Friday, March 25, 2011

അഞ്ചു പാഠങ്ങള്‍

ജീവിതം
കണ്ണില്‍ തിളങ്ങുന്ന
തീക്കട്ടയും,
തലയില്‍ പൂക്കുടയുമായ്
അവന്‍...
ഒരു വേള
പെയ്തു തീരാത്തൊരു
തേങ്ങലായ്...
മറ്റൊരിക്കല്‍
മയില്‍പ്പീലികള്‍ കണക്കെ
ആയിരം വര്‍ണ്ണങ്ങള്‍ തീര്‍ത്ത്....

സ്വപ്നങ്ങള്‍
ജീവിതത്തീലേക്കിറങ്ങിപ്പോയ
ജീവനില്ലാത്ത വേരുകള്‍...
ശബ്ദഘോഷങ്ങള്‍ നിറഞ്ഞ
ഈ ലോകത്ത്
ഏറെ പണിപ്പെട്ട്
അമര്‍ത്തിപ്പിടിച്ച
ഒരു ഗദ്ഗദം പോലെ....

സ്‌നേഹം
വരുമെന്ന്
പലവട്ടം പറഞ്ഞിട്ടും
ഇനിയുമെത്തിച്ചേരാത്ത
അതിഥിയെപ്പോലെ.....,
വരണ്ടുണങ്ങിയ സ്വപ്നങ്ങളുടെ
അഴിയാക്കുരുക്കില്‍പെട്ട്
വിടരാന്‍ മടിക്കുന്ന
പുഞ്ചിരി....
അനുഭവങ്ങളുടെ
പൊള്ളുന്ന ചാട്ടവാറടിയില്‍
ഇനിയുമെത്ര.....?
''എപ്പോഴൊക്കെ സ്‌നേഹത്തെക്കുറിച്ച്
എഴുതാന്‍ ഞാന്‍ ശ്രമിച്ചുവോ,
അപ്പോഴൊക്കെ എന്റെ പേന
രണ്ടായിപ്പിളരുകയും
കടലാസ് കീറിപ്പോവുകയും ചെയ്തു'' #ജലാലുദ്ദീന്‍ റൂമി

അവള്‍
എന്റെ കരളിലുണ്ട്,
ഇരു മിഴികള്‍ക്കിടയില്‍...
കവിളില്‍...
ഇന്നും കിനാവുകള്‍ തുന്നി...
പാതി ഹൃദയത്തിലും
പാതി വാക്കിലും
മുറിഞ്ഞു കിടപ്പുണ്ട്...
കവിതയെഴുതുമ്പോള്‍
കടലാസിനും
തൂലികയ്ക്കും മദ്ധ്യേ
നിശബ്ദമായ് തേങ്ങുന്നുണ്ട്
അവളുടെ ഓര്‍മ്മകള്‍...
സിരകളില്‍, ലയിച്ചതും....
ലയിക്കാതെ പോയതും.....
എന്നും
ഓര്‍മ്മകളാണ് സുഖം!

മരണം
ജീവിതത്തിന്റെ
കിതപ്പുകള്‍ക്ക്
ഇനി വിശ്രമം...
പിന്നില്‍
ഇത്തിരിയെങ്കിലും
കണ്ണുനീര്‍ ബാക്കിയാക്കി
കാലങ്ങള്‍ക്കപ്പുറം
ഓര്‍മ്മയറ്റ്
മണ്ണിന്റെ സാന്ദ്രതയിലൂടെ
ഒരായിരമീണങ്ങളായ്....
ആണ്ടുകളുടെ
പകലറുതിയില്‍
മറ്റൊരു സൂര്യനായ്.......
ഓരോ കണ്ടുമുട്ടലുകളിലും
മരണത്തിന്റെ ഭാഷ
മുറിയാത്ത മൗനം....

1 comment:

  1. തേങ്ങുകയാണ് ഈ മാതൃ ഹൃദയം ...
    നെഞ്ചില്‍ ഒമാനിക്കാനുള്ള വെമ്പലുകള്‍ കത്തിയെരിഞ്ഞ്‌ കൊണ്ടിരിക്കുന്നു ...
    ജനനത്തിനു ശേഷം മരണമെന്ന പ്രപന്ജ സത്യം തെറ്റിയപോള്‍ ,
    കണ്ണുകള്‍ നീരുരവകളായി . . .

    സഹയാത്രികരുടെ കുഞ്ഞുങ്ങളെ താലോലിച്ചു ഈ ദൂരമത്രയും പിന്നിട്ടു ,
    ഇനിയുള്ള ദൂരം , ഈ ജീവിത യാത്രയില്‍ ? ? ?
    സ്വപ്‌നങ്ങള്‍ നിദ്രകളില്‍ മാത്രമായി ഒതുങ്ങി ജീവിച്ചു . . .
    ഒരു കുഞ്ഞു ജനിക്കനയുള്ള കാത്തിരിപ്പാകുന്നു എന്‍ ജീവിതം . .

    അതെ ... പ്രണയം എനിക്ക് ജനിക്കാതെ പോയ കുഞ്ഞാണ് ,
    വെറും ഒരു " ചാപിള്ള "

    http://mirshadk1988.blogspot.com/2010/08/chaapilla.html

    ReplyDelete

GRAMAM...

thirike vilikkunnu gramam...