Friday, March 25, 2011

ബോംബ് വീണ് മുറിവേറ്റ നാദാപുരത്തിന്റെ മനസ്സിന്...          'നിങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവൃത്തിച്ചാലും ഇല്ലെങ്കിലും പൊട്ടാറായൊരു ബോംബ് നിഴലുപോലെന്നും നിങ്ങളെ പിന്തുടരുന്നുണ്ട്'!  ശുദ്ധരാഷ്ട്രീയത്തിന്റെ നല്ല കാലങ്ങള്‍ മറന്ന നമുക്ക് നാദാപുരത്തു നിന്നും വായിച്ചെടുക്കാനാവുന്നത് ഇങ്ങനെയാണ്.  സുരക്ഷിതമായ കുടുംബജീവിതത്തിന് ഒരു വീട്ടില്‍ ഒരു ബോംബെങ്കിലും വേണമെന്നായിരിക്കുന്നു നാദാപുരത്തിന്റെ ഇന്നത്തെ ചുറ്റുപാടുകള്‍.  ഉത്സവങ്ങള്‍ക്ക് മേനി കൂട്ടാന്‍ അമിട്ട് പൊട്ടിക്കുന്നതുപോലെ സമാധാനക്കമ്മറ്റികളുടെ എണ്ണം കൂട്ടാന്‍ ബോംബുകള്‍ നിര്‍ത്താതെ പൊട്ടുന്നു.  തൊട്ടതിനും പിടിച്ചതിനുമെല്ലാം കമ്മറ്റികള്‍ കൂടിക്കൂടി 'സമാധാനം' എന്ന വാക്കിനു തന്നെ സമാധാനം ഇല്ലാതായിരിക്കുന്നു.  വെറുതെ പാവം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നേതാക്കള്‍ ഒത്തു കൂടി അതിന് 'സമാധാനക്കമ്മിറ്റി' എന്നു പേരും കൊടുത്ത് ചായയും ബിസ്‌കറ്റും കഴിച്ച് സമാധാനത്തോടെ പിരിഞ്ഞുപോകുന്നു.  അപ്പോഴും 'സമാധാനം' എന്ന വാക്ക്  പുറംലോകം കാണാനാകാതെ നിഘണ്ടുവില്‍ കിടന്ന് വീര്‍പ്പുമുട്ടുന്നു.  അന്നു രാത്രി വഴിപാടുപോലെ വീണ്ടും പൊട്ടുന്നു ബോംബ്. 
               ഇതിന് ഒരു മാറ്റം വേണമെങ്കില്‍ നാദാപുരത്തിന്റെ മനസ്സു മാറണം.  പ്രശ്‌നങ്ങളുടെ തുടക്കത്തില്‍ ഒരു പോസ്റ്റര്‍ കീറുന്നത് 'മാര്‍കിസ്റ്റ് - ലീഗ്' എന്ന പേരിലാണെങ്കില്‍, രാത്രി ഇരുട്ടില്‍ ബോംബ് പൊട്ടുമ്പോഴേക്കും അത് 'ഓലും - ഞമ്മളും' ആയി മാറുന്നു.  നേതാക്കന്‍മാര്‍ക്ക് അത് രാഷ്ട്രീയമാണെങ്കില്‍ അണികള്‍ക്ക് വര്‍ഗ്ഗീയമാണ്.  പക്ഷേ അന്വേഷിച്ചാല്‍ അറിയാം സത്യം!  കലാപത്തിന്റെ അണിയറയില്‍ അണികള്‍ക്കു മാത്രമല്ല നേതാക്കള്‍ക്കും വര്‍ഗ്ഗീയ മനസ്സാണെന്ന്.  അതുകൊണ്ടായിരിക്കാം എത്രയെത്ര കമ്മറ്റികള്‍ കൂടിയിട്ടും 'സമാധാനം' എന്ന വാക്ക് പ്രവൃത്തിയിലെത്തുമ്പോള്‍ 'അസമാധാനം' എന്നാവുന്നത്...ബോംബുകള്‍ വീടുകള്‍ക്കുമേല്‍ വീണ്ടും വീണ്ടും വീണു പൊട്ടുന്നത്....
                     ഗ്രാമങ്ങളുടെ ഉള്‍പ്രദേശങ്ങളില്‍ സ്‌ഫോടനവും നിലവിളിയും ഉയരുമ്പോള്‍ സമാധാനം സമാധാനം എന്ന് ഒച്ച വെച്ച് നേതാക്കന്‍മാര്‍ ഒത്തുകൂടേണ്ടത് ടി.ബി.യിലും കലക്‌ട്രേറ്റ് ഓഫീസിലുമല്ല.  മറിച്ച് ഗ്രാമത്തിലേക്കിറങ്ങണം.  നാദാപുരത്ത് പ്രശ്‌നമുണ്ടാവുമ്പോള്‍ സമാധാനക്കമ്മറ്റിയില്‍ പങ്കെടുക്കേണ്ടത് ജില്ലാ നേതാവല്ല.  പകരം പ്രാദേശിക നേതാക്കളെ പങ്കെടുപ്പിക്കണം.  സമാധാന ദൂതുമായി പാര്‍ട്ടി മറന്ന്, കൊടി മറന്ന് വീടുകള്‍ കയറിയിറങ്ങണം.  ഗ്രാമങ്ങളുടെ ഹൃദയങ്ങളില്‍ സൗഹാര്‍ദ്ദാന്തരീക്ഷം ഉണ്ടാക്കണം.  പത്രങ്ങളില്‍ സമാധാനക്കമ്മറ്റിയെ കുറിച്ച് വലിയ അക്ഷരത്തില്‍ വാര്‍ത്ത വന്നതു കൊണ്ടു കാര്യമായില്ല, കലാപങ്ങള്‍ കൊണ്ട് മുറിവേറ്റ സാധാരണ മനുഷ്യരുടെ മനസ്സുകളില്‍ വേണം സമാധാനത്തിന്റെ വിത്തുകള്‍ പാകാന്‍....സമാധാനത്തിനുള്ള ശ്രമങ്ങള്‍ സ്വന്തം വീട്ടില്‍ നിന്നു തുടങ്ങണം.  പാര്‍ട്ടി ഓഫീസുകളില്‍- നമ്മളൊക്കെ മനുഷ്യരാണെന്നും, എവിടെ നിന്നായാലും ഉയരുന്നത് മനുഷ്യന്റെ സങ്കടങ്ങളാണെന്നും, നിലവിളികള്‍ക്ക് എപ്പൊഴും ഒരേ സ്വരമാണെന്നും ഉള്ള തിരിച്ചറിവ് നല്‍കുന്ന പ്രസംഗങ്ങള്‍ ഉണ്ടാവണം.  അണികളെ തിരുത്താന്‍ നേതാക്കള്‍ ആത്മാര്‍ത്ഥത കാണിക്കണം.  നേതാക്കളുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ അണികള്‍ക്ക് ധൈര്യം പകരണം.  എത്ര വലിയ രാഷ്ട്രീയ പ്രതിയോഗിയാണെങ്കിലും അപരന്റെ കണ്ണീരില്‍ ആഹ്ലാദപ്രകടനങ്ങള്‍ നടത്തുകയെന്ന അത്യന്തം നീജവും മനുഷ്യത്വ രഹിതവുമായ പ്രവണതകള്‍ പാടേ തുടച്ചു നീക്കണം.  പാര്‍ട്ടി സ്‌നേഹവും സമുദായ സ്‌നേഹവും തമ്മില്‍ കൂട്ടിക്കുഴക്കാതെ ആരോഗ്യകരമായൊരു രാഷ്ട്രീയാന്തരീക്ഷം വീണ്ടെടുത്ത് തിരിച്ചറിവിലൂടെയും തിരുത്തിലൂടെയും, കലാപ കലുഷിതമായ നാദാപുരത്തിന്റെ ആകാശം നമുക്ക് വീണ്ടെടുക്കണം.  ദൈവം അനുഗ്രഹിക്കട്ടെ.

