത്രി ഞാന്‍ മ്യൂസിക്കിനൊപ്പം പാടിപ്പഠിച്ചു.
പിറ്റേറ്റ് വിറച്ചുകൊണ്ട് ഞാന്‍ സ്റ്റേജില്‍ കയറി.  പാടാനറിയുന്ന കിളികള്‍ മാത്രം പാടിയാല്‍ പോരല്ലോ; അങ്ങനെയായിരുന്നെങ്കില്‍ നമ്മുടെ കാടുകളൊക്കെ പണ്ടെന്നോ നിശബ്ദമായിപ്പോകുമായിരുന്നില്ലേ! എന്ന തോന്നല്‍ എനിക്ക് ധൈര്യം തന്നു.  ജീവിതത്തില്‍ ആദ്യമായിട്ടാണ് പാട്ടുപാടാനായി സ്റ്റേജില്‍ കയറുന്നത്.  മ്യൂസിക് വരുന്ന ഭാഗങ്ങളും, മ്യൂസികും പാട്ടും ഒരുമിച്ചു വരുന്ന ഭാഗങ്ങളും കൃത്യമായി എഴുതിയും വരച്ചും വെച്ച ഒരു കടലാസ് എന്റെ കയ്യിലുണ്ടായിരുന്നു.  ആസ്വാദനത്തിന്റെ പുതുഭാഷയില്‍ ഞാന്‍ കണ്ണുമടച്ച് മനം നിറഞ്ഞുപാടി.  പാടിക്കഴിഞ്ഞപ്പോള്‍ നിറഞ്ഞ കയ്യടി.  'പാട്ട് നന്നായി', എല്ലാവരും തോളില്‍തട്ടി പറഞ്ഞു.  എന്നിലുമുണ്ടായിരുന്നു ഉറങ്ങിക്കിടക്കുന്നൊരു പാട്ടുകാരന്‍ എന്ന് ഞാനും തെല്ലിട ആഹ്ലാദിക്കാതിരുന്നില്ല.  നടാടെ പാട്ടിയ ആ പാട്ട് നന്നായപ്പോള്‍ 'ഞമ്മളെ ഓത്തുപള്ളി' എന്ന് പലരും സ്‌നേഹത്തോടെ കളിയാക്കിത്തുടങ്ങി.  അങ്ങനെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇന്റേണല്‍ മാര്‍ക്കിലേക്ക് ഈ 'ഓത്തുപള്ളി' എനിക്കൊരു കൈത്താങ്ങായി.
മറ്റൊരു പാട്ടും ഞാന്‍ പാടിയാല്‍ നന്നാകില്ല എന്ന തോന്നലുകൊണ്ടോ, വേറൊന്ന് പാടാനുള്ള ധൈര്യമില്ലാത്തതുകൊണ്ടോ എന്താണെന്നറിയില്ല, പിന്നീട് കിട്ടിയ പല വേദികളിലും ഞാനെന്റെ 'ഓത്തുപള്ളി'യെ ഓര്‍ത്തുകൊണ്ടേയിരുന്നു. 
ഇപ്പോഴും, പാട്ടുകേള്‍ക്കുക എന്നതിനപ്പുറം പാട്ടുപാടുക എന്ന തോന്നലുണ്ടാവുമ്പോള്‍ എന്റെ മനസ്സില്‍ ഓടിയെത്തുക 'ഓത്തു പള്ളി'യിലെ മൊല്ലാക്കയും ചൂരലും നെല്ലിക്കയുമൊക്കെയാണ്.  ഇനിയുമൊരുപാട് പാട്ടുകള്‍ പാടിപ്പഠിച്ചാസ്വദിക്കണമെന്നുണ്ട്.  പക്ഷേ, പാടാനോര്‍ത്തരാ മധുരിത ഗാനങ്ങളൊന്നും പാടാനെനിക്കിതേവരെ ധൈര്യം മതിയായിട്ടില്ല.  നിറയെ പാട്ടുകള്‍ പൂത്തുലഞ്ഞ കാലമെങ്കിലും നിറയാത്തതാവുന്നു എന്റെ പാട്ടുപെട്ടി.
If winter comes can spring be far behind..?

ജീവിതം

(കവി എ. അയ്യപ്പന്...)

എത്ര ദൂരമെന്നില്ല
കിഴക്കില്ല പടിഞ്ഞാറില്ല.
പച്ച, ചുവപ്പ്, നീല
നിറങ്ങളേതുമില്ല.
രാവില്ല
പകലില്ല.
ഉടുപ്പില്ല
കിടപ്പില്ല.
കിണറില്ല
കടലില്ല.
വീടില്ല
തൊടിയില്ല.
കനവില്ല, നിനവില്ല.
ഓര്‍മ്മയില്‍ സ്‌നേഹമര്‍മ്മരമില്ല.
ഇടക്ക്, കവിത പൂക്കുന്ന കണ്ണീരുമാത്രം....

