Thursday, March 17, 2016

സന്തോഷം വരുന്ന വഴി...

ദൈവം തന്റെ ഒരു പാവം അടിമയെ സന്തോഷിപ്പിക്കാൻ ഉദ്ദേശിച്ചാൽ ആദ്യം അവന്റെ പ്രിയപ്പെട്ട വല്ലതും നഷ്ടപ്പെടുത്തും. എന്നിട്ട്‌ തിരച്ചിലിന്റെ ബേജാറു നിറഞ്ഞ മണിക്കൂറുകൾക്കോ ദിവസങ്ങൾക്കോ ശേഷം, അത്‌ അടിമക്ക് തിരിച്ചെടുത്തുകൊടുക്കും. അങ്ങനെ, മണ്ണിൽ ആ അടിമയും വിണ്ണിൽ അവന്റെ റബ്ബും സന്തോഷിക്കും. പറഞ്ഞുവരുന്ന കാര്യം മറ്റൊന്നുമല്ല. ഇന്ന് എനിക്കും കിട്ടി അതുപോലെ സന്തോഷിക്കാനൊരവസരം. തിരുവനന്തപുരം പാളയം പള്ളിയിൽ നിസ്കരിക്കാൻ പോയ എന്റെ വാച്ച്‌ അവിടെ, അംഗശുദ്ധി വരുത്താനിരിക്കുന്ന സ്ഥലത്ത്‌ വെച്ചു മറന്നു. എല്ലാം കഴിഞ്ഞ്‌, മഗ്‌രിബ്‌ ജമാഅതിനും ഇശാ ജമാഅതിനും ശേഷം വീട്ടിലെത്താറായപ്പോഴാണു കയ്യിന്റെ കനമില്ലായ്മ എന്റെ ശ്രദ്ധയിൽ പെടുന്നത്‌. 'ന്റെ റബ്ബേ വാച്ച്‌...' ബേജാറോടെ ഞാൻ പള്ളിയിലേക്ക്‌ തിരിച്ചു
നടന്നു. 'ഏട്ടൻ എന്നെ കൊല്ല്വല്ലോ..അൻവർക്ക ഗൾഫീന്ന് കൊണ്ടത്തന്ന വാച്ചാ. അധിക ദിവസം ആയിട്ടില്ല. മാത്രമല്ല വലിയ വിലയുള്ള വാച്ചാ..(Hublot-Geneva വിലയുടെ കാര്യത്തിൽ സംശയമുള്ളവർക്ക്‌ ഗൂഗിളിൽ സെർച്ചു ചെയ്യാം..!) എന്റെ മനസ്സു വല്ലാണ്ടായി.  തിരിച്ചുകിട്ടണേ എന്ന പ്രാർത്ഥനയുമായി പള്ളിയിലെത്തിയ ഞാൻ ആദ്യം വാച്ചു വെച്ചു മറന്ന സ്ഥലത്തു നോക്കി. കാണാനില്ല.  പിന്നെ ഞാൻ പള്ളിയിലെ സെക്യൂരിറ്റിയെ അന്വേഷിച്ചു. അയാൾ അന്ന് ലീവാണെന്നാണറിയാൻ കഴിഞ്ഞത്‌. പിന്നെയുള്ളത്‌ മുക്രിയുസ്താദാണു. അദ്ദേഹം പുറത്തു പോയിരിക്കുന്നു.  ഞാൻ ശരിക്കും വല്ലാതായി.  അത്‌ പോയോ റബ്ബേ...! കണ്ണൂട്ടി കെരട്ടിൽ പോയ പയിനെ പോലെ പാളയം പള്ളീന്റെ മുറ്റത്ത്‌ ഞാൻ അലഞ്ഞു നടന്നു.  മുക്രി ഉസ്താദ്‌ വരുന്നതും കാണുന്നില്ല. ഒരു പരിചയക്കാരനെ കണ്ടപ്പോൾ ഞാൻ കാര്യം പറഞ്ഞു.  അവനാണു പറഞ്ഞത്‌ 'കമ്മിറ്റി റൂമിൽ ആളുണ്ടാവും അവിടെയൊന്ന് ചോദിക്ക്‌' എന്ന്. പ്രതീക്ഷയോടെ ഞാൻ ആ മുറിയിലേക്ക്‌ പടികൾ കയറി. രണ്ടുപേർ അവിടെ ഇരുന്ന് കമ്പ്യൂട്ടറിൽ എന്തോ ചെയ്യുന്നുണ്ട്‌. ഞാൻ സലാം പറഞ്ഞു.  കാര്യം പറഞ്ഞപ്പോൾ അവർ അടയാളം ചോദിച്ചു.  ഞാൻ കമ്പനിയുടെ പേരു പറഞ്ഞു വലിയ വിലയുടേതാണെന്നും. 'കയറി വാ' ഞാൻ‌ അകത്തേക്ക്‌ വിളിക്കപ്പെട്ടു.  മാശാഅല്ലാഹ്‌. എന്റെ വാച്ചതാ ആ ഓഫീസിലെ പുസ്തകങ്ങൾക്കിടയിൽ ഉടമസ്ഥനായ‌ എന്നെയും കാത്തിരിക്കുന്നു.  എന്റെ മനസ്സ്‌ ഉച്ചത്തിൽ അല്ലാഹുവിന് സ്തുതി പറഞ്ഞു. അൽ...ഹംദുലില്ലാഹ്‌...! വാച്ചു കയ്യിൽ കിട്ടി..! അതു ഞാൻ കയ്യിൽ കെട്ടി..!! കളഞ്ഞുകിട്ടിയത്‌ ഓഫീസിൽ ഏൽപിച്ച ആ നല്ല മനുഷ്യൻ ആരെന്നറിയില്ല. ആ അപരിചിതമുഖം ഞാൻ നന്ദിയോടെ ഓർത്തു. പള്ളിക്കമ്മിറ്റിയുടെ നിയമപ്രകാരം റെസീറ്റു ബുക്കിൽ '....കിട്ടി ബോധിച്ചു' എന്ന് പേരെഴുതു ഒപ്പിട്ട്‌ ഞാൻ സസന്തോഷം ഇറങ്ങി നടന്നു.  പാളയം പള്ളിയുടെ വെള്ള മിനാരങ്ങൾക്കിടയിലൂടെ നിലാവു ചിരിക്കുന്ന ആകാശത്തേക്ക്‌ നോക്കി ഞാൻ ഒരിക്കല്ല്ക്കൂടി മന്ത്രിച്ചു.. അൽഹംദുലില്ലാഹ്‌..!

No comments:

Post a Comment

GRAMAM...

thirike vilikkunnu gramam...