7 comments:

 1. ആരും ഇതുവരെ ബോംബ് പോട്ടിച്ചില്ലെ…!
  എന്നാൽ കിടക്കട്ടെ ഒരെണ്ണം. ഠോ‍ാ‍ാ))))

  ReplyDelete
 2. പാര്‍ട്ടി ഓഫീസുകളില്‍ നമ്മളൊക്കെ
  മനുഷ്യരാണെന്നും, എവിടെ നിന്നായാലും
  ഉയരുന്നത് മനുഷ്യന്റെ സങ്കടങ്ങളാണെന്നും,
  നിലവിളികള്‍ക്ക് എപ്പൊഴും ഒരേ സ്വരമാണെന്നും
  ഉള്ള തിരിച്ചറിവ് നല്‍കുന്ന പ്രസംഗങ്ങള്‍ ഉണ്ടാവണം.
  നല്ലൊരു പോസ്റ്റ്‌. ആശംസകള്‍...

  ReplyDelete
 3. ഇടപെടലുകളുടെ സാഹിത്യത്തിലും ഭാഷയിലും അര സെന്റു വാങ്ങിച്ചിട്ട് എന്താ നിനക്കും അവിടെ ബോംബു പൊട്ടിക്കാനാണോ പരിപാടി. (നാദാപുരത്തിനടുത്തു തന്നെയാണല്ലോ നീയും)..

  അതു വിട്.., നല്ല ലേഖനം. ആശംസകള്‍. ഇടയ്ക്കൊക്കെ നമ്മളെയും സന്ദര്‍ശിക്കുക. ഇനിയുമുണ്ടാകട്ടെ, നിന്റെ ശക്തമായ ഇടപെടലുകള്‍.

  മുഹമ്മദ് ശമീം
  നാവ്
  ദിശ

  ReplyDelete
 4. തങ്ങള്‍ സുരക്ഷിതരാണ്‌ എന്ന് സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ തോന്നാത്തിടതോളം കാലം ഈ ഒരു പ്രവണത തുടരുക തന്നെ ചെയ്യും.

  ReplyDelete
 5. nannai mone nannai idapedanm ingane allenkil rashtreeykar nammude nadu pottichum katthichum thheerkum....


  keep it up

  may allah bless with his peace..

  ReplyDelete
 6. . കൊള്ളാം ..എന്റെ ആശംസകള്‍ . നമ്മുടെ നാട്ടിലെ മനുഷ്യന്മാരുടെ ( പ്രത്യേകിച്ചും പ്രാദേശിക നേതാക്കളുടെ ) ഇടുങ്ങിയ ചിന്തഗതിയെകുരിച്ചു നാല് വരി കുറിച്ചതിന്

  ReplyDelete
 7. samadhanathinte 1000 sentukal nadapurath undavatte

  ReplyDelete

GRAMAM...

thirike vilikkunnu gramam...