അയല്‍പക്കം


സമയം രാത്രി 2 മണി.  നാടുറങ്ങിയിട്ടും
കരീമിന്റെ വീട്ടില്‍ ഇതുവരെ ലൈറ്റണഞ്ഞിട്ടില്ല.  
പെട്ടന്നൊരു ശബ്ദം...ഒരു കൂട്ടക്കരച്ചില്‍....
കാതോര്‍ത്തപ്പോള്‍ അയല്‍വീട്ടില്‍ നിന്നാണ്.
കരീം ചാടിയെഴുന്നേറ്റ് ശബ്ദം കേട്ട 'ാഗത്തേക്ക്
ഓടാനൊരുങ്ങുകയാണ്. 
വാതില്‍ തുറക്കാനോങ്ങിയ അവന്റെ പിന്നില്‍ ഒരു പിടുത്തം. 
പതിഞ്ഞ സ്വരം: “എന്താന്നറിയാന്‍ ഇപ്പത്തന്നെ പോണംന്നില്ല. 
നേരം ബെള്ക്കട്ടെ, മാധ്യമത്തിലോ മനോരമേലോ ണ്ടാവും....'
ഒന്നു കുതറാന്‍ ശ്രമിച്ചെങ്കിലും കരീം അനുസരണയോടെ
കട്ടിലില്‍ ചേര്‍ന്നു കിടന്നു.
ഒരട്ടഹാസവും അവരുടെ രാത്രിയെ ശല്യപ്പെടുത്തിയില്ല.!

ഒരാമുഖക്കുറിപ്പ്


റബ്ബുല്‍ ആലമീനായ തമ്പുരാന്റെ അതിവിശാലമായ ഈ ഭൂമിയില്‍ എല്ലാ പടപ്പുകള്‍ക്കുമുണ്ട് അവനവന്റേതായ ഒരിടം.  അന്വേഷിച്ച് കണ്ടെത്തുന്നതുവരെ ആ ഒരിടം നമ്മുടെ കാഴ്ചയില്‍ നിന്നും അകന്നു തന്നെ നില്‍ക്കും.  അത്രയൊന്നും വിശാലത അവകാശപ്പെടാനില്ലാത്ത ഇത്തിരിപ്പോന്നൊരീ ജീവിതത്തില്‍ സാമൂഹ്യപരമായും പ്രകൃതിപരമായും 'തന്റേതായ ഒരിടം' കണ്ടെത്തുമ്പോഴാണ് ഒരാള്‍ ശരിക്കും തന്റേടിയാവുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു, മനസ്സിലാക്കുന്നു.  ഇടപെടലുകളുടെ സാഹിത്യത്തിലും ഭാഷയിലും എനിക്കുമുണ്ട് എന്റേതായ ഒരു അര സെന്റ്.  ഭാഷയും ആശയവും ആരോഗ്യവും ഫലപ്രദമായും സമയബന്ധിതമായും ഉപയോഗിക്കുമ്പോഴാണല്ലോ ഒരാള്‍ സാമൂഹ്യജീവിതത്തില്‍ ഇടപെടുന്നു എന്നു പറയാനാവുക.  കാഴ്ചയില്‍ നിന്നും ഒളിച്ചുകളിക്കുന്ന ആ ഒരിടത്തെ വ്യക്തമായ കാഴ്ചപ്പാടോടെ ജീവിതത്തോടു ചേര്‍ത്തുപിടിച്ച് നടന്നു തുടങ്ങുമ്പോള്‍ മടികൂടാതെ (നെഞ്ചുവിരിച്ച്) എനിക്കു പറയാം ഞാനും ലക്ഷണമൊത്തൊരു 'തന്റേടി'യാണെന്ന്.!   ആ 'ഒരിട'മാണ് ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ വരച്ചുവെക്കുന്നത്. 
തികച്ചും എന്റേതു മാത്രമായ ഈയൊരു ലോകത്ത്, ഈയൊരിടത്തില്‍ വളരെ സ്വകാര്യമായിത്തന്നെ ഞാന്‍ ഞാനാവാന്‍ ശ്രമിക്കും.  അതുകൊണ്ടുതന്നെ പോരായ്മകള്‍ ഏറെ കാണും.  ഇവിടെ വായിക്കപ്പെടുന്നത് എന്റെ മാത്രം തോന്നലുകളായിരിക്കും.  ആ തോന്നലുകള്‍ അക്ഷരക്കൂട്ടങ്ങളായൊരുങ്ങെ പലപ്പോഴും നിങ്ങളതില്‍ ജീവിതം കണ്ടേക്കാം....ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍...കാണാക്ഷതങ്ങള്‍...ഭാരങ്ങള്‍ പേറും ദേശാടനങ്ങള്‍...അടഞ്ഞുപോയ വാതായനങ്ങള്‍...അകന്നുപോയ തീരങ്ങള്‍..മോഹങ്ങള്‍ മോഹഭംഗങ്ങള്‍....പ്രതീക്ഷകള്‍ സ്വപ്നങ്ങള്‍....പ്രണയം സൗഹൃദം....പിന്നെയുമെന്തൊക്കെയോ....! ഒത്തിരിയൊന്നും ഇടമില്ലാത്ത ഈ 'ഒരിട'ത്തിലേക്ക് അക്ഷരങ്ങളെ സ്‌നേഹിക്കുന്ന, വളര്‍ച്ചയുടെ വഴികളില്‍ വാക്കുകൊണ്ടെങ്കിലും ഒരു കൈ സഹായിക്കാന്‍, സാഹിത്യപാതയിലെ ആര്‍ദ്രസുഗന്ധം തിരിച്ചറിയുന്നാരിളം കാറ്റുപോലെ പ്രിയ വായനക്കാരാ.......കാണാത്ത നോവിന്റെ ആഴങ്ങളിലേക്കൊരു കണ്ണായ് കൂടെ നിങ്ങളുമുണ്ടാവണം.

ഉടയതമ്പുരാന്‍ അനുഗ്രഹിക്കട്ടെ.

GRAMAM...

thirike vilikkunnu gramam...